Tuesday, January 7, 2025
Homeകേരളംറാന്നി താലൂക്ക് തല അദാലത്ത് വാര്‍ത്തകള്‍

റാന്നി താലൂക്ക് തല അദാലത്ത് വാര്‍ത്തകള്‍

ജനപക്ഷ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ലക്ഷ്യം കാണുന്നു – മന്ത്രി പി.രാജീവ്

ജനപക്ഷസര്‍ക്കാരിന്റെ ജനകീയ ഇടപെടലുകള്‍ ലക്ഷ്യംകാണുന്നതിന്റെ തെളിവാണ് കരുതലും കൈത്താങ്ങും അദാലത്തിന്റെ വിജയമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. റാന്നി താലൂക്ക്തല അദാലത്ത് വളയനാട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചട്ടങ്ങളും നിയമങ്ങളും ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കണം. സഹായകരമാകുകയാണ് പ്രധാനം. ഏത്‌ രീതിയിലാണ് ജനങ്ങള്‍ക്ക് സഹായകരമാകുന്നത് എന്ന് തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം.
പരാതികളുടെ എണ്ണം കുറഞ്ഞത് ഭരണസംവിധാനത്തിന്റെ താഴെത്തട്ടിലെ മികവിന് തെളിവാണ്. പരാതിപരിഹാരം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞു. ഓണ്‍ലൈനിലൂടെസമര്‍പ്പിക്കുന്ന പരാതി പരിഹരിക്കാനും ഉദ്യോഗസ്ഥര്‍ പ്രതിജ്ഞാബദ്ധരാണ് എന്നും മന്ത്രി ഓര്‍മിപ്പിച്ചു.

സര്‍ക്കാരിന്റെ ജനകീയ ഇടപെടലെന്നനിലയില്‍ കരുതലും കൈത്താങ്ങും അദാലത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുന്നുവെന്ന് മുഖ്യപ്രഭാഷണത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാരിനൊപ്പം ഓഫീസുകളും ജനങ്ങള്‍ക്കൊപ്പമാണ്. എടുത്ത തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കും. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും മന്ത്രി നല്‍കി.
58 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ചടങ്ങില്‍ മന്ത്രിമാര്‍ വിതരണം ചെയ്തു.
പ്രമോദ് നാരായണ്‍ എം എല്‍ എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ജനപ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പരിമിതികളില്‍ ‘തളാരാനനുവദിക്കാതെ’ മന്ത്രി വീണ ജോര്‍ജിന്റെ കരുതല്‍

അരയ്ക്കുതാഴെ തളര്‍ന്ന് വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ചെറുകോല്‍ സ്വദേശി മറിയാമ്മ ജോര്‍ജ്, വിധവയും 50 ശതമാനം ഭിന്നശേഷിക്കാരിയുമായ പഴവങ്ങാടി ചേത്തക്കല്‍ സ്വദേശി സന്ധ്യ എന്നിവര്‍ പരിമിതികളുടെ അതിജീവിതരാണ്, പക്ഷെ മനുഷ്യത്വരാഹിത്യമെന്ന വെല്ലുവിളിക്ക് മുന്നില്‍ പകച്ചുപോയവര്‍.
മറിയാമ്മ അദാലത്തില്‍ എത്തിയത് മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ്-വീട്ടിലേക്കുള്ളവഴി അയല്‍വാസികള്‍ മുള്ളുവേലികെട്ടി തടസപ്പെടുത്തി. സര്‍ക്കാര്‍ തുണയായപ്പോള്‍ ലഭിച്ച ലൈഫ് പദ്ധതി പ്രകാരമുള്ള വീട്ടില്‍ താമസിക്കവെയാണ് കാരമുള്ളിനെക്കാള്‍ കഠിനമായ അയല്‍വാശി വെല്ലുവിളിയായത്.
മനുഷ്യാവകാശ പ്രശ്‌നമായിക്കണ്ട് ആര്‍. ഡി. ഒ. യുടെ നേതൃത്വത്തില്‍ ഇതില്‍ ഉള്‍പ്പെട്ട കക്ഷികളെ വിളിച്ച് മധ്യസ്ഥ ചര്‍ച്ച നടത്തി ഉടന്‍ പരിഹാരം കാണാനാണ് മന്ത്രി വീണാ ജോര്‍ജിന്റെ പരിഹാര നിര്‍ദേശം.

സന്ധ്യയുടെ പരാതി ബന്ധുവിനെതിരെയായിരുന്നു. ശുചിമുറി മാലിന്യം ഒഴുക്കിവിടുന്നത് വീട്ടിലേക്കായപ്പോള്‍ അദാലത്ത് എന്ന വഴിയാണ് മുന്നിലെത്തിയത്. കാക്കിയുടെ കാരുണ്യം തേടിമടുത്തിട്ടാണ് മന്ത്രി വീണാ ജോര്‍ജിന് മുന്നിലെത്തിയത്.
പഞ്ചായത്തിരാജ് ആക്ട് പ്രകാരമുള്ള കുറ്റത്തിന് ഉടന്‍ നടപടിയെടുക്കാന്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി. പൊതുജനാരോഗ്യ ആക്ട് അനുസരിച്ചുള്ള നടപടിയെടുക്കാന്‍ ഡി. എം. ഒ. യെയും ചുമതലപ്പെടുത്തി. ലഭിച്ച പരാതി പരിഗണിക്കാന്‍ വെച്ചൂച്ചിറ എസ്. എച്ച്. ഒയ്ക്കും നിര്‍ദേശം നല്‍കി.

അര മണിക്കൂറിനകം പരാതി പരിഹരിച്ച് മന്ത്രി വീണ ജോര്‍ജ്

 

പരാതികിട്ടി അര മണിക്കൂറിനകം പരിഹാരവുമായി മന്ത്രി വീണാ ജോര്‍ജ്. റാന്നിയിലെ അദാലത്തിലാണ് ഉതിമൂട് സ്വദേശിയും പ്രവാസിയുമായിരുന്ന തോമസ് മാത്യുവിന് തത്സമയ നീതി ലഭിച്ചത്.
പിതാവ് സ്വന്തം പേരിലാക്കി നല്‍കിയ ഭൂമിക്ക് കരമടയ്ക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു പരാതി. ആറുമാസമായി നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഇവിടെ എത്തിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ഹാജരാക്കിയ രേഖകള്‍ താലൂക്ക് ഓഫീസില്‍ നിരസിച്ചതാണ് സാഹചര്യം.

അപേക്ഷ പരിഗണിക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥന്‍ സ്ഥലം മാറിപ്പോയതിനാലാണ് കാലതാമസമെന്ന് തഹസീല്‍ദാര്‍ വ്യക്തമാക്കി. ഇതൊരു കാരണമാക്കരുതെന്ന് നിലപാടെടുത്താണ് മന്ത്രി അനുകൂല തീരുമാനത്തോടെ പരിഹാര നിര്‍ദേശം നല്‍കിയത്. ഇനി തോമസ് മാത്യുവിന് സ്വന്തമെന്ന അഭിമാനത്തോടെ ഭൂമിക്ക് കരം അടയ്ക്കാം.

ഇരട്ടത്താപ്പിന്’ അതിവേഗ പരിഹാരവുമായി മന്ത്രി പി. രാജീവ്

കെട്ടിടത്തിന് അനുമതി നല്‍കുക പിന്നീട് തടസവാദം ഉന്നയിച്ച് ‘നമ്പര്‍’ ഇറക്കി കെട്ടിടനമ്പര്‍ നിഷേധിക്കുക എന്ന പഞ്ചായത്തിന്റെ ‘കട്ടനിലപാടിന്റെ’ കുരുക്കാണ് നിമിഷനേരത്തിനകം മന്ത്രി പി. രാജീവ് അഴിച്ചത്. ഇടുക്കി മുരിക്കാശ്ശേരി ഇലവുങ്കല്‍ വീട്ടില്‍ അഞ്ചു സുനു കെട്ടിട നമ്പര്‍ ലഭിച്ചില്ലെന്ന പരാതിയുമായാണ് റാന്നി താലൂക്ക് അദാലത്തില്‍ എത്തിയത്.പെര്‍മിറ്റ് കിട്ടിയത് 2021 ല്‍. നിര്‍മ്മാണം പൂര്‍ത്തിയായി 2024 ല്‍ നമ്പര്‍ ലഭിക്കാനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ കെ.എസ്.ഇ.ബി യുടെ 11 കെ വി ലൈന്‍ കടന്നുപോകുന്നതുകൊണ്ട് നമ്പര്‍ നല്‍കില്ലെന്നായി പഞ്ചായത്ത്‌ന്യായം. ഇതേ 11 കെ.വി കണ്ടിട്ടാണ് മുമ്പ് പെര്‍മിറ്റ് നല്‍കിയതെന്ന് സൗകര്യപൂര്‍വം മറന്നായിരുന്നു പുതുനിലപാട്. ഒരു നിലപൂര്‍ത്തിയായ പഴവങ്ങാടി പഞ്ചായത്തിലെ വാണിജ്യ നിര്‍മിതിക്ക് പെര്‍മിറ്റ് റദ്ദാക്കിയും വെല്ലുവിളിക്കുകയായിരുന്നു.

നീതിനിഷേധം ബോധ്യപ്പെട്ട മന്ത്രി പി. രാജീവ് കെട്ടിടത്തിന്റെ പൂര്‍ത്തിയായ നിലയ്ക്ക് ഒരാഴ്ചയ്ക്കകം നമ്പര്‍ നല്‍കാന്‍ ഉത്തരവിട്ടു. ചട്ടങ്ങള്‍ പരിശോധിച്ചു ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌ട്രേറേറ്റ് നിരാക്ഷേപത്രം ബാധകമാക്കണമെന്ന് നിര്‍ദേശം നല്‍കി. നല്‍കിയ പെര്‍മിറ്റ് റദ്ദ് ചെയ്തത് സംബന്ധിച്ച് പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശവുമുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments