Thursday, September 19, 2024
Homeഅമേരിക്കതീരത്തെ തരൂർ ✍ സുനിൽ വല്ലാത്തറ ഫ്ലോറിഡാ

തീരത്തെ തരൂർ ✍ സുനിൽ വല്ലാത്തറ ഫ്ലോറിഡാ

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

യൂ എൻ അണ്ടർ സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞ ശേഷം 2006ൽ സെക്രട്ടറി ജനറൽ സ്‌ഥാനത്തേയ്ക്കു മത്സരിച്ച വിശ്വപൗരൻ ശശി തരൂർ സെക്രട്ടറി ജനറൽ ആയി തെരെഞ്ഞെടുക്കപ്പെട്ട കൊറിയയുടെ ബാൻകി മൂണീനോട് കടുത്ത പോരാട്ടം ആണ് കാഴ്ച വച്ചത്.

തുടർന്ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചു ഇന്ത്യയിൽ എത്തി 2008ൽ കോൺഗ്രസ്‌ അംഗത്വം എടുത്ത തരൂർ 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ സ്‌ഥാനാർഥിയാവുകയും ഇടതുപക്ഷ സ്‌ഥാനാർഥി ആയിരുന്ന സി പി ഐ യുടെ പി രാമചന്ദ്രൻ നായരേ വലിയ മാർജിനിൽ പരാജയപ്പെടുത്തി ആദ്യമായി ഇന്ത്യൻ പാർലമെന്റിൽ എത്തുകയും ചെയ്തു.

രണ്ടാം മൻമോഹൻസിംഗ് മന്ത്രിസഭയിൽ രണ്ടു തവണ ആയി ഏതാണ്ട് മൂന്നര വർഷത്തോളം സഹമന്ത്രി ആയിരുന്ന തരൂരിന് എന്തുകൊണ്ട് ക്യാബിനറ്റ് പദവി കൊടുത്തില്ല എന്ന ചോദ്യം ഇപ്പോഴും കാരണം കിട്ടാതെ അവശേഷിക്കുന്നു.

ഈ കാലയളവിൽ അദ്ദേഹത്തിന്റെ ഭാര്യ സുനന്ദ പുഷ്കരുടെ ആകസ്മിക മരണം അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ കരിയറിലും വ്യക്തി ജീവിതത്തിലും സാരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. രാഷ്ട്രീയ എതിരാളികൾ ഈ മരണം അദ്ദേഹത്തിനെതിരെ ഉള്ള ആയുധമാക്കി.

അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ നിലനിക്കുമ്പോൾ തന്നെ നടന്ന 2014ലെ ഇലക്ഷനിൽ ബി ജെ പി കൂടുതൽ ശക്തമായ തിരുവനന്തപുരം മണ്ഡലത്തിൽ വാജ്‌പേയ് സർക്കാരിൽ റെയിൽവെ സഹമന്ത്രി ആയിരുന്ന ഒ രാജഗോപാൽ കടുത്ത മത്സരം കാഴ്ച്ച വച്ചെങ്കിലും അവസാന റൗണ്ടിൽ തീരദേശത്തെ വോട്ടെണ്ണിയപ്പോൾ തരൂർ 15000ൽ അധികം വോട്ടുകളുടെ വ്യത്യാസത്തിൽ ജയിച്ചു കയറി.

2019ൽ മൂന്നാം അങ്കത്തിനു ഇറങ്ങിയ തരൂർ രാഹുൽ തരംഗവും ശബരിമല വിഷയത്തിന്റെ അനുകൂല്യവും പറ്റി താരതമ്യേനെ ദുർബല സ്‌ഥാനാർഥി ആയിരുന്ന കുമ്മനം രാജശേഖരനെ ഒരു ലക്ഷത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തി.

ഇതിനിടയിൽ കഴിഞ്ഞ വർഷം നടന്ന എ ഐ സി സി പ്രസിഡന്റെ സ്‌ഥാനത്തേയ്ക്കുള്ള മത്സരത്തിൽ ഗാന്ധി കുടുംബത്തിന്റെ ഔദ്യോഗിക സ്‌ഥാനാർഥി മല്ലികർജുൻ ഖാർഗെയ്കെതിര് മത്സരിച്ചും തരൂർ വാർത്തകളിൽ ഇടം പിടിച്ചു. ആ മത്സരത്തിൽ നേടിയ ആയിരത്തിൽ അധികം വോട്ട് അദ്ദേഹത്തിന് വർക്കിങ് കമ്മറ്റി മെമ്പർ സ്‌ഥാനവും നേടി കൊടുത്തു.

ഈ വർഷം ഏപ്രിലിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നാലാം പ്രാവശ്യവും തിരുവനന്തപുരത്തു മത്സരിക്കുവാൻ ഇറങ്ങിയ തരൂരിന് നേരിടേണ്ടി വന്നത് ബി ജെ പി ക്കു ഇറക്കുവാൻ പറ്റിയ ഏറ്റവും നല്ല സ്‌ഥാനാർഥിയെ ആണ്. ഐ ടി വിദഗ്ധനും ധനാഢ്യനും അന്ന് കേന്ദ്ര മന്ത്രിയുമായിരുന്ന രാജീവ്‌ ചന്ദ്രശേഖർ. വലിയ മത്സരം രാജീവ്‌ കാഴ്ച വച്ചെങ്കിലും അവസാന റൗണ്ടിൽ തീരദേശം എണ്ണിയപ്പോൾ തരൂർ 16000ൽ അധികം വോട്ടുകൾക്ക്‌ ജയിച്ചു വീണ്ടും അജയ്യൻ ആണെന്ന് തെളിയിച്ചു.

കഴിഞ്ഞ കുറെ ദിവസങ്ങളായി ദേശീയ ചാനലുകൾ ഉൾപ്പെടെ എല്ലാ മാധ്യമങ്ങളിലും വന്ന വാർത്ത കേരളത്തിലെ ഒരു കോൺഗ്രസ്‌ എം പി ബി ജെ പി യിൽ ചേരുമെന്നാണ്. ചില മാധ്യമങ്ങൾ ഡോ ശശി തരൂർ തന്നെയാണ് ആ കോൺഗ്രസ്‌ എം പി എന്നു ഉറപ്പിച്ചു പറഞ്ഞു.

ഇതിനൊന്നും ചെവി കൊടുക്കാതെ നടന്ന തരൂർ ഒടുവിൽ തിരുവോണം ദിവസം തന്റെ തറവാട് വീടായ പാലക്കാട്‌ കൊല്ലങ്കോട് സദ്യ കഴിച്ച ശേഷം ചുറ്റും കൂടിയ മാധ്യമങ്ങളോട് അസന്നിഗ്ധമായി പറഞ്ഞു താൻ എന്ത് പ്രലോഭനം ഉണ്ടായാലും കോൺഗ്രസിൽ അടിയുറച്ചു നിൽക്കും.

ഇനി അറിയേണ്ടത് 2029ലെ തെരെഞ്ഞെടുപ്പിലും തരൂർ ജയിച്ചു കയറുന്നത് അവസാന റൗണ്ടിൽ എണ്ണുന്ന തീരത്തെ വോട്ടിന്റെ മാജിക്ക് കൊണ്ടാണോ എന്നാണ്.

✍ സുനിൽ വല്ലാത്തറ ഫ്ലോറിഡാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments