അന്താരാഷ്ട്ര വനിത ട്വന്റി ട്വന്റി ക്രിക്കറ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ഇന്ന് രണ്ടാം ജയം തേടിയിറങ്ങുന്നു. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് പരമ്പരയിലെ രണ്ടാം മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യമാച്ചില്‍ 49 റണ്‍സിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മത്സരം പൂര്‍ത്തിയാകുന്നതിന് മുമ്പ് മൈതാനം വിടേണ്ടി വന്ന ഹര്‍മന്‍പ്രീത് കൗറിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള ആശങ്കകളാണ് ഇന്ത്യന്‍ ആരാധകര്‍ പങ്കുവെക്കുന്നത്.
കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡിങ് സമയത്തിന്റെ വലിയൊരു ഭാഗവും താരം മൈതാനത്തുണ്ടായിരുന്നില്ല. മാത്രമല്ല പരിശീലന സമയത്തും ഫിറ്റ് അല്ലെന്ന തരത്തിലുള്ളതായിരുന്നു ഹര്‍മ്മന്‍ പ്രീത് കൗറിന്റെ നീക്കങ്ങള്‍. താരത്തിന് പരിക്കേറ്റെന്ന കാര്യം ടീം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ലെങ്കിലും മെഡിക്കല്‍ ടീം ഇക്കാര്യം പരിശോധിച്ചു വരികയാണെന്ന വിവരം മറ്റു ടീം അംഗങ്ങള്‍ വഴി പുറത്തെത്തിയിരുന്നു. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹര്‍മന്‍പ്രീത് ഫിറ്റായിരിക്കുമെന്ന പ്രതീക്ഷയും സഹതാരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.