Friday, January 10, 2025
Homeകേരളംശബരിമല വാര്‍ത്തകള്‍/അറിയിപ്പുകള്‍ ( 01/12/2024)

ശബരിമല വാര്‍ത്തകള്‍/അറിയിപ്പുകള്‍ ( 01/12/2024)

ശബരിമലയിൽ മഴയും കോടമഞ്ഞും

ശബരിമല: പമ്പയിലും സന്നിധാനത്തും മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം ഉച്ചകഴിഞ്ഞ് കോടമഞ്ഞുമുണ്ടായിരുന്നു. രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശമിച്ചെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്പെട്ടു. രാവിലെ തീർഥാടകരുടെ തിരക്കുണ്ടായില്ല. എന്നാൽ ഉച്ചകഴിഞ്ഞ് തിരക്ക് അനുഭവപ്പെട്ടു.

ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ 49280 പേർ ദർശനം നടത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈകിട്ട് അഞ്ചിനുശേഷവും തീർഥാടകരുടെ ഒഴുക്ക് തുടരുകയാണ്.

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് പത്തനംതിട്ട ജില്ലയിൽ ഞായറാഴ്ച (ഡിസംബർ 1) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച(ഡിസംബർ 2) പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത (01/12/2024 )

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം (5-15 mm) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Thunderstorms with Moderate rainfall (5-15 mm) with surface wind speeds reaching upto 40 kmph (in gusts) is likely to occur at Sannidhanam, Pamba & Nilakkal during the next 3 hours.

ശബരിമല ക്ഷേത്ര സമയം (02.12.2024)

രാവിലെ 3.00 – ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 – രാത്രി 11.00

പൂജാ സമയം

നെയ്യഭിഷേകം- രാവിലെ 3.30 മുതല്‍
ഉഷഃപൂജ- രാവിലെ 7.30
ഉച്ചപൂജ- 12.30
ദീപാരാധന-വൈകിട്ട് 6.30
അത്താഴപൂജ-രാത്രി 9.30

രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.

ഏതുസാഹചര്യങ്ങളെയും നേരിടാൻ സദാ സജ്ജം എൻ.ഡി.ആർ.എഫ്.

ശബരിമല: പ്രകൃതിക്ഷോഭമടക്കം ഏതു പ്രതികൂലസാഹചര്യങ്ങളെ നേരിടാനും അടിയന്തരസാഹചര്യങ്ങളിൽ തീർഥാടകർക്ക് സഹായമേകാനും ദേശീയദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്) പമ്പയിലും സന്നിധാനത്തും സദാ സജ്ജം.

എൻ.ഡി.ആർ.എഫ്. ചെന്നൈ ആരക്കോണം നാലാം ബറ്റാലിയനിൽനിന്നുള്ള 79 പേരടങ്ങിയ സംഘമാണ് ശബരിമലയിലുള്ളത്. ടീം കമാൻഡർ ജയന്തോ കുമാർ മണ്ഡൽ, എസ്.ഐ. സഞ്ജു സിൻഹ, എ.എസ്.ഐ. എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പമ്പയിൽ 33 പേരും സന്നിധാനത്ത് 46 പേരുമാണ് കർമനിരതരായുള്ളത്.

മരംവെട്ടുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങൾ, എട്ട് റബറൈസ്ഡ് ബോട്ടുകൾ, സാറ്റലൈറ്റ് ഫോണുകൾ, ക്യുക് ഡിപ്ലോയബിൾ ആന്റിന, സ്‌ട്രെച്ചറുകൾ അടക്കം സർവസജ്ജമായാണ് എൻ.ഡി.ആർ.എഫിന്റെ പ്രവർത്തനം. സന്നിധാനത്തും നടപ്പന്തലിലുമായി രണ്ടു സംഘങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്.

ഒരു ഓഫീസറുടെ നേതൃത്വത്തിൽ ആറു സേനാംഗങ്ങളാണ് ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്നത്. ദിവസം മൂന്നു ഷിഫ്റ്റാണുള്ളത്. ആരോഗ്യപ്രശ്‌നങ്ങളാൽ കുഴഞ്ഞു വീഴുന്നവരെ സ്‌ട്രെച്ചറിൽ ആശുപത്രിയിലെത്തിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാണ് എൻ.ഡി.ആർ.എഫ്. സംഘം.

സംസ്ഥാന സർക്കാരിന്റെ ആവശ്യ പ്രകാരമാണ് എൻ.ഡി.ആർ.എഫ്. ശബരിമലയിൽ എത്തിയത്. കാലാവസ്ഥ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നൽകുന്ന നിർദ്ദേശങ്ങളനുസരിച്ചാണ്എൻ.ഡി.ആർ.എഫ്. പ്രവർത്തിക്കുക.

മണ്ഡലകാലം ആരംഭിച്ചശേഷം ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട 76 തീർഥാടകരെ അടിയന്തരമായി ആശുപത്രികളിലെത്തിക്കാൻ കഴിഞ്ഞതായും ഏതു പ്രതിസന്ധികളെയും നേരിടാൻ എൻ.ഡി.ആർ.എഫ്. സജ്ജമാണെന്നും ടീം കമാൻഡർ ജയന്തോ കുമാർ മണ്ഡൽ പറഞ്ഞു.

