കൽപ്പറ്റ: വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.വയനാട്ടിലെ ജനങ്ങൾക്ക് തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നും അവർക്ക് തന്റെ സഹോദരിയേക്കാൾ മികച്ച മറ്റൊരു നേതാവിനെ നിർദ്ദേശിക്കാനില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.വയനാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി പൊരുതാനും പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുൽ ഗാന്ധി കുറിച്ചു.
വയനാട് ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരും വയനാട്ടിലെത്തുന്നുണ്ട്. റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം. രാവിലെ 11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ നേതാക്കൾ എല്ലാം അണിനിരക്കും.
മണ്ഡലം രൂപീകൃതമായ ശേഷം കോൺഗ്രസിനൊപ്പമാണ് വയനാട്. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.
എട്ടര വർഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും.