മലയാളമെന്നത് അത്ര മോശപ്പെട്ട ഭാഷയാണോ? അങ്ങനെ എനിക്ക് തോന്നിയിട്ടില്ല കാരണം അത്രയേറെ ഈ ഭാഷ ഉന്നതിയിൽ ആണ്. സംസാരിക്കാനും എഴുതാനും ഏറ്റവും പ്രയാസപ്പെട്ടതാണെങ്കിലും മലയാളത്തെ സ്നേഹിക്കുന്ന ഒരുപാടു അന്യഭാഷക്കരെ ഞാൻ കണ്ടിട്ടുണ്ട്. മലയാളികളുടെ സംസ്‍കാരത്തിലും, സാഹിത്യത്തിലും മലയാളഭാഷ അത്രയേറെ പങ്കു വഹിച്ചിട്ടുണ്ട്. മലയാളഭാഷ സംസാരിക്കുന്ന നാട്ടിൽ ആയതുകൊണ്ടാണല്ലോ നമ്മൾ മലയാളികൾ ആയത്. പക്ഷെ, ഇന്നത്തെ ചില ആളുകളുടെ സംസാരം, പെരുമാറ്റം, മലയാളഭാഷയോടുള്ള സമീപനം എന്നിവ കാണുമ്പോൾ മലയാളം അത്രയും മോശമാണോ എന്ന് തോന്നാറുണ്ട്.
ചില സംഭവങ്ങൾ കാണുമ്പോൾ മനസ്സിൽ തോന്നിയ വികാരമാണ് ഈ എഴുത്തിലേക്കു എന്നെ നയിച്ചത്. കേരളത്തിൽ എത്തിയാൽ ഇപ്പൊ നോർത്ത് ഇന്ത്യയിൽ പോയ അനുഭവമാണ്. എവിടെയും ഹിന്ദിഭാഷയും, അതു സംസാരിക്കുന്ന ആളുകളും അതിനിടയിൽ എവിടെയെങ്കിലും ഒക്കെ ഓരോ മലയാളികൾ!
ഇന്ന് ഒട്ടു മിക്ക മലയാളികളും മലയാളം എന്ന ഭാഷയെ മറന്ന അവസ്ഥയാണ്. ബോധപൂർവ്വം മലയാളത്തെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നവരും കുറവല്ല. ഏതെങ്കിലും ഒരു മലയാള ചാനൽ ശ്രദ്ധിച്ചാൽ മതി, അതിലെ അവതാരകർ സംസാരിക്കുന്ന ഭാഷ കേട്ടാൽ മതി. വാർത്തകൾ അല്ലാട്ടോ, വേറെ എന്തെങ്കിലും പരിപാടികൾ, അതിൽ സ്ത്രീഅവതാരകർ എത്ര വികലമായാണ് ഭാഷ സംസാരിക്കുന്നത് ? സത്യത്തിൽ അവർ സംസാരിക്കുന്ന രണ്ടു ഭാഷയ്ക്കും ഒരു വ്യക്തിത്വമില്ലാത്ത അവസ്ഥയാണ് ഉള്ളത്. മലയാളവും, ഇഗ്ലീഷും കലർത്തി സംസാരിച്ചില്ലെങ്കിൽ അതൊരു കുറവായിട്ടാണ് ഇന്നത്തെ പുതുതലമുറയിലെ അവതാരകരും, നടിമാരും, നടന്മാരും ഒക്കെ കരുതുന്നത്.
ട്രെയിൻ യാത്രയിലെ അനുഭവങ്ങൾ ഞാൻ എഴുതാറുണ്ട്. അങ്ങനെ ഇപ്രാവശ്യം യാത്രയിൽ കിട്ടിയ അനുഭവം മലയാള ഭാഷയെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. നാട്ടിൽനിന്നു ചെന്നൈയിലേക്ക് പോകുമ്പോൾ ഷൊർണൂർ വരെ നിലമ്പൂർ പാലക്കാട് പാസഞ്ചറിലാണ് എന്റെ യാത്ര. വാണിയമ്പലം സ്റ്റേഷനിൽ നിന്ന് സ്ത്രീകളുടെ കമ്പാർട്ട്മെന്റിൽ കയറി ഇരുന്നു. എന്റെ സീറ്റിൽ ഉമ്മയും കുഞ്ഞുമോളും, ഞാൻ ഇരിക്കുന്ന എതിർ സീറ്റിൽ വയസായ ഒരു ഉമ്മ കിടക്കുന്നു. ഞാൻ ബാഗൊക്കെ ഒതുക്കി സ്വസ്ഥമായി ഇരുന്നു. യുകെജി പഠിക്കുന്ന കുഞ്ഞാണ്. കാര്യമായിരുന്നു എഴുതി പഠിക്കുന്ന തിരക്കിൽ ആണ്. അവളുടെ ഉമ്മയും അവളും ഇംഗ്ലീഷിലുള്ള പക്ഷികളുടെ പേരുകൾ എന്തൊക്കെയോ സ്പെല്ലിങ് എഴുതി പഠിപ്പിക്കുന്നു. കുറച്ചുനേരം അവളെ ശ്രദ്ധിച്ചു. കാരണം കുഞ്ഞു പ്രായത്തിൽ യാത്രയിൽ എന്തൊക്കെ കൗതുകമുണ്ടാവും, എന്തൊക്കെ കാഴ്ച്ചകൾ ഉണ്ടാവും.. അതൊന്നും ശ്രദ്ധിക്കാതെ ആ കുഞ്ഞു ഇരുന്നു പഠിക്കുന്നു. അവരെ അവരുടെ പാട്ടിനു വിട്ട് ട്രെയിൻ ഓടിമറയുന്ന കാഴ്ചകളിലേക്ക് ഞാൻ സഞ്ചരിച്ചു.
ഇടയ്ക്കു അവരുടെ സംസാരത്തിൽ നിന്നും ആ കുട്ടിക്ക് ടെസ്റ്റ് പേപ്പർ എന്തോ ഉണ്ടെന്ന് മനസ്സിലായി. തൊട്ടടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ അവിടെനിന്നും ഒരു പെൺകുട്ടി, ഡിഗ്രിക്ക് പഠിക്കുന്ന ഒരു പെൺകുട്ടിയാണ് തോന്നുന്നു, അവൾ എന്റെ എതിർ സീറ്റിൽ വന്നിരുന്നു. അവളും ആ കുട്ടിയെ കൗതുകത്തോടെ നോക്കി, എനിക്കൊരു ചിരി സമ്മാനിച്ചു ഫോണിൽ നോക്കിയിരുന്നു. ഒരു കടലമിഠായിക്കാരൻ ഞങ്ങളുടെ ഇടയിലേക്ക് അൽപ്പം മധുരം പകർന്നു പോയി. മിട്ടായി കിട്ടിയതോടെ കുഞ്ഞു പെൻസിലും പേപ്പറും വെച്ച് അവൾ ഉഷാറായി. എന്റെ എതിരെ ഇരിക്കുന്ന പെൺകുട്ടി ആ കുഞ്ഞിനോട് സംസാരിക്കാൻ ശ്രമിക്കുകയായിരുന്നു. പെട്ടന്ന് ആ കുട്ടിയുടെ മാതാവ് മോൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയാം, അവളോട് ഇംഗ്ലീഷിൽ സംസാരിക്കുമോ? ഞാൻ അത്ഭുതത്തോടെ അവരെ നോക്കി. Ukg പഠിക്കുന്ന കുട്ടിയോടാണ് ഇഗ്ലീഷിൽ സംസാരിക്കാൻ പറയുന്നത്. പക്ഷെ, പിന്നീട് അവർ പറഞ്ഞത് ആ കുഞ്ഞു പഠിക്കുന്ന സ്കൂളിലെ വിശേഷങ്ങൾ ആയിരുന്നു. ആ സ്ഥാപനത്തിൽ കുട്ടികൾ തമ്മിൽ മലയാളം പറയാൻ പാടില്ല. അഥവാ പറഞ്ഞാൽ അതിനു പിഴ കൊടുക്കണം. ആ കുഞ്ഞ് കൊച്ചുകൊച്ച് ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞുകൊണ്ട് സംസാരിക്കുകയാണ്. എനിക്ക് അതിനോട് വല്ലാത്ത സഹതാപമാണ് തോന്നിയത്. പെറ്റമ്മയോളം വാത്സല്യം തോന്നുന്ന മാതൃഭാഷയെ അവഗണിച്ചു കൊണ്ട്, അന്യഭാഷയെ ചുമക്കുന്ന കുട്ടികൾ!
ഇതാണ് ഇന്ന് ഒട്ടുമിക്ക വീടുകളിലും അവസ്ഥ. കുട്ടികളെ ഇംഗ്ലിഷ് ഭാഷ, സായിപ്പിന്റെ ഭാഷ പഠിപ്പിക്കാൻ തിരക്കുകൂട്ടുന്ന മാതാപിതാക്കൾ വലിയ സ്കൂളിൽ ചേർക്കുന്നു, അതുകൂടാതെ അവർക്കായി ഭാഷ മെച്ചപ്പെടുത്താനുള്ള സ്‌പോക്കൻ ഇംഗ്ലീഷ് ക്ലാസുകൾ എന്നുവേണ്ട എന്തൊക്കെ ക്ലാസുകൾ. ഇതുകൂടാതെ മറ്റു ഭാഷകളും പഠിക്കാനും പഠിപ്പിക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കുന്നു. പക്ഷേ മലയാള ഭാഷയെ പഠിക്കാൻ, പഠിപ്പിക്കാൻ ആരും തയ്യാറാവുന്നില്ല. അതുമാത്രമല്ല, മലയാളത്തിലെ സാഹിത്യ സൃഷ്ടികൾ പോലും വായിക്കാനും അറിയാനും ശ്രമിക്കുന്നില്ല എന്നതാണ് ഏറെ ഖേദം. പണ്ടൊക്കെ കഥ, കവിത, നോവൽ തുടങ്ങിയ സാഹിത്യ സൃഷ്ടികൾ വായിക്കാൻ എല്ലാവരും ശ്രമിച്ചിരുന്നു. പക്ഷെ, ഇന്ന് അതു കുറഞ്ഞു, അതുകൊണ്ടു തന്നെ സാഹിത്യവും മുരടിച്ചു നിൽക്കുന്നു.
ഭാഷാപഠനം എന്നതു നല്ല കാര്യം തന്നെ. കാരണം, കേരളത്തിൽ തന്നെ ഇറങ്ങി നടക്കാൻ എന്ന ഹിന്ദിയും ബംഗാളിയും പഠിക്കേണ്ട അവസ്ഥയാണ്. ഒരു വിധം ഇഴഞ്ഞുപോകുന്ന മലയാളഭാഷയെ അതിന്റെ വീഴ്ചയുടെ ആഘാതം കൂട്ടാൻ ഇത് കാരണമായി എന്ന് തന്നെ പറയാം. കേരളത്തിൽ ശുദ്ധമലയാളം കേൾക്കാൻ ഇല്ലാത്ത അവസ്ഥ വന്നു തുടങ്ങി. ഒന്നുകിൽ ഇംഗ്ലീഷും മലയാളവും കലർന്ന മംഗ്ലീഷ്, അല്ലെങ്കിൽ ഹിന്ദിയും മലയാളവും കലർത്തിയ ഭാഷ. മലയാളം എന്ത് കൊണ്ട് ഇങ്ങനെ അവഗണിക്കപ്പെടുന്നു. ശ്രേഷ്ഠഭാഷാപദവി ലഭിച്ച ഭാഷ, എന്തുകൊണ്ടും അത്രയ്ക്ക് സംസ്കാരസമ്പന്നതയും, സാഹിത്യസൃഷ്ടികളുമുള്ള ഭാഷ ഇങ്ങനെ വികലമായി കാണുമ്പോൾ മനസ്സിൽ വല്ലാത്ത സങ്കടം ഉണ്ട്.
മലയാളികളുടെ ഐഡന്റിറ്റിയാണ് നമ്മുടെ ഭാഷ. അതിനെ ഉന്നതിയിൽ എത്തിക്കേണ്ടത് നമ്മളാണ്. മലയാള ഭാഷയെ അതിന്റെ സംശുദ്ധിയോടെ സംരക്ഷിക്കേണ്ടത് ഗവണ്മെന്റിന്റെ കൂടെ കടമയാണ്. ഏതൊക്കെ ഭാഷ പഠിച്ചാലും, അറിഞ്ഞാലും മലയാളം മറക്കാതെയിരിക്കുക, നമ്മുടെ സാഹിത്യ സൃഷ്ടികൾ വായിക്കുക, അറിയുക…