തിരുവനന്തപുരം; ടെക്നോപാര്‍ക്കില്‍ ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതികൾ ഓച്ചിറയിൽ പിടിയിൽ. കുണ്ടറ ഇളംമ്പള്ളൂര്‍ സ്വദേശി വിഷ്ണുപ്രിയ, മരുത്തടി സ്വദേശി മിദ്യദത്ത് എന്നിവരാണ് പിടിയിലായത്.വ്യാജമായി തയ്യാറാക്കിയ അപ്പോയിന്‍മെന്റെ് ലെറ്റര്‍ കൈമാറിയായിരുന്നു തട്ടിപ്പ്.
ക്ലാപ്പന സ്വദേശിയുടെ മകൾക്ക് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലി ശരിയാക്കി നല്‍കാം എന്നു പറഞ്ഞ് വിഷ്ണുപ്രിയയും മിദ്യദത്തും എഴുപതിനായിരം രൂപ കൈക്കലാക്കുകയായിരുന്നു.തുടര്‍ന്ന് ദിവസങ്ങൾക്ക് ശേഷം ജോലി ശരിയായെന്ന് അറിയിച്ച് വ്യാജമായി തയ്യാറാക്കിയ വ്യാജ നിയമന ഉത്തരവ് കൈമാറി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു. നിയമന ഉത്തരവിലെ അക്ഷരതെറ്റ് കണ്ട് സംശയം തോന്നിയതോടെ വിവരം ഓച്ചിറ പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വഷണത്തിലാണ് തട്ടിപ്പ് നടത്തിയത് വിഷ്ണുപ്രിയയും മിദ്യദത്തും ചേർന്നാണെന്ന് മനസിലാക്കിയത്.ഓച്ചിറ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഇബ്രഹിംകുട്ടിയുടെ നേതൃത്വത്തില്‍ എസ്.സ പിഒ മാരായ അനു, സെബിന്, സബീദ, ഷംന എന്നിവരുടെ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
ഒന്നാം പ്രതിയായ വിഷ്ണുപ്രിയയെ കെ.എം.എം.എല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതിന് നേരത്തെ ചവറ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഇവര്‍ വീണ്ടും തട്ടിപ്പ് നടത്തിയത്.