സെന്റ് മേരീസ് സുറിയാനി ക്നാനായ വലിയ പള്ളി
കോട്ടയത്തെ ക്നാനയ ക്രിസ്ത്യാനികളുടെ പള്ളിയാണ് കോട്ടയം വലിയ പള്ളി. 1550ൽ ആണ് ഈ പള്ളി നിർമ്മിച്ചത്.
🌻കോട്ടയം
കേരളത്തിലെ ഒരു ജില്ല, തലസ്ഥാനം കോട്ടയം നഗരം. മൂന്ന് ‘എൽ'(L) കളുടെ പേരിൽ പ്രസിദ്ധമാണ് കോട്ടയം. ലാൻഡ് ഓഫ് ലെറ്റേഴ്‌സ്, ലാറ്റക്‌സ്, ലേക്‌സ് (Land of letters, latex and lakes)എന്നാണ് കോട്ടയത്തെ വിശേഷിപ്പിക്കുന്നത്. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ് ഈ വിശേഷണത്തിനടിസ്ഥാനം.
തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാന നഗരങ്ങളിലൊന്നായിരുന്നു മീനച്ചിലാറിന്റെ തീരത്തുള്ള തളിയിൽകോട്ട. കോട്ടയുടെ ഉള്ളിലുള്ള സ്ഥലം കോട്ടയ്കകം (Interior of a fort) ആണ് കോട്ടയമായിത്തീർന്നത്. (മീനച്ചിലാറും കൊടുരാറും ഒരു കോട്ടപോലെ കോട്ടയത്തെ വലയം വയ്ക്കുന്നുമുണ്ട്) ചാലുകുന്ന്, അണ്ണാൻകുന്ന്, നക്കരക്കുന്ന്, വയസ്കരകുന്ന്, കീഴ്‌കുന്ന്, എരുത്തിക്കൽകുന്ന്, കാച്ചുവേലിക്കുന്ന്.
എന്നിങ്ങനെ ഏഴു കുന്നുകൾ ചേർന്നാണ് പഴയ കോട്ടയം നഗരം രുപം കൊണ്ടത്
തെക്കുംകൂർ, വടക്കുംകൂർ നാട്ടുരാജ്യങ്ങളിലായി കിടന്നിരുന്ന കോട്ടയത്തെ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഡിലനായിയുടെ പടനായകത്വത്തിൽ പിടിച്ചടക്കുകയും ഒരു ഡിവിഷന്റെ തലസ്ഥാനം ആക്കുകയും ചെയ്തു. കോട്ടയം – കുമളി റോഡ് നിർമ്മിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള പ്രധാന വ്യാപാരമാർഗ്ഗമായി കോട്ടയം മാറി. കോട്ടയത്തുനിന്ന് വൻകേവുവള്ളങ്ങളിൽ ചരക്കുകൾ ആലപ്പുഴ തുറമുഖത്ത് എത്തിക്കുകയും ചെയ്തിരുന്നു. 1949 ജൂലൈ മാസം ഒന്നാം തീയതി കോട്ടയം ജില്ല ഔദ്യോഗികമായി രൂപമെടുത്തു
പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു.
തിരുവിതാംകൂറിന്റെ വടക്കൻ ഡിവിഷന്റെ ആസ്ഥാനം 1880-ൽ ചേർത്തലയിൽ നിന്ന് കോട്ടയത്തേയ്ക്ക് മാറ്റിയതും ആധുനിക കോട്ടയം പടുത്തുയർത്തിയതും ടി. മാധവറാവു ദിവാൻ പേഷ്കാരായിരുന്ന കാലത്താണ്. ആധുനിക കോട്ടയത്തിന്റെ ശിൽപ്പിയി അറിയപ്പെടുന്നത് ടി. മാധവറാവുവാണ്. സാക്ഷരതയിൽ മുൻപന്തിയിലാണ് ഈ ജില്ല, 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 96.40% സാക്ഷരരാണ്. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളിൽ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്.
🌻കോട്ടയം വലിയ പള്ളി സ്ഥാപന ചരിത്രം
പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെയും കേരളത്തിലെ പ്രബലശക്തിയായിരുന്ന തെക്കുംകൂര്‍ രാജവംശത്തിന്റെ ഭരണതലസ്ഥാനമായി ശോഭിച്ചിരുന്ന കോട്ടയം അക്കാലത്ത് താഴത്തങ്ങാടിയും വലിയങ്ങാടിയും പുത്തനങ്ങാടിയും ഗോവിന്ദപുരവും കുമ്മനവും വേളൂരും ഉൾപ്പെട്ടതായിരുന്നു. അറിയപ്പെടുന്ന ഒരു വാണിജ്യകേന്ദ്രമെന്ന നിലയില്‍ കോട്ടയത്തെ താഴത്തങ്ങാടി ഉയര്‍ന്നതും ഈ ഭരണകാലത്താണ്. അതുകൊണ്ടുതന്നെ തെക്കുംകൂര്‍ ഭരണകാലത്തെ കോട്ടയത്തിന്റെ സുവര്‍ണകാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്
വാണിജ്യരംഗത്ത് ഏറ്റവും ശക്തമായി സ്വാധീനം തെളിയിച്ച കേരളക്രൈസ്തവര്‍ കാര്‍ഷികരംഗത്തും മികവ് തെളിയിച്ചു. കൃഷിയും കച്ചവടവും ഉപജീവനമാക്കി മാറ്റിയ അവര്‍ തെക്കന്‍ പ്രദേശങ്ങളിലെ കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, നിരണം എന്നിവിടങ്ങളില്‍നിന്ന് വികസനത്തിന്റെ പാതയില്‍ മുന്നേറിക്കൊണ്ടിരുന്ന പഴയ കോട്ടയം പട്ടണത്തിൽ വന്ന് വാസമുറപ്പിച്ചു. കൊടുങ്ങല്ലൂര്‍ പട്ടണത്തിന്റെ തകര്‍ച്ചയോടെ കടുത്തുരുത്തിയിലും കുറവിലങ്ങാട്ടുമൊക്കെ എത്തിച്ചേര്‍ന്ന ക്രൈസ്തവരില്‍ ചിലരും കാലക്രമേണ പഴയ കോട്ടയത്ത് എത്തിച്ചേര്‍ന്നു.
തെക്കുംകൂര്‍ വാണിരുന്ന രാജാക്കന്മാര്‍ എല്ലാവരും തന്നെ ഉല്പതിഷ്ണുക്കളും വികസനത്തില്‍ ശ്രദ്ധാലുക്കളും ആയിരുന്നു. ഓരോ ജനവിഭാഗങ്ങള്‍ക്കും വാസസ്ഥലവും ആരാധനാസൗകര്യങ്ങളും ഒരുക്കിക്കൊടുത്ത് അവരവരുടെ സേവനങ്ങള്‍ രാജ്യപുരോഗതിക്ക് അനുഗുണമാക്കി മാറ്റുന്നതില്‍ രാജാക്കന്മാര്‍ ശ്രദ്ധിച്ചിരുന്നു. ഈ പ്രോത്സാഹനമാണ് പഴയ കോട്ടയത്തും പരിസരപ്രദേശങ്ങളിലുമുള്ള ക്രൈസ്തവസ്വാധീനത്തിന് കാരണമായി ഭവിച്ചത്. സുറിയാനിഭാഷ വഴങ്ങിയിരുന്നതിനാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന വണിക്കുകളുമായുള്ള സംവേദനം ക്രിസ്ത്യന്‍ വിഭാഗത്തിലെ കച്ചവടക്കാര്‍ക്ക് എളുപ്പവുമായിരുന്നു.
വാണിജ്യരംഗത്തും കാര്‍ഷികരംഗത്തും പൊതുജീവിതത്തിലും ഈ വിഭാഗം ആര്‍ജ്ജിച്ച മേല്‍ക്കൈ രാജാധികാരത്തിന്റെ ഉപശ്രേണികളില്‍ ഭാഗഭാക്കാകുവാന്‍ അവരെ സഹായിച്ചു. ഭരണരംഗത്ത് വേണ്ടുംവണ്ണമുള്ള സ്ഥാനമാനങ്ങള്‍ ക്രൈസ്തവപ്രമാണിമാര്‍ അന്നുതന്നെ നേടിയെടുത്തിരുന്നു. ഇന്നു പഴയ കോട്ടയത്തും ചുറ്റുമുള്ള ചില പുരാതന ക്രൈസ്തവകുടുംബക്കാര്‍ തെക്കുംകൂര്‍കാലത്ത് ഉന്നതമായ സ്ഥാനമാനങ്ങള്‍ വഹിച്ചിരുന്നു. പന്ത്രണ്ടു-പതിമൂന്ന് നൂറ്റാണ്ടുകളിലാവാം ആദിമക്രൈസ്തവര്‍ ഇവിടെ വാസമുറപ്പിച്ചിരുന്നത്. .പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷം കോട്ടയത്ത് താഴത്തങ്ങാടിയിലെ വ്യാപാരകാര്യങ്ങൾക്കായി പുന്നത്തുറ, പൂഞ്ഞാർ, കുറവിലങ്ങാട്, കടുത്തുരുത്തി, വെള്ളൂർ എന്നിവിടങ്ങളിൽനിന്ന് തെക്കുംകൂർ രാജാക്കന്മാരുടെ ക്ഷണം സ്വീകരിച്ച് ഏതാനും മാർത്തോമാ സുറിയാനി നസ്രാണികൾ കുടിയേറി പാർത്തു. അക്കാലത്ത് കോട്ടയം പട്ടണത്തിൽ പള്ളികൾ ഇല്ലാതിരുന്നതിനാൽ ഇക്കൂട്ടർ കുറവിലങ്ങാട്, കടുത്തുരുത്തി എന്നിവിടങ്ങളിലെ പള്ളികളിൽ പോയാണ് ആരാധനകളിൽ സംബന്ധിച്ചിരുന്നത്.
AD 1547നോടടുത്ത് കടുത്തുരുത്തിയിൽ നിന്ന് പന്ത്രണ്ടോളം ക്നാനായ ക്രൈസ്തവ കുടുംബങ്ങൾ (തെക്കുംഭാഗക്കാർ) കൂടി എത്തിയതോടെ പട്ടണത്തിൽ ക്രൈസ്തവരുടെ അംഗസംഖ്യ വർദ്ധിച്ചു. സമസ്ത ക്രൈസ്തവര്‍ക്കും ആരാധനയ്ക്കായി ഒരു ദേവാലയം ഇവിടെ ആവശ്യമായി വന്നു. വടക്കുംഭാഗക്കാരും തെക്കുംഭാഗക്കാരും ഒരുമിച്ച് തെക്കുംകൂർ രാജാവായ ആദിച്ചവർമ്മയോട് ആവശ്യപ്പെട്ടതിന്റെ ഫലമായി AD 1550 (കൊല്ലവർഷം 725 മീനം) കോട്ടയം വലിയ പള്ളി സ്ഥാപിതമാകുകയുണ്ടായി. തെക്കുംകൂര്‍ രാജാവായിരുന്ന ആദിത്യവര്‍മ്മയുടെ അകമഴിഞ്ഞ സഹായത്തോടെ തളിയില്‍ കുന്നിനോട് ചേര്‍ന്നുകിടക്കുന്ന വെറ്റാര്‍കുന്നില്‍ കോട്ടയത്തെ ആദ്യത്തെ കൃസ്ത്യന്‍ പള്ളിയായ വലിയപള്ളി ഉയര്‍ന്നുവന്നു.
പ്രാചീനപാട്ടിന്റെ സമാഹാരപ്രകാരം, ചെറിയാൻമാത്തു എന്ന പട്ടക്കാരന്റെ നേതൃത്വത്തിൽ കടുത്തുരുത്തിയിൽ നിന്നും ഒരു പറ്റം ക്രിസ്ത്യാനികൾ ഇവിടെയെത്തി താഴത്തങ്ങാടി, വല്യങ്ങാടി എന്നിവിടങ്ങളിൽ താമസം തുടങ്ങി. ഇവരും തദ്ദേശക്രിസ്ത്യാനികളും ചേർന്ന് കോട്ടയത്ത് ഒരു പള്ളി വയ്ക്കുവാൻ അനുവാദവും അതിനുള്ള സ്ഥലവും നൽകണമെന്ന് തെക്കൻകൂർ രാജാവിനോട് അപേക്ഷിച്ചു. തന്റെ പ്രജകളുടെ അഭിലാഷം പൂർത്തീകരിക്കുന്നതിന് തിരുമേനിതന്നെ എഴുന്നള്ളി അനുവാദം നൽകുകയും “തൃക്കൈപത്തൽകുത്തി” പള്ളി വയ്ക്കുവാൻ ഒരു ഉയർന്ന സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു.ഇവിടെയാണ് വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ ഒരു വലിയ അറപ്പുരയുടെ മാതൃകയിൽ വലിയപള്ളി നിർമ്മിച്ചത്.ഇതേപ്പറ്റി പ്രാചീനപാട്ട് ഇങ്ങനെയാണ്.
” മാനമാം കൊല്ലമാം എഴുന്നൂറ്റിഇരുപത്തഞ്ചാം
മീനമാസത്തിൽ വച്ചു അറുപതുപ്പറമ്പിൽ വടക്ക് ധനിരാശിമേൽ വച്ചു പള്ളി, മരപ്പണിക്കൊരു ചിന്തരുളുമെത്തിരെ,,
ഇതിൻപ്രകാരം കൊല്ലവർഷം 725 മീനമാസത്തിൽ (1550 എ. ഡി ) പള്ളി നിർമ്മാണം പൂർത്തിയാക്കി കൂദാശ ചെയ്തതായി മനസ്സിലാക്കാം. ആദ്യപള്ളി പനയോല മേഞ്ഞതായിരുന്നു.
🌻കോട്ടയം വലിയ പള്ളിയുടെ സവിശേഷത
കോട്ടയം പട്ടണത്തിലെ ആദ്യത്തെ പള്ളിയാണ് കോട്ടയം വലിയപ്പള്ളി അതിനാൽ ഈ പള്ളിയെ തലപ്പള്ളിയായി കണക്കാക്കുന്നു കൂടാതെ പ്രൊ കത്തീഡ്രൽ എന്ന് അറിയപ്പെടുന്നു.
മദ്‌ബഹയ്ക്കു് ഇരു വശത്തുമുള്ള, ചായം തേച്ചു മനോഹരമാക്കിയ ചിത്രങ്ങളാണു് നമ്മെ വരവേല്ക്കുക. പച്ചിലചാർത്തിൽ നിന്നുള്ള ചായങ്ങളുടെ കൂട്ട് ആണ് ചിത്ര നിർമ്മിതിക്ക് ഉപയോഗിച്ചിട്ടുള്ളത്.
പ്രധാന മദ്ബഹയുടെ ചുവരിൽ പന്ത്രണ്ടു ശിഷ്യൻമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.
മദ്ബഹയുടെ മുകൾ ഭാഗത്ത് രണ്ട് മാലാഖമാർ ചേർന്ന് പിടിക്കുന്ന ഒരു ചങ്ങലയും അത് പൊട്ടിച്ചെറിയാൻ ശ്രമിക്കുന്ന മൂന്നു ചെകുത്താന്മാരെയും വരച്ചിരിക്കുന്നു. ലോകാവസാനക്കാലത്തു ഈ ചങ്ങല പൊട്ടിയ്ക്കപ്പെടും എന്നാണ് പ്രചാരത്തിലുള്ള പഴമൊഴിക്കഥ.
ഡാനിയൽ പ്രവാചകന്റെ പുസ്തകത്തിൽ പരാമർശിക്കുന്ന ഒരു സംഭവത്തിന്റെ പ്രത്യക്ഷീകരണമെന്ന രീതിയിൽ രണ്ട് ചൂണ്ടു കൈകൾ ഈ പള്ളിയിൽ കൊത്തിയുണ്ടാക്കിയിട്ടുണ്ട്.
ഭിത്തിയ്ക്കുള്ളിൽ നിർമ്മിച്ചിട്ടുള്ള ഒരു മാമോദീസാ തൊട്ടിയാണ് മറ്റൊരു പ്രത്യേകത
പള്ളിയുടെ തൊട്ടടുത്തു് താഴെക്കൂടി മീനച്ചിലാറു് ഒഴുകുന്നു. മീനച്ചിലാറ്റിലൂടെ തോണിയിലായിരുന്നു പണ്ടു കാലത്തു് വിശ്വാസികള്‍ പള്ളിയിലേക്കു് വന്നു കൊണ്ടിരുന്നതു്. പള്ളിയോടു ചേര്‍ന്ന് മീനച്ചിലാറിന്റെ തീരത്താണ് വലിയങ്ങാടി സ്ഥിതി ചെയ്തിരുന്നത്. കിഴക്കന്‍ മലഞ്ചരക്കുകളുടെ പ്രധാന കച്ചവടം ഇവിടെയായിരുന്നു നടന്നിരുന്നത്
എത്തിയോപ്യന്‍ ചക്രവര്‍ത്തിയായിരുന്ന ഹെയ്‌ലി സെലാസ്സി പള്ളി സന്ദര്‍ശിച്ചിരുന്നതായി ഒരു ഫലകം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
വളരെ പുരാതനമായ ഒരു സെന്റ് ജോർജ്ജ് ഐക്കൺ ഈ പള്ളിയിൽ സൂക്ഷിക്കുന്നുണ്ട്. വലിയ പെരുന്നാളിന് മാത്രമാണ് ഇത് പുറത്ത് എടുക്കുന്നത്.
ശര്‍ക്കര, എണ്ണ തുടങ്ങിയവ വ്യാപാരം നടത്തിയിരുന്ന വിവിധ ക്‌നാനായ കുടുംബക്കാര്‍ ഇവിടെ താമസിച്ചിരുന്നു.വലിയപള്ളി എല്ലാ വിഭാഗം ക്രൈസ്തവര്‍ക്കും പൊതുവായ ആരാധനയ്ക്കാണ് സ്ഥാപിച്ചതെങ്കിലും കാലക്രമേണ ക്‌നാനായക്കാര്‍ മേല്‍ക്കൈ നേടിയെടുത്തു.
ക്‌നാനായ സമൂഹം നൂറ്റാണ്ടുകളായി സൂക്ഷിച്ചുവച്ചിരുന്ന രണ്ടു പേര്‍ഷ്യന്‍ കല്‍ക്കുരിശുകള്‍ ഈ പള്ളിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. പഹ്‌ലവി എന്ന ലിപിയില്‍ ഇതിലുള്ള ലിഖിതങ്ങള്‍ ഇതിന്റെ അപൂര്‍വ്വത വിളിച്ചോതുന്നു. ചരിത്രപരമായി പ്രാധാന്യമുള്ള ഈ കല്‍ക്കുരിശുകളാണ് വലിയപള്ളിക്ക് അന്താരാഷ്ട്രപ്രശസ്തി നേടിക്കൊടുത്തത്.വിദേശികളെയും സ്വദേശികളെയും ഒരേപോലെ ആകർഷിക്കുന്നത് പള്ളിയുടെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന പേർഷ്യൻ കുരിശുകളാണ്.
ഉജ്ജ്വലമായ സിറിയന്‍-കേരള വാസ്തുമാതൃകയില്‍ 1550-ല്‍ പണിതുയര്‍ത്തിയ ഈ പള്ളിയുടെ മനോഹാരിത അനന്യമാണ്.
പള്ളിയുടെ മുന്‍വശത്തുള്ള കല്‍ക്കുരിശ് പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു. ഒറ്റക്കല്ലിൽ കൊത്തിയുണ്ടാക്കിയ വലിയ കരിങ്കൽ കുരിശാണ് പള്ളിയിലുള്ളത്.
ബലിപീഠവും പള്ളിയുടെ മേൽക്കൂരയും മനോഹരമായി കൊത്തിയെടുത്തതും കലാപരമായ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നതുമാണ്.
മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ഗീവർഗീസ് മോർ സേവേറിയോസ് തിരുമേനിയുടെ കബറിടം ഈ ദേവാലയത്തിൽ സ്ഥിതി ചെയ്യുന്നു.
🌻മാര്‍ത്തോമാ സ്ലീബകളെ കുറിച്ച് കൂടുതൽ അറിവുകൾ
വലിയപള്ളിയുടെ ത്രോണോസില്‍ ഇരുവശത്തുമായി ക്നാനായക്കാര്‍ കടുത്തുരുത്തിയില്‍ നിന്നും പോരുമ്പോള്‍ കൊണ്ടുവന്ന ചരിത്രപ്രസിദ്ധമായ പേര്‍ഷ്യന്‍ കല്‍ക്കുരിശ്ശുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിരവധി പുരാവസ്തു -ചരിത്രപണ്ഡിതന്മാര്‍ ഈ കുരിശ്ശുകളെ പഠന വിധേയമാക്കിയിട്ടുണ്ട്. ഇന്ത്യാ ഗവണ്മെന്റിന്‍റെ പുരാവസ്തു വിഭാഗം മേധാവി ആയിരുന്ന ഡോ. ബെര്‍ണ്ണലിന്‍റെ പഠനങ്ങളാണ് കൂടുതല്‍ ആധികാരികം.
