അപകടമുണ്ടാകുമ്പോള്‍ പഠനങ്ങളല്ല വേണ്ടത് നാട്ടുകാരുടെ അഭിപ്രായങ്ങള്‍ക്കും വിലയുണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രായോഗികമായി ചിന്തിച്ചാൽ വളരെ തുച്ഛമായ തുകകൊണ്ട് റോഡുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകും എന്നാൽ പഠന റിപ്പോർട്ടുകൾ ശുപാർശ ചെയ്യുന്ന ജോലികൾ ചെയ്യാനുള്ള സാമ്പത്തികം സംസ്ഥാന സർക്കാറിനില്ല.അതിനായി കേന്ദ്രത്തിന്റെ സഹായവും ലഭിക്കില്ല. ഇത്തരം പഠനങ്ങൾ വലിയ തുകയാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് പല പരിഷ്‌കാരങ്ങളും നടപ്പിലാക്കാൻ കഴിയാതെ പോകുന്നത് മന്ത്രി ട്വന്റി ഫോറിനോട് പറഞ്ഞു.
തിരുവനന്തപുരത്തെ കിഴക്കേ കോട്ടയിലുണ്ടായ അപകടത്തിന് കാരണം കെഎസ്ആർടിസി ബസിന്റെ മുന്നിൽ പ്രൈവറ്റ് ബസ് കയറാൻ ശ്രമിച്ചതാണ്. കൂടുതൽ പണം സമ്പാദിക്കാൻ മുതലാളിമാർ ഡ്രൈവർക്ക് നൽകിയ നിർദ്ദേശമാണ് അവിടെ കണ്ടത്. പ്രൈവറ്റ് ബസുകൾ തമ്മിൽ മത്സരയോട്ടം വേണ്ട. റോഡിലുണ്ടാകുന്ന അപകടത്തിന്റെ കാരണക്കാർ ബസിന്റെ ഡ്രൈവർ ആണെങ്കിൽ ബസിന്റെ പെർമിറ്റ് 3 മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും. അപകടത്തിൽ ഒന്നോ അതിലധികമോ ആളുകൾ മരണപ്പെടുകയാണെങ്കിൽ 6 മാസത്തേക്ക് പെർമിറ്റും റദ്ദാക്കും. ബസുടമകളിൽ ചിലർ ഗുണ്ടകളെയാണ് ബസ് ഓടിക്കാനായി നിയമിച്ചിരിക്കുന്നത്. അത് തടയാനായി ഇനി മുതൽ പൊലീസ് വെരിഫിക്കേഷൻ നടത്തി ആ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ബസുകളിലെ ഡ്രൈവര്മാരെയും കണ്ടക്ടറെയും ക്‌ളീനറെയും നിയമിക്കാനാകൂ.
ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ഉടൻ തന്നെ പ്രൈവറ്റ് ബസിലെ ഡ്രൈവർമാർക്ക് ട്രാഫിക്കിനെ കുറിച്ചും വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ചും ആർടിഒ ഓഫീസിൽ ട്രെയിനിങ് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ബസുകളിലെ ഡ്രൈവർമാരായി നിയമിക്കുന്നവരെ എടപ്പാളിലെ ഐടിടിആറിൽ അയച്ച് ഡ്രൈവിങ്ങിന്റെ ഒരു പരിശീലനം നൽകും. ഡ്രൈവിംഗ് ലൈസെൻസ് എടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ട ഒരു സംസ്കാരവും പഠിപ്പിക്കാതെയാണ് ലൈസൻസ് കൊടുക്കുന്നത് അതെല്ലാം മാറ്റിയെടുക്കുമെന്ന് മന്ത്രി ട്വന്റി ഫോറിനോട് വ്യക്തമാക്കി.
കെഎസ്ആർടിസി ഡ്രൈവര്മാരെക്കാൾ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് സ്വിഫ്റ്റ് ബസിലെ ഡ്രൈവർമാരാണ്. ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന രീതികളാണ് അവരിൽ നിന്നുണ്ടാകുന്നത് ഇതെല്ലാം മാറേണ്ടതുണ്ട്. അവർക്ക് ക്ലാസും മുന്നറിയിപ്പും നൽകും വാഹനങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ എഴുതിവയ്ക്കാൻ പ്രത്യേക രജിസ്റ്റർ നൽകും. ഇത് മെക്കാനിക്കൽ ഉദ്യോഗസ്ഥർ പരിഹരിച്ച് കൊടുത്തില്ലെങ്കിൽ അവരുടെ പേരിൽ നടപടിയെടുക്കാൻ ഒരു പ്രത്യേക സ്‌ക്വാഡ് ഉണ്ടാകും. ഇത്തരം ബസുകളിൽ എയർ ലീക്ക് ഏറ്റവും കൂടുതൽ വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.രണ്ടായിരത്തിലധികം ബസുകളിലാണ് എയർ ലീക്ക് ഉണ്ടാകുന്നത്.ഇത് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അറിയിച്ചെന്നും മന്ത്രി വ്യക്തമാക്കി.