ആളൂർ :- ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ഞപ്പിള്ളിയിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതിയടക്കം മൂന്നുപേർ പിടിയിലായി. കൊലപാതക കേസ്, പോലീസുകാരനെ ആക്രമിച്ച കേസ് എന്നിങ്ങനെ നിരവധി കേസിലെ പ്രതിയും കാപ്പ പ്രകാരം നാടുകടത്തപ്പെട്ട ചേർപ്പ് സ്വദേശിയും ആയ മിജോ ജോസ്, കവർച്ചകേസടക്കം നിരവധി കേസുകളിലെ പ്രതിയായ പുതുക്കാട് പോലീസ് സ്റ്റേഷൻ റൗഡിയും ആയ കല്ലൂർ സ്വദേശി അനീഷ് എന്ന പാമ്പ് അനീഷ്, ഊരകം സ്വദേശി സതീഷ് ബാബു എന്നിവരാണ് പിടിയിലായത്.
സതീഷ് ബാബുവാണ് ഒരു മാസം മുൻപ് ഈ വീട് വാടകയ്ക്ക് എടുത്തത്. കമ്പം തേനി എന്നീ സ്ഥലങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ചെറിയ ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു. പ്രതികളിൽ നിന്ന് 1.660 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
റൂറൽ ഡിസിപിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇരിഞ്ഞാലക്കുട ഡിവൈഎസ്പി കെജി സുരേഷിന്റെ നേതൃത്വത്തിൽ മാള സി ഐ സജിൻ ശശി, ആളൂർ എസ്ഐ മാരായ സുബിന്ത്, പ്രമോദ്, രാധാകൃഷ്ണൻ, ചേർപ്പ് എസ് ഐ പ്രദീപൻ, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബാബു ടിആർ, സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, അനൂപ്, ബിജുകുമാർ, ബിലഹരി, ആഷിക്. എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പ്രതികളെയും ചാലക്കുടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു