ആലപ്പുഴ: എറണാകുളത്തേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. തമിഴ്‌നാട് അണ്ണാനഗര്‍, എം.ജി.ആര്‍. കോളനിയിലെ സ്‌നേഹപ്രിയ(33)യാണ് പിടിയിലായത്. ചേര്‍ത്തല കോടതിയിലെ അഭിഭാഷകയായ കോടംതുരുത്ത് ഹരിതഭവനത്തില്‍ അഷിത ഉണ്ണി(31)യുടെ ബാഗിൽ നിന്നാണ് ഇവർ പതിനാറായിരം രൂപയും ഒരു പവന്റെ വളയും മോഷ്ടിച്ചത്. ഈ സമയത്ത് ബസിലുണ്ടായിരുന്ന അരൂര്‍ പൊലീസ് സ്‌റ്റേഷനിലെ എ എസ് ഐ സബിതയാണ് മോഷ്ടാവിനെ പിടികൂടിയത്.
സ്വർണം മാറ്റി വാങ്ങുന്നതിനായി ചമ്മനാട് ബസ് സ്റ്റോപ്പിൽ നിന്നും എറണാകുളത്തേക്ക് പോകാനായി കയറിയതായിരുന്നു അഷിത. ടിക്കറ്റ് എടുക്കാനായി ബാഗ് തുറന്നപ്പോഴാണ് സ്വർണവും പണവും മോഷണം പോയത് മനസ്സിലാക്കിയത്. ഈ സമയത്ത് നാടോടി സ്‌ത്രീ നോട്ട് ചുരുട്ടിമാറ്റുന്നത് ബസിലുണ്ടായിരുന്ന എ എസ് ഐ സബിത കണ്ടു.ഉടനെ തന്നെ സബിത സ്നേഹ പ്രിയയെ പിടികൂടി. വളയും പണവും ബസിന്റെ പ്ലാറ്റ്‌ഫോമിലേക്കിട്ട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എഎസ്ഐ വിട്ടില്ല. സബിതയുടെ സമയോചിത ഇടപെടലാണ് പണവും വളയും തിരിച്ചുകിട്ടാന്‍ സഹായകമായത്.
പിടിയിലായതോടെ സ്നേഹപ്രിയ മറ്റു പേരുകൾ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമം നടത്തി. ഇത് പൊലീസിനെ കുഴപ്പത്തിലാക്കിയെങ്കിലും പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇവരുടെ വിവരം ലഭിച്ചു. തിരക്കേറിയ ക്ഷേത്രം, പള്ളി, ബസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ മോഷണം നടത്തുന്നത്. പാലാ, കണ്ണമാലി സ്‌റ്റേഷനുകളില്‍ ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.മോഷണത്തിനായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തുന്ന സംഘങ്ങളിലെ കണ്ണിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ
ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.