Tuesday, January 7, 2025
Homeകേരളംശബരിമലയിലെ 'മഴ പിടിക്കാൻ' മഴ മാപിനികൾ

ശബരിമലയിലെ ‘മഴ പിടിക്കാൻ’ മഴ മാപിനികൾ

ശബരിമലയിൽ ആദ്യമായി സ്ഥാപിച്ച മൂന്ന് മഴ മാപിനികൾ മേഖലയിലെ പ്രാദേശികമായി ലഭിക്കുന്ന മഴയുടെ അളവ് കൃത്യമായി അറിയാനും അതിനനുസരിച്ച് മുൻകരുതലുകൾ നടപടികൾ സ്വീകരിക്കാനും വളരെയേറെ സഹായകരമാകുന്നു.

മണ്ഡലകാലം തുടങ്ങിയ നവംബർ 15 നാണ് സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിഭാഗവും ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിഭാഗവും സംയുക്തമായി ഓരോ മഴ മാപിനി വീതം സ്ഥാപിച്ചത്. സന്നിധാനത്ത് പാണ്ടിത്താവളത്തിലും പമ്പയിൽ പോലീസ് മെസ്സിന് സമീപവുമാണ് മഴ മാപിനികൾ സ്ഥാപിച്ചിട്ടുള്ളത്.

ഓരോ മൂന്ന് മണിക്കൂറിലും ഇടവിട്ട്
ഈ മൂന്ന് ബേസ് സ്റ്റേഷനുകളിൽ നിന്നും മഴയുടെ അളവ് എടുക്കുന്നതിനാൽ ശബരിമലയിൽ പെയ്യുന്ന മൊത്തം മഴയുടെ കൃത്യമായ രേഖപ്പെടുത്തൽ നടക്കുന്നു. ഒരു ദിവസത്തെ മഴയുടെ അളവ് കണക്കാക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് രാവിലെ 8.30 മുതൽ പിറ്റേന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ രേഖപ്പെടുത്തിയ മഴയാണ്.

ഇതുവരെയുള്ള കണക്കെടുത്താൽ സന്നിധാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ഡിസംബർ 13 പുലർച്ചെ 5.30നാണ്-27 മില്ലിമീറ്റർ.ഇതേ ദിവസം, ഇതേ സമയം പെയ്ത 24.2 മില്ലിമീറ്റർ മഴയാണ് പമ്പയിലെ ഏറ്റവും കൂടിയ മഴ.

മഴയുടെ അളവെടുക്കാനുള്ള സന്നിധാനത്തെ എമർജൻസി ഓപ്പറേഷൻ സെന്ററിൽ (ഇഒസി) 7 പേരും പമ്പയിൽ ആറു പേരും നിലയ്ക്കലിൽ ആറു പേരും 24 മണിക്കൂറും ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു. ഇതിനു പുറമേ കളക്ടറേറ്റിൽ രണ്ടു പേരുമുണ്ട്.

പത്തനംതിട്ട ജില്ലാ കളക്ടറുടെ
കീഴിൽ എഡിഎം അരുൺ എസ് നായരുടെ നേതൃത്വത്തിൽ മഴയുടെ അളവ് ദിനേന നിരീക്ഷിക്കുന്നു.

“ശബരിമലയിൽ മാത്രം പെയ്യുന്ന മഴ കൃത്യമായി രേഖപ്പെടുത്താൻ ഇതുവരെ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.
ശബരിമലയിലേക്ക് മാത്രമായി മഴ മാപിനികൾ വേണമെന്ന് കുറേക്കാലമായി ആലോചനയിൽ ഉണ്ടായിരുന്നെങ്കിലും ഇത്തവണയാണ് സ്ഥാപിക്കാൻ സാധിച്ചത്. മുൻപ് ആശ്രയിച്ചിരുന്ന സീതത്തോടിലെ വെതർ സ്റ്റേഷൻ താൽക്കാലികമായി പ്രവർത്തനരഹിതമായതും മഴ മാപിനികൾ ഉടൻ സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. മൂന്നിടത്ത് നിന്നും ലഭിക്കുന്ന മഴയുടെ അളവ് പ്രതികൂല കാലാവസ്ഥയിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ വളരെയധികം ഉപകാരപ്രദമാണ്,” എഡിഎം അരുൺ എസ് നായർ പറഞ്ഞു.

സീതത്തോടിലെ വെതർ സ്റ്റേഷൻ ഇപ്പോൾ പ്രവർത്തനക്ഷമമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments