Monday, December 23, 2024
Homeകേരളംവീട്ടിൽ നാടൻ ചാരായം വാറ്റുന്നതിനെ എതിര്‍ത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവിനെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരുലക്ഷം...

വീട്ടിൽ നാടൻ ചാരായം വാറ്റുന്നതിനെ എതിര്‍ത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവിനെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു

കണ്ണൂർ:  പയ്യാവൂര്‍ ഉപ്പ് പടന്നയിലെ തേരകത്തനാടിയില്‍ വീട്ടില്‍ സജിയെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പിഴയടയ്ക്കുന്നില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം. പിഴത്തുക അമ്മ സില്‍ജയ്ക്ക് നല്‍കണം. ഇരകള്‍ക്കുള്ള നഷ്ടപരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

പ്രതി ഉപയോഗിച്ചിരുന്ന ബൈക്ക് പയ്യാവൂര്‍ പൊലീസ് സ്റ്റേഷനിലുണ്ട്. ഇത് വില്‍പ്പന നടത്തിയാല്‍ ലഭിക്കുന്ന തുക അമ്മയ്ക്ക് നല്‍കണം. സംഭവശേഷം പ്രതി ബൈക്കെടുത്താണ് വീട്ടില്‍നിന്നിറങ്ങിയത്. പ്രതിക്ക് ജാമ്യം ലഭിക്കാത്തതിനാല്‍ ബൈക്ക് സ്റ്റേഷനിലാണുള്ളത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വാദം കേട്ട കോടതി വൈകിട്ടാണ് ശിക്ഷവിധിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ശിക്ഷാവിധിയെക്കുറിച്ച് ജഡ്ജി ചോദിച്ചപ്പോള്‍ പ്രായമായ അമ്മയ്ക്ക് താന്‍ മാത്രമേയുള്ളുവെന്നാണ് പ്രതി പറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കുമാര്‍, കെ പി ബിനീഷ എന്നിവര്‍ ഹാജരായി.

പ്രതി കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഭാര്യ സില്‍ജ വിദേശത്തായതിനാല്‍ സജിയും മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. 2020 ഓഗസ്റ്റ് 15ന് വൈകിട്ട് വീട്ടിലെ ഡൈനിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ നോക്കുകയായിരുന്ന ഷരോണിനെ പ്രതി പിന്നില്‍നിന്ന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

ഓഗസ്റ്റ് 14ന് പ്രതി വീട്ടിൽ നാടന്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞു. ഇത് വാക്കുതര്‍ക്കത്തിനിടയാക്കി. കൈയാങ്കളിയില്‍ പ്രതിക്ക് ഇടത് കണ്ണിന്റെ പുരികത്തിന് പരിക്കേറ്റു. ഇറ്റലിയില്‍ നഴ്സായ ഭാര്യ, പ്രതിയുടെ പേരിലാണ് പണമയച്ചിരുന്നത്. മദ്യപിച്ച് പ്രതി പണം തീര്‍ക്കുന്നതിനാല്‍ ഷാരോണിന്റെ പേരില്‍ അയക്കാന്‍ തുടങ്ങിയതും വിരോധത്തിന് കാരണമായി.

കുത്തേറ്റ ഷാരോണിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാജവാറ്റിനെ എതിര്‍ത്തതിലുള്ള വിരോധം മൂലം പ്രതി കൊല നടത്തിയെന്ന് പ്രോസിക്യൂഷനും മദ്യപാനിയായ പ്രതി മദ്യം ലഭിക്കാത്ത മാനസികാവസ്ഥയില്‍ ചെയ്തതാണെന്ന് പ്രതിഭാഗവും വാദിച്ചു. സില്‍ജയുടെ സഹോദരന്‍ മാത്യു എന്ന ബേബിയുടെ പരാതിയിലാണ് പയ്യാവൂര്‍ പൊലീസ് കേസെടുത്തത്.

കൊല്ലപ്പെട്ട ഷാരോണിന്റെ അനുജന്‍ ഷാര്‍ലറ്റാണ് കേസിലെ പ്രധാന സാക്ഷി. പ്രതി പുറത്തിറങ്ങിയാല്‍ കൊല്ലാന്‍ സാധ്യതയുള്ളതിനാല്‍ പേടിയുള്ളതായി ഷാര്‍ലറ്റ് മജിസ്ട്രേറ്റ് മുന്‍പാകെ സംഭവ ശേഷം മൊഴി നല്‍കി. അതുപ്രകാരം ഷാര്‍ലറ്റിന് സംരക്ഷണം നല്‍കാന്‍ കോടതി പയ്യാവൂര്‍ പൊലീസിന് നിര്‍ദേശം നല്‍കി. അതോടെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. വിചാരണസമയത്തും പ്രതി റിമാന്‍ഡിലായിരുന്നു.

‘പപ്പ എന്തിനാണ് എന്നെ കുത്തിയത്?’ എന്നാണ് പിതാവിന്റെ കുത്തേറ്റ ഷാരോണ്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അനുജന്‍ ഷാര്‍ലറ്റിനോട് ചോദിച്ചത്. മകനെ മറ്റൊരു മകന്റെ മുന്നിലിട്ട് കൊലപ്പെടുത്തിയ മൃഗീയമായ മാനസികാവസ്ഥയുള്ള പ്രതിക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഇല്ലെങ്കില്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കുമാര്‍ വാദിച്ചു.

സംഭവ സമയത്ത് പ്ലസ്ടു കഴിഞ്ഞു നില്‍ക്കുകയാരുന്നു ഷാരോണ്‍. കേസിലെ ഒന്നാംസാക്ഷിയായി വിസ്തരിച്ച ഷാര്‍ലറ്റ് ഒന്‍പതാംക്ലാസിൽ പഠിക്കുകയായിരുന്നു. ഷാരോണിനെ കുത്തി വീഴ്ത്തിയശേഷം പ്രതി കത്തി കഴുകി. ബൈക്കെടുത്ത് പുറത്തേക്ക് പോകുകയുമായിരുന്നു. ‘തേരകത്തിനാടിയില്‍ സജിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന്’ പറഞ്ഞാണ് പോയത്. ഷാര്‍ലറ്റും അമ്മ സില്‍ജയും ഇപ്പോള്‍ വിദേശത്താണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments