Sunday, December 22, 2024
Homeകേരളംസംസ്ഥാനത്ത് നടക്കുന്നത് കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കം: കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് നടക്കുന്നത് കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കം: കെ.സുരേന്ദ്രൻ

കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ . നേരത്തെ കണ്ണൂർ ജില്ലയിൽ സ്വർണ്ണ കള്ളക്കടത്തും മാഫിയ കൊട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങളുമായി ഇതു നാം കണ്ടതാണ്. ഇപ്പോൾ മലപ്പുറം ജില്ലയിലും കാണുന്നത് സിപിഎമ്മിലെ ഈ കൊള്ള മുതൽ പങ്കുവെക്കൽ തർക്കമാണ്. പോലീസിലെ മാഫിയയാണ് അതിന് അവരെ സഹായിച്ചു കൊണ്ടിരിക്കുന്നതെന്നും ആറന്മുളയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്വർണ്ണ കള്ളക്കടത്തും, പാർട്ടിക്കുള്ളിലെ അതിന്റെ ഏജന്റുമാരും, സ്വർണ്ണം അടിച്ചുമാറ്റുന്ന പോലീസുകാരും തമ്മിലുള്ള തർക്കമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സ്വർണ്ണക്കള്ളക്കടത്തുകാരെ ഔദ്യോഗികമായി പോലീസ് സംവിധാനങ്ങൾ സഹായിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഈ ബന്ധം എത്തിനിൽക്കുന്നു. തുടങ്ങിയ കാര്യങ്ങളൊക്കെ സ്ഥിരീകരിച്ചത് അതീവ ഗൗരവതരമാണ്. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തു കേസിലെ പ്രതിയെ ബാംഗ്ലൂരിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് ഇതേ സംഘങ്ങൾ തന്നെയാണെന്ന് പുറത്തുവന്നിരിക്കുന്നു. സ്വർണ്ണ കള്ളക്കടത്തുകാരോടും മാഫിയ സംഘങ്ങളോടുമുള്ള സർക്കാറിന്റെ ബന്ധമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

വിമാനത്താവളത്തിനു പുറമേ നിന്ന് പിടിക്കുന്ന സ്വർണത്തിൽ പോലീസിന് ഇത്ര പൊട്ടിക്കുന്നവർക്ക് ഇത്ര എന്നിങ്ങനെയുള്ള പങ്കുവെക്കൽ ആണ് ഇപ്പോൾ തർക്കത്തിൽ കലാശിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് കഴിഞ്ഞതിനുശേഷം എംവി ഗോവിന്ദൻ അൻവർ ആരാണെന്ന് ചോദ്യത്തിലേക്ക് വന്നിരിക്കുകയാണ്.

നേരത്തെ എംവി ഗോവിന്ദനെ കണ്ട ശേഷമാണ് പിവി അൻവർ വർദ്ധിത വീര്യത്തിലേക്ക് തിരിച്ചുവന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് പാർട്ടി നേരത്തെ പറഞ്ഞിരുന്ന എല്ലാം പരിശോധിക്കും, അന്വേഷിക്കും എന്ന നിലപാടുകൾ എല്ലാം കള്ളമായിരുന്നു എന്നതാണ്. സിപിഎമ്മിന് ഒരു ആത്മാർത്ഥതയും ഈ കാര്യത്തിൽ ഇല്ല എന്ന് വ്യക്തമായിരിക്കുകയാണ്. ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉൾപാർട്ടി പ്രശ്നമായി പരിഹരിക്കാൻ പറ്റുന്ന വിഷയമല്ല. എല്ലാ ആരോപണങ്ങളുടെയും കുന്തമുന പതിക്കുന്നത് മുഖ്യമന്ത്രിയിലാണ്. അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയർന്നുവന്ന ആരോപണങ്ങൾ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

വിഡി സതീശന്റേത് ഉണ്ടയില്ലാ വെടിയാണ്. 2023 മെയിലാണ് ആർഎസ്എസ് സർകാര്യവാഹും എഡിജിപിയും തമ്മിലുള്ള കൂടിക്കാഴ്ച തൃശ്ശൂരിൽ നടന്നത്. 2023 മെയ് മാസത്തിൽ ദത്താത്രയ ഹോസബാളയും എംആർ അജിത് കുമാറും ചേർന്ന് 2024 ഏപ്രിൽ മാസത്തിൽ നടന്ന പൂരം അലങ്കോലപ്പെടുത്തി എന്നു പറയുന്നത് എന്ത് മണ്ടത്തരം ആണ്. ഇങ്ങനെയൊക്കെ പറയാൻ വിഡി സതീശന് എന്ത് ലോജിക്കാണ് ഇതിലുള്ളത്.

Àപൂരം കൊണ്ടാണ് മുരളീധരൻ പരാജയപ്പെട്ടതെന്നാണ് സതീശൻ പറയുന്നത്. ദയനീയമായി മൂന്നാം സ്ഥാനത്തായ സ്ഥാനാർത്ഥിയാണ് മുരളീധരൻ. വിഡി സതീശൻ ആളുകളെ വിഡ്ഢികളാക്കി യഥാർത്ഥ പ്രശ്നത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടുകയാണ്.

സിപിഐയുടെ ആരോപണത്തിന് മറുപടി പറയേണ്ടത് സിപിഎമ്മും സർക്കാറുമാണ്. സിപിഐയുടെ ആരോപണത്തിന് എന്തെങ്കിലും ഒരു കടലാസിന്റെ വിലയെങ്കിലും പിണറായി വിജയൻ കൽപ്പിച്ചിട്ടുണ്ടോ. ബിനോയ് വിശ്വം സെക്രട്ടറി ആയതിനുശേഷം ഒരു നിലപാടും നട്ടെല്ലും ഇല്ലാത്ത പാർട്ടിയായി സിപിഐ മാറി.

അധികാരത്തിന്റെ പങ്കുവെക്കലിൽ മത്സരിക്കുന്ന പാർട്ടിയാണ് സിപിഐ. സിപിമ്മിൽ ആവട്ടെ അതിലുള്ള മാഫിയ സംഘങ്ങൾ കമ്പാർട്ട്മെന്റ് കമ്പാർട്ട്മെന്റുകളായി തമ്മിലടിക്കുകയാണ്. സിപിഎമ്മിൽ ആർക്കും ഇനി അന്തസോടെ പ്രവർത്തിക്കാൻ കഴിയുകയില്ല. നാലു ദിവസമായി തുടരുന്ന ബിജെപിയുടെ മെമ്പർഷിപ്പ് ഡ്രൈവിൽ പുതുതായി ചേർന്നവരിൽ ഭൂരിഭാഗവും സിപിഎമ്മുകാരാണ്. കോൺഗ്രസിനെ ജയിപ്പിക്കാൻ അല്ല ബിജെപി പ്രവർത്തിക്കുന്നത്.

സിപിഎമ്മിനെ പരാജയപ്പെടുത്തി അധികാരത്തിൽ വരാനാണ് ബിജെപി ശ്രമിക്കുന്നത്. സിപിഎമ്മിനെ തോൽപ്പിക്കാൻ കോൺഗ്രസിനെ ജയിപ്പിക്കാൻ ബിജെപി തയ്യാറാകുമെന്ന അതിമോഹം ഉണ്ടെങ്കിൽ ചെന്നിത്തലയും സതീശനും അത് വാങ്ങി വെക്കുന്നതാണ് നല്ലത്. സിപിഎമ്മിനെ പോലെ തന്നെ കള്ളന്മാരാണ് കോൺഗ്രസുകാർ. അധികാരത്തിൽ ഇരുന്നപ്പോൾ ഇതിലും വലിയ കൊള്ളരുതായ്മകൾ കോൺഗ്രസുകാർ ചെയ്തിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments