“ദേ.. ദ് ഇങ്ങനെ മുന്നിലിരുന്ന് കേൾക്കാനേ പാടുള്ളൂ.. തൊട്ടുപോകരുത്.. ”
ഏട്ടനും ഞാനും വിടർന്നകണ്ണുകളോടെ മേശമേലേക്കു ഒന്നു കൂടി ചാഞ്ഞിരുന്നു..
ആ കുഞ്ഞുപെട്ടിക്കുള്ളിൽ തൃശൂർ പൂരത്തിന്റെ വെടിക്കെട്ടാണ്! ഇടയിലതാ യേശുദാസിന്റെ ശ്രുതിമധുരമായ ശബ്ദം “കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും, അനുരാഗവതി, നിൻചൊടികളിൽനിന്നാലിപ്പഴം പൊഴിയും.”
ഹോ.. ആലിപ്പഴത്തിന്റെ കുളിരുമായതു വന്നുവീണത് ഞങ്ങളുടെ കർണ്ണപുടത്തിലാണ്. അമ്മയുടെ മുഖത്തപ്പോൾ സാഫല്യത്തിന്റെ പ്രകാശം!
വെയിലും മഴയും മഞ്ഞും മാറിമാറി വന്നു. ആ ട്രാൻസിസ്റ്റർ റേഡിയോ ഇഷ്ടകൂട്ടുകാരനായി. രാവിലത്തെ ലളിതസംഗീതപാഠം പ്രിയമുള്ള പ്രോഗ്രാം.. എല്ലാ വെള്ള്യാഴ്ചയും ക്ലാസ്സ്‌വൈസ് സാഹിത്യസമാജം ഉണ്ടാകും. അതിനു കേട്ടു പഠിച്ച പുതിയ,പുതിയ പാട്ടുകൾ പാടാം. അന്നൊക്കെ സിനിമാപാട്ടാണ് കൂടുതൽ പേരും പാടുക.
” കുട്ടിക്ക് എവിടുന്നാ ഈ പുത്തൻപാട്ടുകള്?”
“അതോ, അതു റേഡിയോവിലെ ലളിതസംഗീതപാഠത്തിൽനിന്ന്.”
എന്ന് പറയുമ്പോൾ കണ്ണുകൾ കൂടുതൽ തിളങ്ങും. കാരണം ക്ലാസിലെ മറ്റു കുട്ടികൾക്കൊന്നും വീട്ടിൽ റേഡിയോ ഇല്ലല്ലോ!
പദ്യപാരായണത്തിനുള്ള കവിത അമ്മ എങ്ങനെയെങ്കിലും ഒപ്പിച്ചു വയ്ക്കും. അതു ബൈഹാർട്ട് ആക്കും. മാസത്തിലൊരിക്കൽ സ്കൂൾ സാഹിത്യസമാജത്തിന് ചൊല്ലാനും പാട്ടുകൾ ഇഷ്ടം പോലെ സ്റ്റോക്ക്.നന്ദി ആരോടു ഞാൻ ചൊല്ലേണ്ടൂ!!
വൈകുന്നേരം ഏഴുമണി കഴിഞ്ഞാലാണ് എന്നു തോന്നുന്നു, “എഴുത്തുപെട്ടി ” എന്നൊരു പ്രോഗ്രാം ഉണ്ട്. വായനക്കാരുടെ കത്തുകൾ വായിച്ച്,റേഡിയോ നിലയത്തിലെ മറ്റൊരാൾ അതിനു മറുപടി പറയും.അങ്ങനെ ഒരിക്കൽ ഞാനും അയച്ചു ഒരു കത്ത്. തൃശ്ശൂർ നിലയം അവതരിപ്പിച്ചിരുന്ന നാടകോത്സവത്തിലെ “പ്രഹേളിക”എന്ന നാടകത്തെ അഭിനന്ദിച്ചെഴുതിയ ഒരു കത്ത്. ടി പി രാധാമണിയും, ഖാൻ കാവിലും തകർത്തഭിനയിച്ച ആ നാടകത്തിലെ ഡയലോഗ് ഇന്നും കാതുകളിൽ മുഴങ്ങുന്നപോലെ!
ഏതായാലും എഴുത്തുപെട്ടിയിൽ കത്തു വായിച്ചു. “അഭിനന്ദനങ്ങൾ അറിയിച്ച ഗിരിജാവാര്യർക്കു നന്ദി” എന്ന് റേഡിയോയിലൂടെഎന്റെ പേര് മുഴങ്ങിക്കേട്ടപ്പോൾ ഓസ്കാർ അവാർഡ് കിട്ടിയ സന്തോഷമായിരുന്നു എന്റെ അമ്മക്ക്! കാരണം ഇതിന്റെ പിന്നിലെ പ്രോത്സാഹനം അമ്മയായിരുന്നുവല്ലോ! മകളുടെ പേര് എഴുത്തുപെട്ടിയിൽ ഒരു തവണ കേട്ടു,” ആനന്ദലബ്ധിക്കിനി എന്തുവേണം?”
കാലം പിന്നെയും കഴിഞ്ഞു, കഥകൾ നിറഞ്ഞ കൊല്ലം പലതുപോയി, ഞാനൊരു പ്രീഡിഗ്രിക്കാരിയായി. അന്ന് അമ്മയുടെ പൊന്നാനിയിലെ തറവാട്ടിൽ താമസിച്ചാണ് പഠിച്ചിരുന്നത്. അവിടെ ഒരു വലിയ മർഫി റേഡിയോ ഉണ്ടായിരുന്നു. തെക്കിനിയിൽ നടുമുറ്റത്തിനടുത്തുള്ള,വലിയ ഈട്ടിത്തടിയുടെ മേശമേൽ മറ്റൊരു രാജനായി അതങ്ങനെ വിലസി. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോളാണ് ,ചെറിയമ്മയുടെ മോള് പൊന്നാനി പ്രീഡിഗ്രിക്ക് പൊന്നാനിയിൽ ചേർന്നത് എനിക്കങ്ങനെ തറവാട്ടിൽ ഒരു കൂട്ടായി.അവളുടെ അച്ഛൻ കലാമണ്ഡലത്തിലെ സംഗീതഅദ്ധ്യാപകനായ കലാമ ണ്ഡലം രാമൻകുട്ടിവാര്യരാണ്.അദ്ദേഹം കഥകളി ട്രൂപ്പിന്റെകൂടെ വിദേശസഞ്ചാരം നടത്തുമ്പോൾ കൗതുകമുള്ള ചില സാധനങ്ങൾ കൊണ്ടുവരും. ആക്കൂട്ടത്തിൽ മകൾക്ക്,ജ്യോതിക്ക് ,ഒരു പോക്കറ്റ് റേഡിയോ കൊണ്ടുവന്നുകൊടുത്തു. രാത്രി അത്താഴം കഴിഞ്ഞാൽ വടക്കിനിയിൽ ഞങ്ങളെ പഠിക്കാനിരുത്തി വല്യമ്മ കിടക്കാൻപോകും.പിന്നെ, “വായിക്കുന്നു” എന്ന തോന്നലുണ്ടാക്കി പുസ്തകത്തിനിടയിൽ ഈ റേഡിയോ വച്ച് രഞ്ജിനി (നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ )കേൾക്കലാണ് ഞങ്ങളുടെ പണി. ഞാനന്ന് പൊന്നാനിയിൽ നിന്നും ഗുരുവായൂരിലെ ലിറ്റിൽ ഫ്ലവറിലേക്ക് ബസ്സ് കയറിപ്പോയി പഠിച്ചുവരുന്ന കാലം.സ്വാഭാവികമായും ക്ഷീണം കൊണ്ട് ഞാൻ വായനക്കിടയിൽ ഉറക്കം തൂങ്ങും. ജ്യോതിക്ക് പൊന്നാനി MES ലേക്ക് നടന്നുപോകാനേയുള്ളൂ. അവൾ പുസ്തകം നിവർത്തിവച്ച് പാട്ടുകേൾക്കും. രണ്ടുപേരും പഠിക്കുകയൊന്നുമായിരുന്നില്ല എന്ന് ചുരുക്കം. മുകളിൽ നിന്ന് വടക്കിനിയിലേക്കുള്ള ജനാല മലർക്കേ തുറന്നു വല്യമ്മ വിളിച്ചുചോദിക്കും. “കുട്ട്യോളേ, പഠിക്ക്ണ് ല്ല്യേ “ന്ന്.ജനാല തുറക്കുന്ന ശബ്ദം കേൾക്കുമ്പോഴേ,ജ്യോതി ഉറക്കംതൂങ്ങുന്ന എന്നെ വിളിച്ചുണർത്തും.
“ചേച്ചീ, വല്യമ്മ.. വല്യമ്മ ”
എന്നു മന്ത്രിക്കും എന്നാൽ കണ്ണ് തുറന്നിരിക്കുന്ന അവൾ, എപ്പോഴും വല്യമ്മയുടെ മുന്നിൽ safe ആണ്. രഞ്ജിനിപഠനമാണ് നടക്കുന്നത് എങ്കിലും…
പാവം
ഉറക്കംതൂങ്ങിയായ ഞാൻ വല്യമ്മയുടെ രോഷത്തിന് പാത്രമാവും.
പാട്ടുപ്രാന്തിയായ ജ്യോതി കഥകളിസംഗീതത്തിൽ സ്റ്റേറ്റ് ഫസ്റ്റ് ആയിട്ടുണ്ട് ട്ടോ..
ഇന്നിതെഴുതുമ്പോൾ ഓർമ്മകളിങ്ങനെ തള്ളിത്തള്ളി…