“ആ മനുഷ്യനെയോർക്കാൻ ഈ വിശാലമാം ഭൂവിൽ മറ്റാരുമില്ലെന്നാലും
നിസ്വർ തന്നഭയ കൂടാരങ്ങളാകുന്നൊരീ ലക്ഷംവീടുകൾക്കുള്ളിലന്തിയിലേതോ
കൈകൾ കൊളുത്തിവയ്ക്കും മൺചിരാതിന്റെ തിരിത്തുമ്പിൽ
ജ്വലിക്കുമാപ്പുഞ്ചിരി മൃതിയെജ്ജയിക്കുന്നു” സഖാവ് എം എൻ ഗോവിന്ദൻ നായർ നെ കുറിച്ച് കവി ഒ എൻ വി കുറുപ്പ് എഴുതിയ വരികളാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.
കേരള രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വം ആയിരുന്ന അദ്ദേഹമാണ് ലക്ഷം വീട് കോളനി എന്ന പദ്ധതി നടപ്പിലാക്കിയത്.
യുവകലാസാഹിതി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതാ കലാസാഹിതി ഓരോ ജില്ലയിലും ഗൃഹാങ്കണ സദസ്സ് സംഘടിപ്പിച്ച് കൊണ്ടിരിക്കുകയാണ്.പത്തനംതിട്ട ജില്ല യിലെ ഗൃഹാങ്കണ സദസ്സ് കൂടിയത് പമ്പയാറിന്റെ തീരത്ത് മുളങ്കാടുകളുടെ തണലിൽ പന്തളത്ത് സഖാവ് എം എൻ ഗോവിന്ദൻ നായരുടെ കുടുംബവീടായ മുളയ്ക്കൽ വീട്ടിൽ വെച്ചായിരുന്നു. മനോഹരവും കുളിർമ്മയേറിയതുമായ ഒരു ദിവസംകൂടിയായിരുന്നു.
പുതിയ കാലത്ത് സ്ത്രീകൾ സാംസ്കാരികമായി സംഘടിക്കേണ്ടതിൻ്റെ ആവശ്യകതയും നവചിന്തയിലൂടെ പുതിയ കാലത്ത് ഫാസിസത്തെ തോല്പിച്ച് മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ വീട്ടുമുറ്റത്തെ കൂട്ടായ്മകൾക്ക് കരുത്തുണ്ടാകുമെന്നും ഗൃഹാങ്കണ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് വനിതാ കലാസാഹിതി സംസ്ഥാന പ്രസിഡൻ്റ് ശ്രീമതി പി. ഉഷാകുമാരി പറഞ്ഞു. രക്ഷാധികാരിയായ ശ്രീമതി ഗിരിജ കുമാരിയുടെ അദ്ധ്യക്ഷതയിൽ വനിതാ കലാസാഹിതി സംസ്ഥാന സെക്രട്ടറി ശ്രീമതി ശാരദ മോഹൻ ,ശ്രീമതി ഗീത നസീർ ,ശ്രീമതി ബീന കോമളൻ’ ശ്രീമതി പി.വിജയമ്മ , യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ ലക്ഷ്മി മംഗലത്ത്, ശ്രീ അജിത് ആർ പിള്ള, ജില്ലാ സെക്രട്ടറിശ്രീ ഗോപകുമാർ തെങ്ങമം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി രേഖ അനിൽ സ്വാഗതവും ശ്രീമതി പത്മിനി അമ്മ നന്ദിയും രേഖപ്പെടുത്തി. നിരവധി എഴുത്തുകാരികളും ഗായകരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത് ചടങ്ങ് ധന്യമാക്കി.
തുടർന്ന് വനിതാ കലാസാഹിതി പത്തനംതിട്ട ജില്ലാ കൺവൻഷൻ നടന്നു. ജില്ലാ സെക്രട്ടറിയായി പത്മിനി അമ്മ യേയും പ്രസിഡൻ്റായി രേഖ അനിലിനെയും പന്ത്രണ്ടംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.