കല്‍പ്പറ്റ: സംസ്ഥആന അണ്ടര്‍ 20 ഫുട്ബേള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ കാസര്‍ഗോഡിന് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി മലപ്പുറം ഫൈനലില്‍ പ്രവേശിച്ചു. വ്യാഴാഴ്ച നടക്കുന്ന കലാശപ്പോരില്‍ ആഥിതേയരായ വയനാട് ആണ് മലപ്പുറത്തിന്റെ എതിരാളികള്‍. ആവേശമുറ്റി നിന്ന രണ്ടാം സെമിഫൈനലില്‍ ഇരുടീമുകളും മികച്ച നീക്കങ്ങളിലൂടെ കളംപിടിക്കാനുള്ള ശ്രമങ്ങളിലായിരുന്നു.
കാസര്‍ഗോഡ് ഗോള്‍മുഖത്തേക്ക് നിരന്തരം ഇരച്ചെത്തിയ മലപ്പുറത്തിന്റെ മുന്നേറ്റ നിര ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടു കൊണ്ടേയിരുന്നു. എന്നാല്‍ ആദ്യപകുതിയില്‍ 40-ാം മിനുട്ടിലെ മുന്നേറ്റം ഗോളില്‍ കലാശിച്ചു. ഇടതുവിങില്‍ നിന്നും ലഭിച്ച ക്രോസ് മധ്യനിരതാരം എം.കെ അര്‍ജുന്‍ പോസ്റ്റിലേക്ക് തട്ടിയിട്ട് മലപ്പുറത്തെ മുന്നിലെത്തിക്കുകയായിരുന്നു. തുടര്‍ന്നുള്ള മിനിറ്റുകളിലും മലപ്പുറം ഗോളിനായി ശ്രമിച്ചെങ്കിലും കാസര്‍ഗോഡിന്റെ പ്രതിരോധനിര പിടിച്ചു നിന്നു. രണ്ടാം പകുതിയില്‍ മുന്നേറ്റങ്ങള്‍ കനപ്പിച്ച് മലപ്പുറം കാസര്‍കോട് ഗോള്‍മുഖത്ത് ആശങ്ക സൃഷ്ടിച്ചു. 65-ാം മിനുട്ടില്‍ കാസര്‍ഗോഡിന്റെ മുന്നേറ്റം കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി മലപ്പുറം.
ചില കൗണ്ടറുകള്‍ക്ക് ശ്രമിച്ച കാസര്‍ഗോഡിന് മലപ്പുറത്തിന്റെ പകുതിയില്‍ വെച്ച് പന്ത് നഷ്ടമായിക്കൊണ്ടിരുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം മുന്നേറ്റങ്ങളുമായി കാസര്‍ഗോഡ് കളം നിറഞ്ഞതോടെ മത്സരം ആവേശത്തിലായി. മത്സരത്തിന്റെ അവസാന മിനുട്ടുകളില്‍ സമനില ലക്ഷ്യമിട്ട് കാസര്‍ഗോഡ് ആക്രമണം കടുപ്പിച്ചെങ്കിലും മലപ്പുറത്തിന്റെ പ്രതിരോധമതിലില്‍ തട്ടി വിഫലമായി.