പൊതുവേ മാര്‍ത്തോമാ സ്ലീബകള്‍ എന്നറിയപ്പെടുന്ന ഈ കുരിശുകളില്‍ നിന്നാണ് കേരളത്തിലെ പരമ്പരാഗതമായ കുരിശ്ശു രൂപത്തിന്‍റെ രൂപഘടന പ്രചാരത്തിലാകുന്നത്. ഈ കുരിശ്ശുകളോട് സാമ്യമുള്ള പുരാതനകുരിശ്ശുകള്‍ കേരളത്തില്‍ തന്നെ വിവിധ പള്ളികളില്‍ കാണുന്നുണ്ടെങ്കിലും പഴക്കം കൊണ്ടും ആധികാരികത കൊണ്ടും വലിയപള്ളിയിലേത് തന്നെയാണ് ശ്രദ്ധേയം. മണീക്യന്‍ കുരിശ് എന്ന് ചില ചരിത്രകാരന്മാര്‍ ഈ കുരിശ്ശുകളെ വിളിക്കുന്നു. മാണിമാര്‍ഗത്തിന്‍റെയും തരിയായ് ചെട്ടിമാരുടെയും കയ്യൊപ്പ് വീണതാണ് ഇവയെന്നും ചില ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. അതെ സമയം തോമാശ്ലീഹായുടെ കാലത്തേതെന്നും കാനായി തോമായുടെ കാലത്ത് കൊത്തിയുണ്ടാക്കിയതാണ് എന്നും ചില വിശ്വാസങ്ങളും ഉണ്ട്.
ഇടതുഭാഗത്ത് കാണുന്ന ചെറിയ കുരിശാണ് ഏറ്റവും പഴയത്. ഇതിനോട് സാമ്യമുള്ള മറ്റൊരു കുരിശ് തോമാശ്ലീഹ രക്തസാക്ഷിത്വം വരിച്ചെന്നു കരുതപ്പെടുന്ന മൈലാപ്പൂരിലെ പള്ളിയില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ കുരിശ് മൂന്നാം നൂറ്റാണ്ടിലെതെന്ന് കരുതുന്നു.
വലതു വശത്തുള്ള വലിയ കുരിശു പത്താം നൂറ്റാണ്ടിലെതാണ്. രണ്ടു കുരിശ്ശിലും പുരാതന പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ (Sassanian Kingdom) ഭരണഭാഷയായിരുന്ന പഹ്ലവി ലിപിയില്‍ എഴുത്ത് ഉണ്ട്.
പത്താം നൂറ്റാണ്ടിലെ വലിയ കുരിശില്‍ എസ്ത്രങ്ങേലി സുറിയാനിയില്‍ മറ്റൊരു ലിഖിതവും കാണപ്പെടുന്നു. കേരളത്തിലെ ക്രൈസ്തവസഭകളില്‍ മാറി മാറി വരുന്ന വിദേശസ്വാധീനം ഇത് വ്യക്തമാക്കുന്നു!
തമിഴ്നാട്ടില്‍ നിന്നും പേര്‍ഷ്യന്‍-സുറിയാനി കച്ചവടക്കാരുടെ സഹായത്താല്‍ കൊടുങ്ങല്ലൂരില്‍ എത്തിച്ചേര്‍ന്ന ഈ കുരിശ്ശുകള്‍ അവിടുത്തെ ക്രിസ്ത്യാനികളില്‍ മേല്‍ക്കൊയ്മയുണ്ടായിരുന്ന ക്നാനായക്കാരുടെ കൈവശം എത്തിച്ചേര്‍ന്നതാവാം. ഈ കുരിശു കാണുന്നതിനും അതിനെ കുറിച്ച്പഠിക്കുന്നതിനും വിദേശ സര്‍വകലാശാലകളില്‍നിന്നു പോലും ചരിത്ര വിദ്യാര്‍ത്ഥികള്‍ വലിയപള്ളി സന്ദര്‍ശിക്കാറുണ്ട്.
കോട്ടയം പട്ടണത്തിലെ ആദ്യത്തെ പള്ളിയായ സെന്റ് മേരിസ് ക്നാനായ വലിയ പള്ളി സന്ദർശിക്കാനും അനുഗ്രഹിക്കപ്പെടുവാനും വായനക്കാർക്ക് സാധിക്കട്ടെ..
ലൗലി ബാബു തെക്കെത്തല ✍️
കടപ്പാട് – ഗൂഗിൾ