Saturday, September 28, 2024
Homeകായികംവിഷ്ണു വിനോദ്, വരുൺ നയനാർ ഉൾപ്പെടെ കരുത്തരെ കളത്തിലിറക്കി ടൈറ്റൻസ്; ജേഴ്സി 18 ന് തൃശ്ശൂരിൽ...

വിഷ്ണു വിനോദ്, വരുൺ നയനാർ ഉൾപ്പെടെ കരുത്തരെ കളത്തിലിറക്കി ടൈറ്റൻസ്; ജേഴ്സി 18 ന് തൃശ്ശൂരിൽ പുറത്തിറക്കും.

തൃശ്ശൂർ: കേരള ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച താരങ്ങളെ കളത്തിലിറക്കി ചൂടേറിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ടൈറ്റന്‍സ്.ടീമിന്‍റെ ജഴ്സി 18 ന് പുറത്തിറക്കും. ദേശീയ ക്രിക്കറ്റിലെ മികച്ച താരങ്ങളായ വിഷ്ണു വിനോദും വരുണ്‍ നയനാരും ഉള്‍പ്പെടെ ഒരുപിടി മികച്ച താരങ്ങളെ അണിനിരത്തിയാണ് തൃശൂര്‍ ടൈറ്റന്‍സ് കേരള ക്രിക്കറ്റ് ലീഗില്‍ മാറ്റുരയ്ക്കുന്നത്.ഐ.പി.എല്‍ താരമായ വിഷ്ണു വിനോദാണ് ടൈറ്റന്‍സിന്‍റെ ഐക്കണ്‍ പ്ലെയര്‍. 2014 ല്‍ മുഷ്താഖ് അലി ട്രോഫി സീസണിൽ കേരളത്തിന് വേണ്ടി തന്‍റെ ആദ്യ ട്വൻ്റി 20 മത്സരത്തിലൂടെയാണ് വിഷ്ണുവിന്‍റെ അരങ്ങേറ്റം.നിലവില്‍ കേരള ടീമിലെ മികച്ച വിക്കറ്റ് കീപ്പറും ബാറ്ററുമാണ് താരം. 2016 ലെ രഞ്ജി ട്രോഫിയിലാണ് കേരളത്തിനുവേണ്ടി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയത്.

2018 -19 ലെ രഞ്ജിയില്‍ മധ്യപ്രദേശിനെതിരെ 282 പന്തില്‍ നിന്ന് 193 രണ്സ് നേടിയ വിഷ്ണു തന്‍റെ കന്നി സെഞ്ച്വറി സ്വന്തമാക്കി. തുടര്‍ന്ന് 2019-20 ലെ വിജയ് ഹസാരെ ട്രോഫിയിൽ 8 മത്സരങ്ങളിൽ നിന്ന് 3 സെഞ്ച്വറികൾ ഉൾപ്പെടെ 63.50 ശരാശരിയോടെ 508 റൺസ് നേടിയ വിഷ്ണു കേരളത്തിൻ്റെ ടോപ് റൺ സ്‌കോററായിരുന്നു.വിഷ്ണുവിന്‍റെ മികച്ച പ്രകടനം കണക്കിലെടുത്ത് 2019-20 സീസണിലെ ദിയോധർ ട്രോഫിക്കുവേണ്ടിയുള്ള മത്സരത്തില്‍ ഇന്ത്യ എ ടീമിലേയ്ക്ക് തെരഞ്ഞെടുത്തു.2022 സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ തമിഴ്‌നാടിനെതിരെ ഏഴ് സിക്‌സറുകൾ ഉൾപ്പെടെ 26 പന്തിൽ 65 റൺസ് നേടിയ മത്സരം തോല്‍‌വിയില്‍ അവസാനിച്ചെങ്കിലും വിഷ്ണുവിന്‍റെ പ്രകടനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.2021-22 സീസണിലെ വിജയ് ഹസാരെ ട്രോഫിയിൽ ശ്രദ്ധേയ പ്രകടനമാണ് വിഷ്ണു പുറത്തെടുത്തത്. മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ കേരളത്തിനായി സിജോമോൻ ജോസഫിനൊപ്പം 174 റൺസിൻ്റെ റെക്കോർഡ് ഏഴാം വിക്കറ്റും സൃഷ്ടിച്ചു.2017 ലായിരുന്നു ഐ.പി. എല്ലില്‍ കളിക്കാനായി വിഷ്ണുവിന് ക്ഷണം ലഭിക്കുന്നത്. ബംഗ്ലോര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമിന് വേണ്ടിയാണ് വിഷ്ണു കരാര്‍ ഒപ്പിടുന്നത്. വിക്കറ്റ് കീപ്പർ-ബാറ്റർ കെഎൽ രാഹുലിന് പകരക്കാരനായിട്ടാണ് വിഷ്ണു എത്തുന്നത്.

തുടര്‍ന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ്,സണ്‍ റൈസേഴ്ഷ് ഹൈദരാബാദ്,മുബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി വിഷ്ണു ജേഴ്സി അണിഞ്ഞു. 2023 ലെ ഐ.പി.എല്ലില്‍ മുബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് വിഷ്ണു പുറത്തെടുത്തത്.ഒറ്റ മത്സരം കൊണ്ട് തന്നെ മുംബൈ ഇന്ത്യൻസ് ആരാധകരുടെ പ്രിയങ്കരനായി മാറി വിഷ്ണു. മുംബൈ തകരുമെന്ന ഘട്ടത്തില്‍ ക്രീസിലെത്തിയ വിഷ്ണു, സൂര്യുകുമാറിനൊപ്പം 65 റണ്‍സാണ് കൂട്ടിചേര്‍ത്തത്. തുടര്‍ന്ന് പ്ലെയര്‍ ഓഫ് ദി മാച് പുരസ്കാരവും വിഷ്ണുവിന് ലഭിച്ചു.കണ്ണൂര്‍ സ്വദേശി വരുണ്‍ നയനാരെ 7.2 ലക്ഷം രൂപയ്ക്കാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. തന്‍റെ 16 വയസ്സില്‍ അണ്ടര്‍ 19 ടീമിലെത്തിയ വരുണ്‍ നയനാര്‍ കുച്ച് ബീഹാര്‍ ട്രോഫിയില്‍ സൗരാഷ്ട്രയുമായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ കേരളത്തിന്‌ വേണ്ടി ഡബിള്‍ സെഞ്ചുറി നേടിയാണ്‌ കേരള ക്രിക്കറ്റിലെ മിന്നും താരമായത്.

370 പന്തുകൾ നീണ്ട ആ ഇന്നിങ്സിന് അകമ്പടിയായി 25 ബൗണ്ടറികളാണ് അന്ന് വരുണ്‍ സമ്മാനിച്ചത്. ആ സീസണിൽ തന്നെ കേരളത്തിന്റെ അണ്ടർ 16 ടീമിനു വേണ്ടിയും കളിച്ചു.വിജയ് മെർച്ചന്റ് ട്രോഫിയിൽ ആറ് മൽസരങ്ങളിൽ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ദ്ധ സെഞ്ചുറിയുമായി അടിച്ചു കൂട്ടിയത് 528 റൺസ്.പ്രായത്തെ മറികടന്ന് അണ്ടർ 19 ടീമിലേക്ക് വാതിൽ തുറന്നതും ഈ പ്രകടനമാണ്. തുടര്‍ന്ന് വിവിധ ടൂര്‍ണമെന്‍റുകള്‍ കളിച്ച താരം പിന്നീട് ഇന്ത്യ അണ്ടര്‍ 19 ടീമിലും ഇടം നേടിയിരുന്നു.
കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് ടീം, കെസിഎ ടൈഗേഴ്‌സ് എന്നിവയ്ക്ക് വേണ്ടിയും വരുണ്‍ കളിച്ചിട്ടുണ്ട്.ദുബായിൽ താമസമാക്കിയ കോഴിക്കോട് സ്വദേശി ദീപക് കാരാലിന്റെയും പയ്യന്നൂർ സ്വദേശി പ്രിയയുടെയും മകനായ ദീപക് കളി പഠിച്ചു തുടങ്ങിയതു ദുബായിലെ തന്നെ ക്രിക്കറ്റ് അക്കാദമിയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments