സാന്താക്ലോസിന്റെ
വെളുത്ത താടിപോലെ
ഡിസംബറിലെ മഞ്ഞ്
ചില്ലു നൂലിൽ കോർത്ത
കുഞ്ഞു ബൾബു പോലെ
ഹിമശലാകകൾ
വർണ്ണങ്ങളുടെ വെളിച്ചമായ്
ക്രിസ്തുമസ് .
ചില്ലതൻ പച്ചവിരലുകൾ ഉയത്തി –
കാട്ടുന്ന ക്രിസ്തുമസ്ട്രീയിൽ
നക്ഷത്രങ്ങളായ് ചുവന്ന ഫലങ്ങൾ
തൂങ്ങിയാടുന്നു
വിശുദ്ധകന്യക സ്നേഹലാളനത്തിൽ
മുഴുകിയിരിക്കുന്നു
അവനെന്റെ ഹൃദയവേദന
ശമിപ്പിക്കുന്നു
മൃതിവിഹ്വലതയെ
വൃക്ഷവിരലുകളാൽ
തഴുകി തലോടുന്നു
അവനെന്റെ പാപങ്ങളെ
കൈയ്യേൽക്കുന്നു
അവനെന്റെ അപ്പത്തിന്
കാവലാളാകുന്നു
അവനേകും മഞ്ഞെനിക്ക്
വീഞ്ഞിൻ ലഹരി
അവനെന്നിൽ പ്രത്യാശതൻ
നാമ്പുണർത്തുന്നു
ഇന്നിവിടെ സ്നേഹത്തിൻ
പിറവി ദിനം