Wednesday, December 18, 2024
Homeഅമേരിക്കവേദനസംഹാരിയായി ഉപയോഗിക്കുന്ന പാരസെറ്റാമോളിന്റെ ഉപയോഗം ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

വേദനസംഹാരിയായി ഉപയോഗിക്കുന്ന പാരസെറ്റാമോളിന്റെ ഉപയോഗം ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

വേദനസംഹാരിയായി ഉപയോഗിക്കുന്ന പാരസെറ്റാമോളിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം ദഹനനാളം, ഹൃദയം, വൃക്ക തുടങ്ങിയവയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. 65 വയസ്സും അതിനു മുകളിലും പ്രായമുള്ളവരിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ചെറിയ തോതിലുള്ള പനി മുതല്‍ വേദനയ്ക്ക് വരെ സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റാമോള്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ചികിത്സയ്ക്കും വ്യാപകമായി ഉപയോഗിച്ചു വരുന്നു. ഇതിന്റെ ഉപയോഗം താരതമ്യേന സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ, കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുകയും ചെയ്യും.

വേദന സുഖപ്പെടുത്തുന്നതിൽ പാരസെറ്റാമോളിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, വളരെക്കാലത്തേക്ക് പാരസെറ്റാമോള്‍ സ്ഥിരമായി കഴിക്കുന്നത് ദഹനനാളത്തിൽ അള്‍സര്‍, രക്തസ്രാവം എന്നിവ ഉണ്ടാക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പാരസെറ്റാമോള്‍ അധികമായി ഉപയോഗിക്കുക വഴി പെപ്റ്റിക് അള്‍സര്‍ രക്തസ്രാവത്തിനുള്ള (ദഹനനാളത്തിലെ അള്‍സര്‍ മൂലമുള്ള രക്തസ്രാവം) സാധ്യത 24 ശതമാനം മുതല്‍ 36 ശതമാനം വരെയാണ് യുകെയിലെ നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നു.

ഇതിന് പുറമെ പാരസെറ്റാമോള്‍ കഴിക്കുന്നത് വിട്ടുമാറാത്ത വൃക്കരോഗം പിടിപെടാനുള്ള സാധ്യത 19 ശതമാനമാമെന്നും ഹൃദയ സ്തംഭനം വരാനുള്ള സാധ്യത ഒന്‍പത് ശതമാനമാണെന്നും പഠനം കൂട്ടിച്ചേര്‍ത്തു. കൂടാതെ, രക്ത സമ്മര്‍ദത്തിനുള്ള സാധ്യത ഏഴ് ശതമാനം വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.

‘യുകെയില്‍ അസറ്റാമിനോഫെന്‍ (പാരസെറ്റാമോള്‍) നിര്‍ദേശിക്കുന്ന പ്രായമായവരില്‍ വൃക്ക, ഹൃദയം, ദഹനനാളം എന്നിവയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തി,’’ ആര്‍ത്രൈറ്റിസ് കെയര്‍ ആന്‍ഡ് റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ പറഞ്ഞു.

‘പാരസെറ്റാമോള്‍ താരതമ്യേന സുരക്ഷിതമാണെന്ന് കരുതുന്നതിനാല്‍ ഓസ്റ്റിയോആര്‍ത്രൈറ്റിസിനുള്ള ചികിത്സയില്‍ മുന്തിയ പരിഗണനയാണ് അതിന് നല്‍കുന്നത്. ചികിത്സയുടെ ഭാഗമായി ദീര്‍ഘനാളത്തേക്ക് പാരസെറ്റാമോള്‍ നിര്‍ദേശിക്കാറുണ്ട്. മരുന്നുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കൂടുതലായുണ്ടാകാൻ സാധ്യതയുള്ള പ്രായമായവരിലാണ് ഇത് പ്രത്യേകിച്ച് നല്‍കുന്നത്,’’ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ വീയ ഷാംഗ് പറഞ്ഞു.

“ഞങ്ങളുടെ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ ഗവേഷണം ആവശ്യമുണ്ട്. എങ്കിലും പ്രായമായ ഓസ്റ്റിയോആര്‍ത്രൈറ്റിസ് പോലെയുള്ള രോഗങ്ങള്‍ക്ക് വേദനസംഹാരിയായി പാരസെറ്റാമോള്‍ നിര്‍ദേശിക്കുന്നത് ശ്രദ്ധാപൂര്‍വം പരിഗണിക്കേണ്ടതുണ്ട്,’’ ഷാംഗ് പറഞ്ഞു. പഠനത്തിനായി 1.80 ലക്ഷം പേരുടെ ആരോഗ്യരേഖകളാണ് ഗവേഷകര്‍ പരിശോധിച്ചത്. ആറ് മാസത്തിനുള്ളില്‍ രണ്ടോ അതിലധികമോ തവണ ഇവര്‍ക്ക് പാരസെറ്റാമോള്‍ നിര്‍ദേശിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പാരസെറ്റാമോൾ ആവര്‍ത്തിച്ചിട്ട് നിര്‍ദേശിച്ചിട്ടില്ലാത്ത ഇതേ പ്രായത്തിലുള്ള 4.02 ലക്ഷം പേരുടെ ആരോഗ്യ പ്രശ്‌നങ്ങളുമായി താരതമ്യപ്പെടുത്തി. 65 വയസ്സും അതിനുമുകളിലും പ്രായമുള്ളവരെയാണ് പഠന വിധേയമാക്കിയത്.

മെട്രോണിഡാസോള്‍, പാരസെറ്റാമോള്‍ ഗുളികകളുടെ ചില പ്രത്യേക ബാച്ച് ഗുണനിലവാരമുള്ളതല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക് ലിമിറ്റഡും കര്‍ണാടക ആന്റിബയോട്ടിക് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡും ചേര്‍ന്ന് നിര്‍മിച്ച മെട്രോണിഡാസോള്‍ 400മില്ലിഗ്രാം, പാരസെറ്റാമോള്‍ 500 മില്ലിഗ്രാം ഗുളികകളുടെ ഒരു പ്രത്യേക ബാച്ച് പരിശോധനയില്‍ നിരവാരമുള്ളതല്ലെന്ന് കണ്ടെത്തിയതായി കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചിരുന്നു.നിലവാരമില്ലാത്ത ഈ ബാച്ച് മരുന്നുകള്‍ ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക് ലിമിറ്റഡും കര്‍ണാടക ആന്റിബയോട്ടിക് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡും ചേര്‍ന്ന് പിന്‍വലിച്ചതായും പകരം പുതിയ ബാച്ച് മരുന്നുകള്‍ എത്തിച്ചതായും കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments