അഡിഷണൽ ചീഫ് സെക്രട്ടറി കെ ജയതിലകിനെ വിമർശിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ കളക്ടർ ബ്രോ എൻ പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ കുറ്റാരോപണ മെമ്മോ. സസ്പെൻഷനിൽ ഉള്ള കാരണങ്ങളാണ് മെമ്മോയിൽ വ്യക്തമാക്കുന്നത്. 30 ദിവസത്തിനകം മെമ്മോയ്ക്ക് മറുപടി നൽകണമെന്നാണ് നിർദ്ദേശം.
ഇന്നലെ വൈകിട്ടാണ് കുറ്റാരോപണ മെമ്മോ എൻ പ്രശാന്തിന് ലഭിക്കുന്നത്. എൻ പ്രശാന്ത് ഉന്നതി സിഇഒ ആയിരിക്കെ ഫയൽ മുക്കി എന്ന് ആരോപണത്തിനു പിന്നിൽ ജയതിലക് ആണെന്ന് ആരോപിച്ച് പ്രശാന്ത് സമൂഹ മാധ്യമത്തിൽ വിമർശനം നടത്തിയതാണ് സസ്പെൻഷനിലേക്ക് നയിച്ചത്. സസ്പെൻഷനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എൻ പ്രശാന്ത് വ്യക്തമാക്കിയിരുന്നു.
അഡിഷണൽ ചീഫ് സെക്രട്ടറിക്കെതിരെ നടത്തിയ വിമർശനം സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സസ്പെൻഷന് ശേഷവും മാധ്യമങ്ങളിൽ അഭിമുഖം നൽകിയതും സർവീസ് ചട്ടങ്ങളുടെ ലംഘനമായി മെമ്മോയിൽ ചൂണ്ടിക്കാണിക്കുന്നു.
നവംബർ 11നാണ് കൃഷിവകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറിയായ എൻ പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. കടുത്ത നടപടി വേണമെന്ന ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.