തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിടാന്‍ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്. കോളേജില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി നടപടി. അക്രമ പ്രവര്‍ത്തനങ്ങളുടെ പേരില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഐഎമ്മിന് വടിയെടുക്കേണ്ടി വരുന്നത് ഇതാദ്യമല്ല. പത്തിലധികം തവണയാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ വിവിധ കാരണങ്ങളാല്‍ എസ്എഫ്‌ഐ യൂണിറ്റിറ്റ് കമ്മിറ്റി പിരിച്ചു വിട്ടിട്ടുള്ളത്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം ഒടുവിലത്തേത് മാത്രമാണ്. എസ്എഫ്‌ഐ നടത്തുന്ന അതിക്രമങ്ങളുടെ ഫലമായി അടുത്ത കാലത്ത് കോളേജില്‍ നിന്ന് പഠിത്തം നിര്‍ത്തി പോകേണ്ടി വന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഏകദേശം 200ലേറെ വരും. സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവുമെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
യൂണിവേഴ്‌സിറ്റി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ലക്ഷദ്വീപ് സ്വദേശിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റല്‍ മുറിയിലിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ സംഘടനയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് ഇന്നലെ കമ്മിറ്റി ഒന്നാകെ പിരിച്ചുവിട്ടത്. രണ്ടാം വര്‍ഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്. എസ്എഫ്‌ഐയിലെ തന്നെ അംഗമാണ് മര്‍ദ്ദനമേറ്റ മുഹമ്മദ് അനസും. പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ മര്‍ദ്ദിച്ചുവെന്നുമാണ് മുഹമ്മദ് അനസിന്റെ പരാതി. ഇതിനു പിന്നാലെ മര്‍ദ്ദനമേറ്റ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ സഹായിച്ചെന്ന് ആരോപിച്ച് മറ്റൊരു വിദ്യാര്‍ഥിയെക്കൂടി എസ്എഫ്ഐ സംഘം മര്‍ദിച്ചത്. ഇതില്‍ പ്രതികളായ ആദില്‍, ആകാശ്, അമീഷ്, കൃപേഷ് എന്നിവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് എസ്എഫ്ഐ പുറത്താക്കിയിരുന്നു. കോളേജില്‍ എസ്എഫ്‌ഐക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥി പരാതിയില്‍ പറയുന്നു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. മുഖത്തും ചെവിക്കും പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി.
എസ്എഫ്‌ഐക്കാരന് നേരെ തന്നെ നടത്തിയ മറ്റൊരു അതിക്രമത്തിലൂടെയാണ് കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പിഎസ്‌സി നിയമന വിവാദം പുറത്ത് വരുന്നത്. ഈ വിവാദത്തിന്റെ ഉറവിടം തന്നെ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ ആണ്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തും സെക്രട്ടറി നസീമും ചേര്‍ന്ന് കുത്തി വീഴ്ത്തുന്നു. കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഇവരുടെ തനിനിറം പുറത്ത് വരുന്നത്. ശിവരഞ്ജിത്തിന് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷക്ക് ഒന്നാം റാങ്ക്. നസീമിന് 28-ാം റാങ്ക്. കാസര്‍ഗോഡ് ജില്ല അപേഷിച്ച ഇവര്‍ക്ക് സെന്റര്‍ യൂണിവേഴ്സിറ്റി കോളേജ്. എങ്ങനെയാണ് ഇവര്‍ക്ക് റാങ്ക് കിട്ടിയത് എന്നതിന്റെ അന്വേഷണം പരീക്ഷാ ഹാളില്‍ വരെ മൊബൈല്‍ ഉപയോഗിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചതിലേക്ക് വരെ എത്തി. യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ച് വലിയ തോതില്‍ ലഹരി ഉപയോഗവും മറ്റ് അരാജകത്വ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന വിവരവും പുറത്ത് വന്നു.
യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അക്രമസംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയാണെന്ന് കുത്തേറ്റ് ചികിത്സയിലായിരുന്ന അഖില്‍ ചന്ദ്രന്‍ അന്ന് വെളിപ്പെടുത്തിയിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് ഓഫീസ് പേടിപ്പെടുത്തുന്ന ഇടിമുറിയാണ്. ഇവിടെയിട്ട് പലരെയും നേതാക്കള്‍ മര്‍ദിച്ചിട്ടുണ്ട്. പ്രിന്‍സിപ്പലിനു പോലും ഒന്നും ചെയ്യാനാവാത്ത സ്ഥിതിയായിരുന്നു. പാര്‍ട്ടി പരിപാടികള്‍ക്ക് പോകാതിരിക്കുന്നവരെയും എതിര്‍ത്ത് സംസാരിക്കുന്നവരെയുമെല്ലാം എസ്എഫ്‌ഐ നേതാക്കള്‍ ഇടിമുറിയില്‍ കൊണ്ടുവന്ന് ക്രൂരമായി മര്‍ദിക്കും. പരാതിപ്പെടാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു വിദ്യാര്‍ഥികള്‍ – അന്ന് അഖില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് അനസ് മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കുന്നത്. 2019 ഓഗസ്റ്റില്‍ നിന്ന് 2024 ഡിസംബറിലെത്തുമ്പോഴും ഒന്നും മാറിയിട്ടില്ലെന്ന് അര്‍ത്ഥം.
2019ല്‍ തന്നെ കോളേജ് ഹോസ്റ്റലില്‍ വെച്ച് കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച എസ്എഫ്‌ഐ നേതാവ് എട്ടപ്പന്‍ എന്ന വിളിപ്പേരുള്ള മഹേഷിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പത്ത് വര്‍ഷത്തോളമായി ഇയാള്‍ ക്യാംപസില്‍ കറങ്ങി നടക്കുകയാണെന്നായിരുന്നു അന്ന് കെഎസ്യുവിന്റെ ആരോപണം. ഇത്തരത്തില്‍ പഠിച്ചിറങ്ങി കാലങ്ങള്‍ കഴിഞ്ഞിട്ടും അവിടെ തുടരുന്നവരുണ്ട്. അവരെ പുറത്താക്കാനോ ഹോസ്റ്റലിലെ അനാവശ്യമായ ഇടപെടല്‍ അവസാനിപ്പിക്കാനോ അധികൃതകര്‍ക്ക് കഴിഞ്ഞിട്ടില്ല.യൂണിയന്‍ ഭാരവാഹികളുടെ പീഡനം സഹിക്കാനാവാതെ വന്നതോടെ യൂണിവേഴ്സിറ്റി കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതും ഏതാണ്ട് ഇതേ കാലയളവില്‍ പുറത്ത് വന്ന സംഭവമാണ്. കയ്യിലെ ഞരമ്പ് മുറിച്ച പെണ്‍കുട്ടി മുറിവ് ആഴത്തിലല്ലാത്തതിനാല്‍ മാത്രമാണ് രക്ഷപ്പെട്ടത്. കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ എസ്എഫ്ഐക്കാരെ പേരെടുത്ത് പറഞ്ഞ് പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ടായിരുന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തന്നെ ഇടപെടേണ്ടി വന്നിട്ടുള്ള ഒന്നിലേറെ സംഭവങ്ങള്‍ കോളേജില്‍ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. ലഹരി വിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും റാലി കഴിഞ്ഞതിന് ശേഷം കോളേജില്‍ തമ്പടിച്ച് മദ്യപിച്ച് നൃത്തം ചെയ്യുന്ന ചില ദൃശ്യങ്ങള്‍ എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം പുറത്ത് വന്നിരുന്നു. അതിന് പിന്നാലെ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന ഒരു നേതാവിനെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിലേക്കടക്കം കാര്യങ്ങളെത്തിയിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ടുള്ള ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് എം വി ഗോവിന്ദന്‍ ജില്ലാ സെക്രട്ടറിയായ വി ജോയിയോട് പറഞ്ഞത് ഇങ്ങനെയാണ് – യൂണിവേഴ്‌സിറ്റി കോളേജിലെയും ഹോസ്റ്റലിലെയും അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ വി ജോയ് നേരിട്ട് അവിടെ പോകണം. ഒന്നും നടക്കുന്നില്ലെങ്കില്‍ തല്ലിയൊതുക്കിയെങ്കിലും കാര്യങ്ങള്‍ നേരെയാക്കാനുള്ള ഇടപെടല്‍ നടത്തണം. സംസ്ഥാന സെക്രട്ടറി തന്നെ ഇടപെട്ടിട്ടും യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ അതിക്രമത്തിനിപ്പോഴും ഒരു മാറ്റവുമില്ലെന്നതിന്റെ തെളിവാണ് പുതിയ നടപടി. തെരഞ്ഞെടുപ്പിലടക്കം എസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുന്നു എന്ന വിലയിരുത്തല്‍ വന്നിട്ടും തിരുത്തി മുന്നോട്ട് പോകാന്‍ സംഘടനയ്ക്കായിട്ടില്ല.
മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ ഉള്‍പ്പടെ പഠിച്ചിറങ്ങിയ കലാലയമാണ്. കേരളത്തിനകത്തും പുറത്തുമെല്ലാം ഉന്നതമായ പദവികള്‍ അലങ്കരിക്കുന്ന നിരവധി ആളുകളെ സംഭാവന ചെയ്തിട്ടുള്ള കോളേജ് ആണ്. അക്കാദമിക മികവും മികച്ച അധ്യാപകരും ഇപ്പോഴും കോളേജിലുണ്ട്. എന്നിരുന്നാലും കലാലയത്തിന്റെ പേര് ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത് ഇത്തരത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ പേരിലാണ് എന്നത് സങ്കടകരമാണ്.