അന്നമേകി 3.52 ലക്ഷം പേർക്ക്

ശബരിമല: പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലുമായി തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അന്നദാനമ ണ്ഡപങ്ങളിലൂടെ ഇതുവരെ അന്നമൂട്ടിയത് 3.52 ലക്ഷം പേർക്ക്. സന്നിധാനത്ത് 2.60 ലക്ഷം തീർഥാടകർക്കും നിലയ്ക്കലിൽ 30,000 പേർക്കും പമ്പയിൽ 62,000 പേർക്കും സൗജന്യമായി ഭക്ഷണം നൽകി.

അന്നദാനമണ്ഡപങ്ങളിലൂടെ ദിവസം മൂന്നുനേരമാണ് ഭക്ഷണം നൽകുന്നത്. രാവിലെ 6.30 മുതൽ 11 വരെയാണ് പ്രഭാതഭക്ഷണം നൽകുന്നത്. രാവിലെ 11.45 മുതൽ ഉച്ചകഴിഞ്ഞ് നാലുവരെയാണ് ഉച്ചഭക്ഷണ സമയം. വൈകിട്ട് 6.30 മുതൽ അർധരാത്രിവരെ നീളുന്നു രാത്രിഭക്ഷണ സമയം. ഭക്ഷണം പാകം ചെയ്യുന്നതിന് ആധുനിക യന്ത്രങ്ങൾ ഉപയോഗിക്കുന്നു. പാചകശാലയിലും വിതരണഹാളിലും വൃത്തിയും ശുചിത്വവും കാത്തുസൂക്ഷിക്കാൻ വിപുലമായ സജ്ജീകരണമാണ് ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. 200 പേരാണ് സന്നിധാനത്ത് അന്നദാന മണ്ഡപത്തിൽ ജോലിയിലുള്ളത്. പമ്പയിൽ 130 പേർക്കും സന്നിധാനത്ത് 1000 പേർക്കും നിലയ്ക്കലിൽ 100 പേർക്കും ഒരേസമയമിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.

തീർഥാടകർക്ക് സുഗമമായി മൂന്നുനേരവും വൃത്തിയുള്ളതും രുചികരവുമായ ഭക്ഷണം നൽകാൻ സാധിക്കുന്നുണ്ടെന്നും ഭക്തരുടെ അകമഴിഞ്ഞ പിന്തുണ അന്നദാനത്തിന് ഉണ്ടാവണമെന്നും അന്നദാനം സ്‌പെഷൽ ഓഫീസറായ ദേവസ്വം ബോർഡ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ എസ്. ശ്രീനിവാസ് പറഞ്ഞു.

ഭക്ഷണവിഭവങ്ങൾ ഇങ്ങനെ

രാവിലെ- ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി
ഉച്ചയ്ക്ക്- പുലാവ്, സലാഡ്/വെജിറ്റബിൾ കുറുമ, അച്ചാർ, കുടിവെള്ളം
വൈകിട്ട്- കഞ്ഞി, അസ്ത്രം (കൂട്ടുകറി), അച്ചാർ

അന്നദാനത്തിൽ പങ്കാളിയാകാം

അന്നദാനപ്രഭുവായാണ് അയ്യപ്പൻ അറിയപ്പെടുന്നത്. അന്നദാനം മഹാദാനമായി അറിയപ്പെടുന്നതിനാൽ ഭക്തർക്ക് പുണ്യപ്രവർത്തിയെന്ന നിലയിൽ അന്നദാനത്തിനായി സംഭാവന നൽകാം. അന്നദാനം സുഗമമായി നടപ്പാക്കുന്നതിന് ദേവസ്വം ബോർഡ് ശബരിമല ശ്രീധർമശാസ്താ അന്നദാന ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. സംഭാവനകൾ ചെക്കായോ ഡി.ഡി. ആയോ ശബരിമല ശ്രീധർമശാസ്താ അന്നദാന ട്രസ്റ്റ്, എക്‌സിക്യൂട്ടീവ് ഓഫീസർ, ശബരിമല ദേവസ്വം, പത്തനംതിട്ട ജില്ല, കേരളം അല്ലെങ്കിൽ ദേവസ്വം അക്കൗണ്ട്‌സ് ഓഫീസർ, ദേവസ്വംബോർഡ് ബിൽഡിങ്, നന്ദൻകോട്, തിരുവനന്തപുരം എന്നീ വിലാസങ്ങളിൽ നൽകാം. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും കൗണ്ടറുകളിലൂടെ നേരിട്ടും സംഭാവന നൽകാം.

ധനലക്ഷ്മി ബാങ്കിന്റെ തിരുവന്തപുരം നന്ദൻകോട് ബ്രാഞ്ചിലെ 012601200000086 (ഐ.എഫ്.എസ്.സി. കോഡ്: DLXB0000275) എന്ന അക്കൗണ്ടിലേക്കും എച്ച്.ഡി.എഫ്.സി. തിരുവനന്തപുരം ശാസ്തമംഗലം ബ്രാഞ്ചിലെ 15991110000014 (ഐ.എഫ്.എസ്.സി. കോഡ്: HDFC0001599) എന്ന അക്കൗണ്ടിലേക്കും സംഭാവന നൽകാം.

അന്നദാനമണ്ഡപ ചുവരിലിനി
പുലിപ്പുറത്തേറിയ അയ്യപ്പന്റെ കൂറ്റൻ ചിത്രം

-ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് അനാഛാദനം നിർവഹിച്ചു

ശബരിമല: ഭിന്നശേഷിക്കാരനായ മനുവെന്ന ചിത്രകാരൻ സന്നിധാനത്തെ അന്നദാനമണ്ഡപത്തിന്റെ ചുവരിൽ വരച്ച പുലിപ്പുറത്തേറിയ അയ്യപ്പന്റെ കൂറ്റൻ ചുവർചിത്രം അനാഛാദനം ചെയ്തു. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്താണ് അനാഛാദനം നിർവഹിച്ചത്. അയ്യപ്പന്റെ ജീവൻതുളുമ്പുന്ന ചിത്രം മനുവിന്റെ ദേവസ്പർശമുള്ള കരങ്ങളിലൂടെയാണ് പൂർത്തീകരിച്ചിട്ടുള്ളതെന്നും അനുഗ്രഹീതനായ കലാകാരനാണെന്നും ദേവസ്വം ബോർഡ് എല്ലാ സഹായവും ഒരുക്കി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പത്തനാപുരം ചേകം മഞ്ജുവിലാസത്തിൽ മനുവെന്നറിയപ്പെടുന്ന മനോജ്കുമാറാണ് 20 അടി പൊക്കമുള്ള അയ്യപ്പന്റെ ചുവർചിത്രം വരച്ചത്. ചുവരൊരുക്കിയ ശേഷം നാലുദിവസം കൊണ്ടാണ് ചിത്രരചന പൂർത്തീകരിച്ചത്. ജന്മനാ വലതുകൈ മുട്ടിനു താഴെയില്ലാത്ത മനു ഇടം കൈ മാത്രം ഉപയോഗിച്ചാണ് അയ്യപ്പന്റെ കമനീയമായ ചിത്രം വരച്ചത്.

അക്രിലിക് പെയിന്റുപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. അന്നദാനമണ്ഡപത്തിലും മാളികപ്പുറം ക്ഷേത്രത്തിനു സമീപത്തെ പന്തളം രാജകുടുംബാംഗം താമസിക്കുന്ന കെട്ടിടത്തിന്റെ ചുവരുകളിലുമായി മണികണ്ഠന്റെ ജനനം, തുടർന്ന് കാട്ടിൽ നിന്ന് കണ്ടെടുത്തതു മുതലുള്ള വിവിധ ഘട്ടങ്ങളിലെ ആറു ചിത്രങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. നവംബർ 10നാണ് മനു സന്നിധാനത്ത് എത്തിയത്. ദിവസം ഒന്നെന്ന നിലയിൽ 25 ചിത്രങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
കൊട്ടാരക്കരയിലെ രവി വർമ ഇൻസ്റ്റിറ്റ്യൂട്ടിൽ ചിത്രരചന പഠിച്ച മനു വാഹനങ്ങൾക്ക് നമ്പർ എഴുതിക്കൊടുത്താണ് ഉപജീവനം നയിച്ചിരുന്നത്.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ചുവരുകളിൽ മനു ചിത്രം വരയ്ക്കുന്നത് കണ്ട ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്താണ് മനുവിന് കൂടുതൽ ക്ഷേത്രങ്ങളിൽ ചുമർചിത്രങ്ങൾ വരയ്ക്കാൻ അവസരം നൽകിയത്. പന്തളം കൊട്ടാരത്തിലുൾപ്പെടെ ചിത്രം വരച്ചു.

സന്നിധാനത്ത് അയ്യപ്പന്റെ ചിത്രം വരയ്ക്കാൻ ലഭിച്ച അവസരം ഭാഗ്യമായും നിയോഗമായും കാണുന്നതായി മനു പറഞ്ഞു. കഠിനമായ ജീവിതപ്രാരാബ്ധങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും അയ്യപ്പന്റെ എല്ലാ അനുഗ്രഹവും തനിക്കുണ്ടാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിക്യൂട്ടീവ് ഓഫീസർ ബി. മുരാരി ബാബു, എക്‌സിക്യൂട്ടീവ് എൻജിനീയർ വി. രാജേഷ് മോഹൻ, അസിസ്റ്റന്റ് എൻജിനീയർമാരായ ജി. മനോജ് കുമാർ, ജി. സന്തോഷ്‌കുമാർ, അനൂപ് രവീന്ദ്രൻ, സുനിൽകുമാർ എന്നിവർ സന്നിഹിതരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments