Sunday, December 22, 2024
Homeഇന്ത്യവിദ്വേഷ പ്രസംഗം: ജസ്റ്റിസ് യാദവ് ഖേദപ്രകടനം നടത്തണമെന്ന് കൊളീജിയം ആവശ്യപ്പെട്ടതായി സൂചന.

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് യാദവ് ഖേദപ്രകടനം നടത്തണമെന്ന് കൊളീജിയം ആവശ്യപ്പെട്ടതായി സൂചന.

ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങില്‍ പങ്കെടുത്ത് നടത്തിയ വിവാദപ്രസംഗത്തിന് പരസ്യമായ ഖേദപ്രകടനം നടത്താന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനോട് സുപ്രീംകോടതി കൊളീജിയം ആവശ്യപ്പെട്ടതായി സൂചന. വിവാദം എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ പരസ്യ ഖേദപ്രകടനം ആവശ്യമാണെന്ന് കൊളീജിയം യാദവിനോട് പറഞ്ഞതായാണ് സൂചന. അതേസമയം തന്റെ വാക്കുകള്‍ യഥാര്‍ത്ഥ അര്‍ഥത്തില്‍ എടുത്തില്ലെന്ന് പൊതുവേദിയില്‍ വ്യക്തമാക്കാമെന്നാണ് ജസ്റ്റിസ് എസ്.കെ. യാദവ് സുപ്രീംകോടതി കൊളീജിയത്തെ അറിയിച്ചത്.

വിശ്വഹിന്ദു പരിഷത്ത് സംഘടപ്പിച്ച യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ഡിസംബര്‍ എട്ടിന് നടത്തിയ വിവാദ പരാമര്‍ശങ്ങളെ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് തിങ്കളാഴ്ച സുപ്രീം കോടതി കൊളീജിയത്തിന് മുമ്പാകെ ഹാജരായിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ കൊളീജിയത്തിന് മുമ്പാകെയാണ് ജസ്റ്റിസ് യാദവ് ഹാജരായത്. തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നുവെന്നാണ് ജസ്റ്റിസ് യാദവ് കൊളീജിയത്തിന് മുമ്പാകെ വിശദീകരിച്ചത്. എന്നാല്‍ ഈ വിശദീകരണത്തില്‍ കൊളീജിയം തൃപ്തരായിരുന്നില്ല.

തുടര്‍ന്ന് വിവാദം അവസാനിപ്പിക്കാന്‍ പരസ്യ ഖേദപ്രകടനം നടത്താന്‍ സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് യാദവിനോട് ആവശ്യപെട്ടയാണ് സൂചന. ജസ്റ്റിസ് യാദവിനെതിരെ എന്ത് നടപടി സുപ്രീംകോടതി കൊളീജിയം സ്വീകരിക്കുമെന്ന് വ്യക്തമല്ല. അദ്ദേഹത്തെ അലഹബാദ് ഹൈകോടതിയില്‍ നിന്ന് സ്ഥലം മാറ്റുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ കൊളീജിയം പരിഗണിച്ച് വരുന്നതായാണ് സൂചന. ജസ്റ്റിസ് യാദവിന് എതിരേ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുന്നത് ഉള്‍പ്പടെയുള്ള നടപടികളും സുപ്രീംകോടതി കൊളീജിയം പരിഗണിച്ച് വരികയാണ്. ഇത് സംബന്ധിച്ച തീരുമാനം വൈകാതെ ഉണ്ടാകും.
ഇതിനിടെ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.കെ.യാദവും കൊളീജിയം നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ സുപ്രീംകോടതി ജഡ്ജിമാരോട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പങ്ക് വച്ചു. ഇന്നലെ ചേര്‍ന്ന ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് കൊളീജിയവും യാദവും തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ ജസ്റ്റിസ് യാദവിന് എതിരെ നടപടി എടുക്കുന്നതിനെ സംബന്ധിച്ച് ഫുള്‍ കോര്‍ട്ട് യോഗത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഒരു അഭിപ്രായവും രേഖപെടുത്തിയില്ല എന്നാണ് സൂചന. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാര്‍ക്ക് സീനിയര്‍ അഭിഭാഷക പദവി നല്‍കുന്നതില്‍ തീരുമാനം എടുക്കാനാണ് ഫുള്‍ കോര്‍ട്ട് യോഗം ചേര്‍ന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments