Friday, December 27, 2024
Homeകേരളംശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 17/12/2024 )

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 17/12/2024 )

സൗകര്യങ്ങൾ അഭിനന്ദനാർഹം : തമിഴ്നാട് ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു

മണ്ഡലം മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ശബരിമല സന്നിധാനത്തിൽ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ ഭക്തർക്ക് സുഖദർശനത്തിന് പര്യാപ്തമാണെന്നും സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയ സൗകര്യങ്ങൾ അഭിനന്ദനാർഹമാണെന്നും തമിഴ്നാട് ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു അഭിപ്രായപ്പെട്ടു

പുല്ലുമേട്, എരുമേലി വഴി കിലോമീറ്ററുകൾ നടന്നു വരുന്നവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം ഉടൻ: ദേവസ്വം ബോർഡ് പ്രസിഡന്റ്

അയ്യപ്പനെ കാണാൻ പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന
തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു.

ഇത്രയും ദൂരം നടന്നുവരുന്ന ഇവർക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് നൽകും. പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വരാം. നീലിമല
വഴി പോകണം എന്നുള്ളവർക്ക് ആ വഴിയുമാകാം.

മരക്കൂട്ടത്ത് വച്ച് ശരംകുത്തി വഴി ഒഴിവാക്കി ഈ തീർത്ഥാടകർക്ക് ചന്ദ്രാനന്ദൻ റോഡ് വഴി
സന്നിധാനത്ത് പ്രവേശിക്കുകയും ആകാം. ഇങ്ങനെ പുല്ലുമേട് നിന്നും എരുമേലിയിൽ നിന്നും പ്രത്യേക പാതയിലൂടെ വന്നു നടപന്തലിൽ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച തീർത്ഥാടകർക്ക് പ്രത്യേക വരി ഉണ്ടാകും. ഈ വരിയിലൂടെ തീർത്ഥാടകർക്ക് ദർശനം നടത്താം.

വനംവകുപ്പുമായി സഹകരിച്ചാണ് പുതിയ സൗകര്യം ഏർപ്പാടാക്കുന്നത്. കാനനപാതയിലൂടെ വരുന്ന തീർത്ഥാടകർക്ക് പ്രത്യേക ടാഗ് നൽകേണ്ടത് വനം വകുപ്പാണ്. പുതിയ സംവിധാനം ഉടൻ നിലവിൽ വരുമെന്ന് പ്രസിഡന്റ്‌ പറഞ്ഞു.

ശബരിമല തീർത്ഥാടകരുടെ ഹൃദയം കാക്കാൻ 5 എഇഡി ഉപകരണങ്ങൾ എത്തുന്നു

ഹൃദയസ്തംഭനം മൂലമുള്ള മരണം ഒഴിവാക്കാൻ എഇഡി ഉപകരണം

ശബരിമല കയറുന്നതിനിടെ ഹൃദയസ്തംഭനവും മറ്റ് ഹൃദ്രോഗങ്ങൾ മൂലവും തീർഥാടകർ മരണപ്പെടുന്നത് ഒഴിവാക്കാനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓട്ടോമാറ്റഡ് എക്സ്റ്റേണൽ ഡിഫൈബ്രിലേറ്റർ (എഇഡി) ഉപകരണം വാങ്ങുന്നു. ആദ്യ ഘട്ടമായി ഇത്തരം 5 എഇഡി ഉപകരണങ്ങൾ ഡിസംബർ 20 ന് ശബരിമലയിൽ എത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് അറിയിച്ചു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി (ഐഎംഎ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഹൃദയസ്തംഭനം അനുഭവപ്പെടുന്ന തീർത്ഥാടകന് 10 മിനിറ്റിനുള്ളിൽ എഇഡി ലഭ്യമാക്കാൻ സാധിച്ചാൽ മരണനിരക്ക് 80 ശതമാനത്തോളം കുറയ്ക്കാൻ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.

പമ്പയിൽനിന്ന് അപ്പാച്ചിമേട്ടിലേക്കുള്ള വഴിയിലെ എമർജൻസി മെഡിക്കൽ സെന്ററുകളിലാണ് (ഇഎംസി) എഇഡി ലഭ്യമാവുക.

പമ്പ-സന്നിധാനം വഴിയിലെ ഓരോ അര കിലോമീറ്ററിലും ഒരു എഇഡി ഉറപ്പാക്കണമെന്ന് നിർദേശിച്ചു.

തീർത്ഥാടകരുടെ സ്വാഭാവിക മരണം
പ്രത്യേക നിധി സ്വരൂപിക്കാൻ ആലോചന

നിലവിൽ ഹൃദയസ്തംഭനം മൂലവും മറ്റുമുള്ള തീർത്ഥാടകരുടെ സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത പ്രശ്നത്തിന് പരിഹാരം കാണാൻ അടുത്ത വർഷം മുതൽ പ്രത്യേക നിധി രൂപീകരിക്കുമെന്ന് ബോർഡ് പ്രസിഡണ്ട് അറിയിച്ചു.

വിർച്വൽ ക്യു വഴി ബുക്ക് ചെയ്യുന്നവരിൽ നിന്ന് നിർബന്ധമല്ലാത്ത രീതിയിൽ 10 രൂപ വീതം വാങ്ങും. ഈ തുക ഉപയോഗിച്ചാണ് പ്രത്യേക നിധി സ്വരൂപിക്കുക. തീർത്ഥാടകർക്ക് 10 രൂപ നൽകാതെയും വിർച്വൽ ക്യു ബുക്ക് ചെയ്യാം.

“ഏകദേശം 60 ലക്ഷം പേർ വിർച്വൽ ക്യു ബുക്ക് ചെയ്യുന്നു എന്നാണ് കണക്ക്. ഒരാളിൽ നിന്ന് വെറും 10 രൂപ ലഭിച്ചാൽ തന്നെ ആറ് കോടിയുടെ പ്രത്യേക ഫണ്ട് ഉണ്ടാകും. ഈ ഫണ്ടിൽ നിന്ന് മലക്കയറ്റത്തിനിടെ സ്വാഭാവിക മരണം സംഭവിക്കുന്നവർക്ക് 5 ലക്ഷം രൂപ ആശ്വാസ സഹായമായി നൽകാനും സാധിക്കും,” പി എസ് പ്രശാന്ത് വ്യക്തമാക്കി.

ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായുള്ള ആരോഗ്യ ഇൻഷുറൻസ് സ്കീമുകൾ ലഭ്യമല്ലാത്തതുകൊണ്ടാണ് ബോർഡ് പ്രത്യേക നിധി ആവിഷ്കരിക്കുന്നത്.

കഴിഞ്ഞവർഷം ശബരിമല ദർശനത്തിനിടെ
ഹൃദയാഘാതവും മറ്റ്‌ ഹൃദ്രോഗങ്ങളും കാരണം 48 പേർ മരണപ്പെട്ടതായാണ് കണക്ക്. മരിക്കുന്ന പലരും നിർധന കുടുംബത്തിലെ അംഗങ്ങളാണ് എന്നതും കൂടി കണക്കിലെടുത്തു കൊണ്ടാണ് ബോർഡിന്റെ പുതിയ തീരുമാനം.

പൊലീസിൻ്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു 

ശബരിമലയിൽ പോലീസിൻ്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 36 സി.ഐമാരും 105 എസ്.ഐ, എഎസ്ഐ മാരും 1375 സിവിൽ പോലീസ് ഓഫീസർമാരുമാണ് തിങ്കളാഴ്ച ചുമതലയേറ്റത്. ഡിവൈഎസ്പി മാർക്കും പോലീസ് ഇൻസ്പെക്ടർമാർക്കും സ്പെഷ്യൽ ഓഫീസർ ദേവസ്വം കോംപ്ലക്സ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രത്യേക നിർദ്ദേശങ്ങൾ നൽകി.

വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ നാലാമത് ബാച്ച് പോലീസ് സേനയ്ക്ക് സ്പെഷൽ ഓഫീസർ ,ജോയിൻറ് സ്പെഷൽ ഓഫീസർ, അസിസ്റ്റൻറ് സ്പെഷ്യൽ ഓഫീസർ എന്നിവർ ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി.

സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായ ബി കൃഷ്ണകുമാർ (എസ് പി റെയിൽവേ പോലീസ്) ജോയിന്റ് സ്‌പെഷ്യൽ ഓഫീസർ ഉമേഷ് ഗോയൽ(മാനന്തവാടി എ.എസ്.പി), അസി. സ്‌പെഷൽ ഓഫീസറായ ടി.എൻ സജീവ് (അഡീഷണൽ എസ്.പി വയനാട്) എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിൻ്റെ പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്.

തീർത്ഥാടകർക്ക് സുഗമദർശനം സാധ്യമാക്കുന്നതിന് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വരുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ ഓരോ ഉദ്യോഗസ്ഥരും കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കണമെന്നും തീർത്ഥാടകരോട് സൗമ്യമായി പെരുമാറണമെന്നും സ്പെഷ്യൽ ഓഫീസർ നിർദ്ദേശിച്ചു.

അയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കണമെന്നും അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സന്നിധാനം സ്‌പെഷ്യൽ ഓഫീസർ നിർദ്ദേശം നൽകി.

തിരക്ക് നിയന്ത്രിക്കുന്നതിനായി ശബരി പീഠം മുതൽ പാണ്ടിത്താവളം വരെ 10 ഡിവിഷനുകളിലായി പുതിയബാച്ചിനെ വിന്യസിച്ചു.

പവിത്രം ശബരിമല’ ജീവനക്കാർക്ക് ജാക്കറ്റുകൾ വിതരണം ചെയ്തു

ശബരിമല പൂങ്കാവനം ശുചിയായി നിലനിർത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ‘പവിത്രം ശബരിമല’ ശുചീകരണ പദ്ധതിയിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ജാക്കറ്റ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് നിർവഹിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ജി മുരാരി ബാബു, പവിത്രം ശബരിമല സ്പെഷ്യൽ ഓഫീസർ പ്രവീൺ എന്നിവർ പങ്കെടുത്തു. 500 ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ ജാക്കറ്റ് വിതരണം ചെയ്തത്.bബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാക്കാൻ നിലയ്ക്കൽ മുതൽ പമ്പ വരെ ഡക്ട് കേബിൾ സ്ഥാപിക്കും

ദേവസ്വം ബോർഡ് സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക്

– ടെമ്പിൾ സോഫ്റ്റ്‌വെയർ തയാറാക്കും
*
തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിച്ചതിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തോടനുബന്ധിച്ച് അടുത്തവർഷം സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി.

നിലവിൽ ഇന്റർനെറ്റ് കവറേജ് വേണ്ടത്ര ലഭ്യമല്ലാത്തതാണ് ശബരിമലയിലെ പ്രശ്നം. ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാക്കാൻ ബോർഡ് നിലയ്ക്കൽ മുതൽ പമ്പ വരെ ഡക്ട് ഫൈബർ ഒപ്റ്റിക് കേബിൾ സ്ഥാപിക്കും. ഡക്ട് യാഥാർഥ്യമായാൽ ശബരിമലയിൽ ഇന്റർനെറ്റ്‌ ബ്രോഡ്ബാന്റ് പൂർണ്ണ തോതിൽ ലഭ്യമാക്കാമെന്ന് ബി എസ് എൻ എൽ ഉൾപ്പെടെ ഇൻറർനെറ്റ് സേവനദാതാക്കളായ കമ്പനികൾ അറിയിച്ചിട്ടുണ്ട്.

നിലവിൽ മണ്ഡലമകര വിളക്ക് മഹോത്സവ സമയത്താണ് ശബരിമലയിൽ ഇന്റർനെറ്റ് ലഭ്യമാകുന്നത്.ബ്രോഡ്ബാൻഡ് വന്നാൽ 365 ദിവസവും ഇൻറർനെറ്റ് ലഭ്യമാകും– പ്രസിഡണ്ട് വ്യക്തമാക്കി.

സമ്പൂർണ ഡിജിറ്റലൈസേഷൻ

ബോർഡ് പ്രവർത്തനം സമ്പൂർണമായി ഡിജിറ്റിലൈസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ അടുത്ത വർഷം തുടങ്ങും.ഇതിനായി കേരള പോലീസിന്റെ സൈബർ ഉപദേശകനായ ഡോ. വിനോദ് ഭട്ടതിരിയെ ചീഫ് അഡ്വൈസർ ആയി നിയമിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ റവന്യൂ, ചെലവ് വിഭാഗമാണ്
ഡിജിറ്റിലൈസ് ചെയ്യുക. തുടർന്ന് ഇ-ഗവേണൻസ് നടപ്പാക്കും. പ്രൈസ് സോഫ്റ്റ്‌വെയർ, ഇ-ടെൻഡർ, ഇ-ബില്ലിംഗ് മുതലായവയും നടപ്പാക്കും. ഇതോടെ ബോർഡ് ഭരണത്തിൽ വേഗത വർദ്ധിക്കുകയും കൂടുതൽ സുതാര്യത കൈവരികയും വരുമാന ചോർച്ച ഇല്ലാതാവുകയും ചെയ്യും. ഇത്‌ ബോർഡിനെ വരുമാന വർധനയിലേക്ക് നയിക്കും.
ഡിജിറ്റലൈസേഷന്റെ ഭാഗമായിnനാഷണൽ ഇൻഫർമാറ്റിക്സ് സെന്ററുമായി (എൻഐസി) സഹകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ടെമ്പിൾ സോഫ്റ്റ്‌വെയർ തയാറാക്കുന്നതായും പ്രസിഡന്റ്‌ അറിയിച്ചു.

“ബോർഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിൽ ടെമ്പിൾ സോഫ്റ്റ്‌വെയർ നിലവിൽവരും. ഇതിനുള്ള ധാരണാപത്രം എൻഐസിയു മായി ഡിസംബർ 20ന് ഒപ്പിടും,”പ്രസിഡണ്ട് കൂട്ടിച്ചേർത്തു.അടുത്തവർഷം മുതൽ ശബരിമല തീർത്ഥാടനത്തിലൂം ഇത് പ്രതിഫലിക്കും.

തമിഴ്നാട്ടിലെ 45,000 ത്തോളം ക്ഷേത്രങ്ങളുടെ ടെമ്പിൾ സോഫ്റ്റ്‌വെയർ തയാറാക്കിയത് എൻഐസി ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments