Saturday, December 21, 2024
Homeകേരളംഷിരൂർ ദൗത്യം; ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു, തെരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കും.

ഷിരൂർ ദൗത്യം; ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു, തെരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കും.

ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ ഗംഗാവലി പുഴയില്‍ നടത്തുന്ന തെരച്ചിലിനായി ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള ടഗ് ബോട്ട് കാര്‍വാറിലേക്ക് പുറപ്പെട്ടത്. ഡ്രഡ്ജര്‍ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടായിരിക്കും തെരച്ചില്‍ വീണ്ടും പുനരാരംഭിക്കുക. ഇന്ന് വൈകിട്ടോടെ കാര്‍വാര്‍ തുറമുഖത്ത് ടഗ് ബോട്ട് എത്തും. നാളെ കാര്‍വാറിൽ സ്ഥിതി വിലയിരുത്താൻ ഉത്തര കന്നഡ ജില്ലാ ഭരണകൂടം യോഗം ചേരും. ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎൽഎ സതീഷ് സെയിൽ, ഡ്രഡ്ജർ കമ്പനി അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ കാര്‍വാറിൽ നിന്ന് ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഷിരൂരിലേക്ക് പുറപ്പെടും. പുഴയിൽ വേലിയിറക്ക സമയത്ത് ഡ്രഡ്ജര്‍ കൊണ്ടുപോകാനാണ് നിലവിലെ തീരുമാനം. കാലാവസ്ഥ ഉള്‍പ്പെടെ അനുകൂലമാണെങ്കില്‍ വ്യാഴാഴ്ച തന്നെ ഡ്രഡ്ജര്‍ പ്രവര്‍ത്തിച്ച് തെരച്ചില്‍ തുടങ്ങാനായേക്കും. നേരത്തെ തിങ്കളാഴ്ച ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് പുറപ്പെടുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇന്ന് രാവിലെയാണ് പുറപ്പെട്ടത്. നാവികസേനയുടെയും ഈശ്വർ മൽപെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതിൽ ബുധനാഴ്ചത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. കാർവാർ തുറമുഖത്ത് നിന്ന് ഷിരൂർ എത്താൻ ഏതാണ്ട് 10 മണിക്കൂർ സമയം എടുക്കും.

വേലിയിറക്ക സമയത്താകും ടഗ് ബോട്ടിനെ ഗംഗാവലിയുടെ രണ്ട് പാലങ്ങളും കടത്തി വിടുക. വേലിയേറ്റ സമയത്ത് തിരയുടെ ഉയരവും ജലനിരപ്പും കൂടുതലാകും. ക്രെയിൻ അടക്കം ഉള്ള ഡ്രഡ്ജർ പാലത്തിന് അടിയിലൂടെ കയറ്റാൻ ആ സമയത്ത് ബുദ്ധിമുട്ടാണ്. അതിനാലാണ് വേലിയിറക്ക സമയത്തെ ആശ്രയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വ്യാഴാഴ്ച തെരച്ചിൽ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടുത്ത ആഴ്ച നിലവിൽ ഉത്തരകന്നഡ ജില്ലയിൽ കാലാവസ്ഥാ മുന്നറിയിപ്പ് അനുകൂലമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments