സ്പെയിനിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 158 ആയി ഉയർന്നു. അതിജീവിച്ചവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാണ്. ദശാബ്ദങ്ങളിലെ ഏറ്റവും വലിയ പ്രളയത്തിനാണ് സ്പെയിൻ സാക്ഷിയായത്.
വലൻസിയയിലാണ് കൂടുതൽ മരണങ്ങളും. 155 മൃതദേഹങ്ങൾ കണ്ടെടുത്തതായി വലൻസിയയുടെ കിഴക്കൻ മേഖലയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്ന സമിതി അറിയിച്ചു. സെൻട്രൽ സ്പെയിനിലെ കാസ്റ്റില്ല-ലാ മഞ്ചയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്ക് അന്തലൂസിയയിൽ ഒരു മരണവുമുണ്ടായി.
സുനാമി കണക്കെയായിരുന്നു വെള്ളം കുതിച്ചുവന്നതെന്ന് നാട്ടുകാർ പറയുന്നു. വീണുകിടക്കുന്ന ഡോമിനോകളെപ്പോലെ കാറുകൾ ഒന്നിനു മുകളിൽ ഒന്നായി കുമിഞ്ഞുകൂടി. വെള്ളപ്പൊക്കത്തിൽ പാലങ്ങൾ തകരുകയും റോഡുകൾ തിരിച്ചറിയാനാകാതെ വരികയും ചെയ്തു. ഇനി എത്ര പേരെ കണ്ടെത്താനുണ്ടെന്ന് പ്രാദേശിക അധികാരികൾ വെളിപ്പെടുത്തിയിട്ടില്ല. അന്തിമ മരണസംഖ്യ ഇതിലും വലുതായിരിക്കുമെന്ന് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് പറഞ്ഞു.