Wednesday, December 25, 2024
Homeകഥ/കവിതകാദംബരി (കഥ) ✍എം.ജി.ബിജുകുമാർ, പന്തളം

കാദംബരി (കഥ) ✍എം.ജി.ബിജുകുമാർ, പന്തളം

എം.ജി.ബിജുകുമാർ, പന്തളം

“അനിയൻ കുട്ടാ…. ”
ഫോണിൽ സിനിമയും കണ്ടിരിക്കെ അറിയാതെ ഉറങ്ങി പോയതിനിടയ്ക്ക് ഫോൺകോൾ വരികയും അലക്ഷ്യമായി അറ്റൻഡ് ചെയ്തു അത് ചെവിയിൽ വച്ചപ്പോഴേക്കും കേട്ട ശബ്ദമാണിത്. ആ വിളി കേട്ടപ്പോഴേക്കും ഉറക്കം പോയി. എഴുന്നേറ്റ് തലയിണ ഉയർത്തിവെച്ച് അതിൽ ചാരിയിരുന്നു.
“നീ ഉറങ്ങിയോടാ കുട്ടാ ?”
ചേച്ചിയുടെ അന്വേഷണം.
“ഒരു സിനിമ കാണുകയായിരുന്നു ചേച്ചീ വിരസമായതിനാൽ ഉറങ്ങിപ്പോയി. അതിലെ ‘ജോമോൻ്റ മാനുവൽ മനസാക്ഷിയാണ്’, എന്ന ഡയലോഗ് മാത്രം ഓർമ്മയുണ്ട്.”
മറുപടി പറയുന്നതിനിടെ ലൈറ്റിട്ട് ക്ലോക്കിൽ സമയം നോക്കി. 11 56.
“ഞാൻ വൈകുന്നേരം മുതൽ നിന്നെ വിളിക്കണം എന്ന് കരുതിയിരുന്നതാ, പക്ഷേ നിന്റെ പ്രണയിനി ഞങ്ങളുടെ പ്ലാനുകൾ എല്ലാം തകർത്തൂട്ടോ ” ചേച്ചിയുടെ പരിഭവം. “പ്രണയിനിയോ ,…? ഞാൻ അവിശ്വസനീയതയോടെ ചോദിച്ചു.
“അതെ നിന്റെ പ്രണയിനി, മഴ”
എന്നു പറഞ്ഞ് ചേച്ചി ചിരിച്ചിട്ട് തുടർന്നു. “തകർത്തു പെയ്തു കരണ്ട് ഇടിയും മിന്നലും കൊണ്ടോയി… ഫോണിൽ ചാർജ് ഇല്ലായിരുന്നു. ഗൗരിക്കുട്ടിയേയും കൊണ്ട് പുറത്തുപോകാൻ ഇരുന്നതാ, മഴ കാരണം അത് നടക്കാത്തതിനാൽ അവൾക്കും വിഷമം.”
ചേച്ചി ഒന്നും നിശ്വസിച്ചത് ഫോണിലൂടെ കേൾക്കാമായിരുന്നു.
“എന്താ ചേച്ചി വിളിച്ചത് അത്യാവശ്യം എന്തെങ്കിലും..?”
ഞാൻ കൗതുകത്തോടെ ചോദിച്ചു.
ചേച്ചിക്ക് സമയം കിട്ടുന്നതെപ്പോഴാണോ അന്നേരം വിളിക്കും. അത് രാത്രിയിലോ അർദ്ധരാത്രിയിലാ വെളുപ്പിനോ ഒക്കെയാകാം. കൃത്യമായ ഒരു സമയമൊന്നും ഉണ്ടാകില്ല. കാരണം അത്താഴത്തിനു ശേഷം ആണ് ചേച്ചിയുടെ വായനയും നിരീക്ഷണവും മിത്തുകളുടെ പിറകേയുള്ള അന്വേഷണവുമൊക്കെ നടക്കുന്നത്. രാത്രിയിൽ ഉറക്കം വളരെ കുറവ്.
എല്ലാവരും സ്വപ്നം കണ്ട് ഉറങ്ങുമ്പോൾ ചേച്ചി ഉറങ്ങാതിരുന്ന് വായിക്കുകയോ എഴുതുകയോ ആവാം.
മനുഷ്യൻ ഉറങ്ങുന്ന യാമങ്ങളിൽ ഉണർന്നിരിക്കുന്നതിനാൽ സുഹൃത്തുക്കളിൽ ചിലർ ചേച്ചിയെ നിശാചരി എന്നും യക്ഷി എന്നുമൊക്കെയാണ് വിളിക്കാറുള്ളത്.
“ഗ്രാമം ഉറങ്ങുമ്പോൾ ഉറങ്ങാതിരിക്കുന്നത് രണ്ടുപേരാണ്. ഒന്ന് ഇവളും മറ്റേത് അമ്പലത്തിനു മുന്നിലെ ആൽമരത്തിലെ കാലൻ കോഴിയും” എന്നാണ് ചേച്ചിയുടെ അമ്മ പറയാറ്.
“അത്യാവശ്യം ആയിട്ടല്ലെടാ കുട്ടാ, ആ പുസ്തകത്തിൻറെ കാര്യം വേണമോ എന്നതിൽ എനിക്ക് ഒരു തീരുമാനമെടുക്കാൻ കഴിയണില്ല. നമുക്കത് ഉപേക്ഷിക്കാം. അത് പ്രസിദ്ധീകരിക്കാൻ എനിക്ക് ധൈര്യം പോരാ ”
ചേച്ചി അല്പം അസ്വസ്ഥയാകുംപോലെ തോന്നി.
ചേച്ചി വളരെയേറെ വായിക്കുകയും വളരെ വ്യത്യസ്തമായി ചിന്തിക്കുകയും അതൊക്കെ തൻ്റെ എഴുത്തുകളിലേക്ക് പടർത്തുകയും ചെയ്യുമെങ്കിലും, എഴുതുന്നതൊന്നും എവിടെയും പ്രസിദ്ധീകരിക്കാനോ ആർക്കെങ്കിലും വായിക്കാനോ കൊടുക്കാറില്ലായിരുന്നു. വളരെയേറെ നിർബന്ധിച്ചതിനു ശേഷമാണ് എഴുതുന്നതൊക്കെ വല്ലപ്പോഴും എനിക്ക് വായിക്കാൻ അയച്ചുതരാറുള്ളത്.

നാലഞ്ചു വർഷം മുമ്പ് വയനാട് കാണാനായുള്ള യാത്രയിൽ സുഹൃത്തുക്കളോടൊപ്പം മൂന്നാലു ദിവസം ചിലവഴിച്ചതിനിടക്ക് ബേക്കൽ ഫോർട്ട് കാണാൻ പോയി. അപ്പോൾ അതിലൊരു സുഹൃത്താണ് ഇവിടെ തൻ്റെ സുഹൃത്തായ ഒരു സാഹിത്യ കുതുകി ഉണ്ടെന്നും പരിചയപ്പെടുത്താമെന്നും പറഞ്ഞത്. ഫോണിൽ വിളിച്ചപ്പോൾ പക്ഷേ ആള് സ്ഥലത്തില്ല. ആലുവയിലുള്ള കുടുംബ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. അപ്പോൾ ഫോണിലൊന്നു സംസാരിക്കുകയും നമ്പർ വാങ്ങിയിട്ട് പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ടാക്കുകയും ചെയ്തു.അങ്ങനെയാണ് ചേച്ചിയുമായി പരിചയമാവുന്നത്.പിന്നീട് മിക്കപ്പോഴും വിളിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും നേരിട്ടിതുവരെയും കണ്ടിട്ടില്ല.
തറവാട്ടിൽ അനിയൻമാരെ അനിയൻ കുട്ടാ എന്നാണത്രേ വിളിക്കാറ്. അതിനാൽ എന്നെയും ‘അനിയൻകുട്ടാ’ എന്നോ ‘മോനേ’ എന്നോ മാത്രമേ വിളിക്കാറുള്ളു. വാത്സല്യത്തോടെയുള്ള ആ വിളിയിൽ മനസ്സുനിറയുമായിരുന്നു.

ചേച്ചിയുടെ കുറേ രചനകൾ ചേർത്ത് പുസ്തകമാക്കാൻ ഞാൻ വളരെ നിർബന്ധിച്ചാണ് സമ്മതിപ്പിച്ചത്. പക്ഷേ മെഡിക്കൽ രംഗത്ത് സജീവമായിരുന്ന ചേച്ചിയുടെ ഭർത്താവിന് അതിനായി മിനക്കെടാൻ സമയമില്ലാത്തതിനാൽ പുസ്തകത്തോട് വലിയ താത്പര്യമൊന്നും കാണിച്ചില്ല.
“ഇഷ്ടം പോലെ ചെയ്തോ” എന്ന് അദ്ദേഹം പറഞ്ഞൊഴിഞ്ഞപ്പോൾ ചേച്ചി പിന്മാറാൻ തീരുമാനിച്ചു.
” ചേച്ചീ.. പുസ്തകം പ്രസിദ്ധീകരിക്കുകയെന്നത് സാക്ഷാത്കരിക്കുക തന്നെ വേണം. ചേച്ചിയുടെ വ്യത്യസ്തമായ ചിന്തകളടങ്ങിയ രചനകൾ സാഹിത്യ സ്നേഹികൾ സ്വീകരിക്കുമെന്നെനിക്ക് ഉറപ്പുണ്ട്.”
ഞാൻ ചേച്ചിയെ പരമാവധി ശുഭാപ്തി വിശ്വാസത്തിലേക്കെത്തിക്കുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
“നല്ല എഴുത്തുകാർക്കും വായനക്കാർക്കുമിടയിലേക്ക് എൻ്റെയീ വിചിത്ര ചിന്തകൾ അവതരിപ്പിക്കാൻ എനിക്ക് മനസ്സു വരണില്ല.അവരതിനെ എങ്ങനെ സ്വീകരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ കൂടി കഴിയണില്ല.”
ചേച്ചിയുടെ വാക്കുകളിൽ ഉത്കണ്ഠ നിറയുന്നുണ്ടായിരുന്നു.
” ചേച്ചി ഒരു കാര്യം ചെയ്യൂ, ആ സൃഷ്ടികൾ എല്ലാം എനിക്കയച്ചു തരൂ, ഞാനത് ചേച്ചിയുടെ പേരിൽ പുസ്തകമാക്കാം. എല്ലാം പൂർത്തിയായിട്ട് ചേച്ചിയെ അറിയിക്കാം. അതു വരെ ചേച്ചി ഇതിനെക്കുറിച്ച് ചിന്തിച്ച് ടെൻഷനടിക്കേണ്ടാ..”
ഞാനത് പറഞ്ഞപ്പോൾ ഒന്നു നിശബ്ദയായതിനു ശേഷം
” അനിയൻ കുട്ടാ.. എങ്കിൽ നിൻ്റെ ഇഷ്ടം നടക്കട്ടെ, ഞാനാ ഡയറി അയച്ചു തരാം, പ്രസിദ്ധീകരണ യോഗ്യമായവയുണ്ടെന്ന് തോന്നുന്നെങ്കിൽ പുസ്തകമാക്കൂ, പേരും നീ തന്നെയിട്ടോടാ കുട്ടാ, ”
എന്നു പറഞ്ഞ് എൻ്റെ തീരുമാനം അംഗീകരിച്ച് ചേച്ചി ഫോൺ വെച്ചു.

ചേച്ചിയുടെ എഴുത്തുകളിലെയെല്ലാം ഉള്ളടക്കവും കാഴ്ചപ്പാടുകളുമെല്ലാം വ്യത്യസ്തത പുലർത്തിയിരുന്നു. പാരമ്പര്യ മൂല്യങ്ങളെ അംഗീകരിക്കുന്നതിനോടൊപ്പം അതിൽ പുതുമ തേടാനും ആ എഴുത്തുകൾക്ക് കഴിഞ്ഞിരുന്നു.

കേന്ദ്ര സർവ്വീസിൽ ജോലിയുണ്ടായിരുന്ന ചേച്ചി വളരെ താമസിച്ചാണ് വിവാഹിതയാവുന്നത്. അതിനു കുറേ വർഷത്തിനുശേഷമാണ് ഒരു മകളുണ്ടാവുന്നത്. മകളെ സ്നേഹത്തോടെ പരിചരിച്ച് വളർത്തുന്നതിനായി ജോലി രാജിവെക്കുകയും തുടർന്ന് മകൾ ഗൗരിയുടെ ലോകത്തേക്ക് ചുരുങ്ങുകയും ചെയ്തു. അതിനു ശേഷമാണ് എഴുത്തും വായനയുമൊക്കെ പൂർവ്വാധികം ഭംഗിയായി തുടർന്നതും.ഗൗരിക്ക് ഇപ്പോൾ ഒൻപതു വയസ്സായി. ഗൗരിക്കുട്ടിയെന്നാണ് ഞാൻ വിളിക്കുക.

മിത്തുകളുടെ പിറകേ പോയി അതിലെ നന്മകൾ കണ്ടെത്താൻ ശ്രമിക്കുന്ന, തിരുവാതിരയും ഞാറ്റുവേലകളും, ജൈവഘടികാരവുമൊക്കെ നഷ്ടമായതിനെക്കുറിച്ചുള്ള വേവലാതികൾ പങ്കുവെക്കുന്ന, പൂർവ്വികരുടെ പഴമകളിലെ ശരികളിൽ ഉറച്ചു നിൽക്കുന്ന ഒരു കാഴ്ചപ്പാടിലൂടെയാണ് ചേച്ചി സൃഷ്ടികൾ അവതരിപ്പിച്ചിരിക്കുന്നത്.

ദിവസങ്ങൾക്കുള്ളിൽ ചേച്ചിയുടെ കൃതികൾ അടങ്ങിയ വലിയ ഡയറി തപാൽ മാർഗ്ഗം എന്റെ കൈവശം എത്തി. സമയം കിട്ടുമ്പോഴൊക്കെ അത് വായിച്ച് ഓരോന്നായി പേപ്പറിലേക്ക് പകർത്തി.
നിസ്സാരമായ ചില തിരുത്തലുകൾ മാത്രം വരുത്തി ഡി.ടി.പി എടുക്കാനായി കൊടുക്കുകയും ചെയ്തു.

ഒരു വൈകുന്നേരം ജനലരികിൽ ഇരിക്കുമ്പോഴാണ് വീശിയടിക്കുന്ന കാറ്റിൻ്റെ അകമ്പടിയിൽ മഴയെത്തിയത്. അപ്പോഴാണ് ചേച്ചിയെ ഒന്നു വിളിക്കാമെന്നു കരുതി ഡയൽ ചെയ്തപ്പോൾ ഫോണെടുത്തത് ഗൗരിയായിരുന്നു.
” അമ്മേടെ അനിയൻ കുട്ടനാണ് ”
എന്നു പറഞ്ഞ് ഫോൺ അവൾ അമ്മയുടെ കയ്യിൽ കൊടുത്തു.
“എന്താടാ കുട്ടാ, പുസ്തകത്തെപ്പറ്റി പറയാനാണോ, എനിക്കൊന്നുമറിയില്യ. നീയെന്തു വേണേലും ചെയ്തോട്ടോ. തിരുത്തുകയോ, ചേർക്കുകയോ
എന്തായാലും എനിക്ക് വിരോധമില്യ മോനേ..” ചേച്ചി ചിരിച്ചു കൊണ്ടു പറഞ്ഞു.
“ഏയ് അതൊന്നുമല്ല, അവിടെ ശബ്ദതാരാവലിയുണ്ടല്ലോ, അതിൽ നോക്കി ഒന്നു രണ്ടു വാക്കുകളുടെ അർത്ഥം പറഞ്ഞുതാ ചേച്ചീ.. ”
എൻ്റെ ആവശ്യം കേട്ടപ്പോൾ ചേച്ചി തുടർന്നു.
” ഇപ്പോൾ ഒന്നും നടക്കില്ലെടാ കുട്ടാ, ഇവളെൻ്റെ മടിയിൽ കഥ കേൾക്കാനായി കിടപ്പാണ്. ആകാശ മുല്ലയുടെ പൂവിലെന്താണ് ഒരു നക്ഷത്രം എന്ന് പറയാതെ എങ്ങും വിടൂല്ലെന്നാ കട്ടായം പറയണത് ‘
ചേച്ചിയുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു.
“ചിരിക്കണ്ട, സത്യമാ, അല്ലെങ്കിൽ നീയൊരു കഥ ഇവൾക്ക് പറഞ്ഞു കൊടുക്ക്, ഞാൻ ശബ്ദതാരാവലിയെടുക്കാം”
ചേച്ചിയുടെ അഭിപ്രായം കേട്ട് ഗൗരി ചിരിക്കുന്നത് ഫോണിലൂടെ കേൾക്കാമായിരുന്നു.
” വേണ്ട ചേച്ചിക്കുട്ടി കഥ പറഞ്ഞോളൂ മടിയിൽ കിടന്ന് ഗൗരിക്കുട്ടിയും ഫോണിലൂടെ അനിയൻകുട്ടനും കഥ കേട്ടിരിക്കാം, ശബ്ദതാരാവലിയും അർത്ഥവുക്കെ പിന്നെയാകട്ടെ. അത് സമ്മതിച്ച് ചേച്ചി കഥ പറഞ്ഞു തുടങ്ങി.

ആകാശത്ത് നന്നായി തിളങ്ങുന്ന വലിയ ഒരു നക്ഷത്രമുണ്ടായിരുന്നു. ആ നക്ഷത്രവുമായി ഒരു വെള്ളിമേഘം സ്നേഹത്തിലായി.ആ നക്ഷത്രത്തോടുള്ള പ്രണയം കാരണം മേഘത്തിന് പെയ്തൊഴിയാൻ മനസ്സു വന്നില്ല. കുറേക്കാലം കഴിയുമ്പോൾ താൻ കത്തിത്തീരും പിന്നെയെന്തിനാണ് നീയെന്നെ പ്രണയിക്കുന്നതെന്ന് എന്നു നക്ഷത്രം ഓർമ്മിപ്പിച്ചിട്ടും മേഘം പിൻമാറാൻ കൂട്ടാക്കിയില്ല. അവസാനം നക്ഷത്രത്തിൻ്റെ നിറം കെട്ടുപോകുമ്പോൾ സങ്കടം സഹിക്കാതെ കരഞ്ഞ് മേഘം മഴയായി പെയ്യുകയാണ്.അങ്ങനെ മണ്ണിലേക്ക് പെയ്തു നിറയുകയാണ്. പെയ്തു വീണ മണ്ണിൽ പിന്നീട് മുള പൊട്ടിയ ചെടി ആകാശത്തേക്ക് വളരുമ്പോൾ അതിൻ്റെ പൂവിൻ്റെ തുമ്പ് നക്ഷത്രത്തെപ്പോലെയാണ് വിടർന്നത്. അതിനെയാണ് ആകാശമുല്ലയെന്നു വിളിച്ചുതുടങ്ങിയത്.
ചേച്ചി കഥ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മഴതോർന്ന് മരം പെയ്തു തുടങ്ങിയിരുന്നു.

മുമ്പൊരിക്കൽ ചേച്ചി വെളുപ്പിനെ വിളിച്ചുണർത്തിയതും മരണാനന്തര ചടങ്ങുകളിലെ നിമഞ്ജനത്തെപ്പറ്റി. വൈകാരികമായി സംസാരിച്ചതും ഇപ്പോഴുമോർക്കുന്നു.
പുലിമുരുകൻ സിനിമ റിലീസ് ചെയ്ത ദിവസം രണ്ടു തിയേറ്ററിലും സെക്കൻ്റ് ഷോയ്ക്ക് ടിക്കറ്റ് കിട്ടാതെ പന്ത്രണ്ടാേളം സുഹൃത്തുക്കളുമൊത്ത് നിൽക്കുമ്പോളാണ് അഞ്ചാമത്തെ ഷോ നടത്താമെന്ന് തിയേറ്ററുകാർ അറിയിച്ചത്. അർദ്ധരാത്രി വരെ കാത്തിരുന്ന് സിനിമയും കണ്ട് വീടെത്തിയപ്പോൾ മൂന്നര കഴിഞ്ഞിരുന്നു. കിടന്നപ്പോഴേ ഉറങ്ങിപ്പോയെങ്കിലും നാലു മണി കഴിഞ്ഞപ്പോൾ ചേച്ചിയുടെ വിളിയെത്തി.
“അനിയൻ കുട്ടാ… മനസ്സിനൊരു സുഖവുമില്ല, അമ്മയെക്കുറിച്ചിന്ന് ഓർത്തായിരുന്നു. അമ്മയുടെ കുഴിമാടത്തിൽ നിന്നും സഞ്ചയനത്തിന് അസ്ഥികൾ പെറുക്കിയെടുക്കുന്നത് നോക്കി നിന്നപ്പോൾ മനസ്സിലുണ്ടായ വേദനയും ഭാരവും ഇരുപതിലേറെ വർഷത്തിനു ശേഷവും ഹൃദയത്തിൽ അതുപോലെ തന്നെ നിലനില്ക്കണുണ്ട്. അതൊരു മുറിവാണ് ഇന്നും എൻ്റെ മനസ്സിൽ.”
ആ ശബ്ദത്തിൽ നിന്നുതന്നെ വിഷമം നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു.
“അതെന്നെ ചിലപ്പോഴൊക്കെ വേട്ടയാടണുണ്ട്. അതോർക്കുമ്പോൾ നെഞ്ചിലെപ്പോഴും ചോര പൊടിയാറുണ്ട്. അപ്പോഴൊക്കെ ആ നഷ്ടത്തെപ്പറ്റിയോർത്ത് ഞാൻ തളർന്നു പോകാറുമുണ്ട്. ” ചേച്ചിയുടെ കണ്ഠമിടറി.
“ഹിന്ദു ആചാരപ്രകാരം ജലരൂപത്തിൽ നിന്നും വരുന്ന ജീവനായതിനാലാണ് മരണാനന്തര ക്രിയകൾക്ക് ശേഷം ജലത്തിലേക്ക് തന്നെ ചിതാഭസ്മമൊഴുക്കി വീണ്ടുമൊരു ജന്മം അവർക്ക് ജലത്തിൽ നിന്നുണ്ടാകട്ടെ എന്ന സങ്കൽപ്പത്തിലല്ലേ പുഴയിലോ കടലിലോ നിമഞ്ജനം ചെയ്യുന്നത്.ശ്രാദ്ധ കർമ്മങ്ങൾക്ക് അങ്ങനെയല്ലേ ആചാര വിധി പറഞ്ഞിരിക്കുന്നത്. ”
ചേച്ചിയോട് ഞാൻ സൂചിപ്പിച്ചു.
“അത് ശരിയാണ്. പക്ഷേ അതിൽ നിന്നു വ്യത്യസ്തമായി ചിന്തിച്ചപ്പോൾ മനസ്സിൽ തോന്നിയത് ഞാൻ നിമഞ്ജനം എന്ന പേരിൽ ഗദ്യകവിതയാക്കി എഴുതി. ഞാൻ അതൊന്ന് വായിക്കട്ടേടാ കുട്ടാ…”
ചേച്ചി കവിത വായിക്കുന്നത് ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു.
മണ്ണിനെയും മരങ്ങളെയും കൃഷിയേയുമൊക്കെ സ്നേഹിച്ചിരുന്ന ഒരാൾ താൻ മരിച്ചാൽ തന്റെ ചിതാഭസ്മം എവിടെയും കൊണ്ടൊഴുക്കരുത്. അതിലൊന്നും എനിക്ക് മോക്ഷമുണ്ടാകില്ല. ഈ തൊടിയിൽ തന്നെ കദളിയുടെയും പവിഴമല്ലിയുടെയും വാഴയുടെയും മറ്റു സസ്യങ്ങളുടെയും ചുവട്ടിൽ വിതറണം എന്ന് തന്റെ സഹധർമ്മിണിയോട് ആവശ്യപ്പെടുന്നതായിരുന്നു അതിൻ്റെ ഉള്ളടക്കം .
നിൻ്റെ കടക്കണ്ണിൽ അസ്തമിക്കാനാണ് ഞാനെന്നും കൊതിച്ചിരുന്നത്. പച്ചയായി തളിർത്തു പൂക്കണമെനിക്ക് നിനക്കു ചുറ്റും. പുതുമഴ പെയ്ത്ത് ആ ചാരം മഴവെള്ളത്തിൽ അലിഞ്ഞാഴുകി നിൻ്റെ പാദങ്ങളെ ചുംബിക്കണമെനിക്ക്. മണ്ണിലലിഞ്ഞ ആ ചാരം വളമായിത്തീരുന്ന ചെടികളുടെ പൂക്കളിലൂടെയും ഫലങ്ങളിലുടെയും നിന്നെ നോക്കി പുഞ്ചിരിയ്ക്കണമെനിക്ക്.
എന്നിങ്ങനെയായിരുന്നു അയാൾ സഹധർമ്മിണിയോട് തന്റെ മോഹങ്ങൾ വെളിപ്പെടുത്തുന്നത്..
ആ രാത്രി തന്നെ അയാൾ മരിക്കുകയാണ്.
കവിതയേപ്പറ്റി സംസാരിച്ചു ഫോൺ വെയ്ക്കുമ്പോൾ ചേച്ചിയുടെ ആശയത്തെപ്പറ്റി ഓർത്തിരുന്നപ്പോൾ ആത്മാക്കളോട് സംവദിക്കാൻ കഴിയുന്നതിങ്ങനെയൊക്കെയാവാമെന്ന് എനിക്കും തോന്നി. പൂക്കൾ ഞെട്ടറ്റു വീഴുമ്പോൾ ആ ചെടിയുടെ കടയ്ക്കൽ തന്നെയാണ് അതിൻ്റെ അന്ത്യവിശ്രമം.അതു പോലെ തന്നെ ജീവിച്ചിരിക്കുന്നിടത്തിലെ മണ്ണിൽ തന്നെ നിമഞ്ജനം ചെയ്യാൻ ആവശ്യപ്പെടുന്ന ആശയത്തെപ്പറ്റി ഓർത്തുകിടന്ന് പിന്നെ ഉറക്കവും വന്നില്ല.

സൂര്യപ്രകാശം കണ്ടിട്ടില്ലാത്ത ചന്ദ്രൻ്റെ വെളിച്ചം മാത്രം കണ്ടിട്ടുള്ളതെന്നു പറയുന്ന ചേച്ചിയുടെ ഡയറി തപാൽ മാർഗ്ഗം എൻ്റെ കൈവശമെത്തിയതിൽ പിന്നെ അതു പുസ്തക രൂപത്തിലാക്കാനുള്ള ശ്രമവുമായി നടക്കുമ്പോഴും യതൊരു വിവരവും ചേച്ചിയെ വിളിച്ചറിയിച്ചിരുന്നില്ല. “അതിൻ്റെ കാര്യമൊന്നുമെന്നോട് പറയുകയേ വേണ്ട” എന്നാണ് ചേച്ചി പറഞ്ഞിരുന്നത്.
ചേച്ചിക്ക് അല്പം പരിസ്ഥിതി ഭ്രാന്തുമുണ്ട്. ഇടയ്ക്കൊക്കെ കാട്ടിൽ കയറും. വൃക്ഷങ്ങളെയും പക്ഷിമൃഗാദികളെയും നിരീക്ഷിക്കും. ചേച്ചിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വിഷയമാണ് ഋതുക്കൾ. ഒരു പ്രാവശ്യം അതിൻ്റെ കാരണം തിരക്കിയപ്പോൾ “ഋതുക്കൾ ഒന്നിനെയും കാത്തു നിൽക്കുന്നില്ല,മൗനമായി അവ മാറിക്കൊണ്ടേയിരിക്കുന്നു” എന്നായിരുന്നു മറുപടി.

ഓരോന്ന് ആലോചിച്ച് ജനാലയ്ക്കരികിലിരുന്ന് വെളിയിലേക്ക് മിഴിനട്ട് ചാറ്റൽ മഴ പെയ്യുന്നതും ആസ്വദിച്ച്
കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ ചേച്ചിയുടെ ഫോൺ കോൾ എത്തി.
“എടാ കുട്ടാ ഞാൻ ആലുവയിലെ തറവാട്ടിലെത്തീട്ടോ. ബന്ധുക്കളെല്ലാ മെത്തിയിട്ടുള്ളതിനാൽ കുറച്ചു ദിവസം ഇവിടം സ്വർഗ്ഗമാണ് ”
ചേച്ചി സന്തോഷത്തോടെ പറഞ്ഞു തുടങ്ങി.
“എന്താ ചേച്ചി അവിടിപ്പോൾ വിശേഷം ?”
ഞാൻ കൗതുകത്തോടെ തിരക്കി.
“ഇവിടെ കുടുംബത്തിൽ ദുർഗ്ഗാദേവീ ക്ഷേത്രമുണ്ട്. നാളെ കഴിഞ്ഞാൽ പത്താമുദയമാണ്. ആ ദിവസം ക്ഷേത്രത്തിൽ പൂജകളും എഴുന്നെള്ളത്തും രാത്രിയിൽ ഗരുതിയുമാെക്കെയുണ്ട്. ഇതൊക്കെ രാത്രിയിലാണ് നടക്കണത്. കർഫ്യൂ കാരണം ഇവിടിപ്പോൾ ആ ചടങ്ങുകളൊന്നും നടത്താൻ സാധിക്കണില്ല” ചേച്ചി പറഞ്ഞു നിർത്തി.
” അപ്പോൾ പിന്നെന്താ ചെയ്യുക ?”
ഞാൻ സംശയം പ്രകടിപ്പിച്ചു.
”ആ ചടങ്ങുകളെല്ലാം മാറ്റിവെക്കുകയാണ്. അതിനുള്ള പരിഹാരക്രിയകളേപ്പറ്റി ഇവിടെ ചർച്ച നടക്കുകയാണ്.”
ചടങ്ങുകൾ നടക്കാത്തതിൻ്റെ നിരാശ ചേച്ചിയുടെ വാക്കുകളിലുണ്ടായിരുന്നു.
” പുസ്തകത്തിൻ്റെ കാര്യം ചോദിക്കാൻ മടിക്കണത് എനിക്കതിൽ ആത്മവിശ്വാസമില്ലാഞ്ഞിട്ടാ കേട്ടോ മോനേ..
അതാ പിന്നെ വിളിക്കാതിരിക്കണതും. ” ചേച്ചിയുടെ ക്ഷമാപണം.
“സാരമില്ല ചേച്ചി പുസ്തകത്തിൻ്റെ അച്ചടി പൂർത്തിയായതിനു ശേഷം വിളിച്ചറിയിക്കാമെന്നു കരുതിയാണ് ഞാനങ്ങോട്ട് വിളിക്കാഞ്ഞതും ”
എൻ്റെ മറുപടി കേട്ട് ചേച്ചി ചിരിച്ചു.
“നീയെന്താട കുട്ടാ പുസ്തകത്തിന് പേര് നൽകിയത്.?
ചേച്ചി ആകാംക്ഷയോടെ തിരക്കി..
” അത് സർപ്രൈസ് ആണു ചേച്ചീ. പ്രിന്റിങ്ങ് പൂർത്തിയായതിനു ശേഷം ബുക്ക് കയ്യിൽ എത്തുംവരെ ആകാംക്ഷ നില നിൽക്കട്ടെ”
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
” നിൻ്റെയീ സർപ്രൈസ് നൽകൽ ഇതു വരെ നിർത്തിയിട്ടില്ലല്ലേ?,
ചേച്ചിയ്ക്ക് കൗതുകം.
“നന്മയുള്ള സൗഹൃദങ്ങൾക്ക് സർപ്രൈസ് കൊടുക്കുമ്പോൾ അവരിൽ അത്ഭുതത്താൽ ഒരു പുഞ്ചിരിയുണ്ടായാൽ അതിലൊരു ത്രിൽ ഉണ്ട് ചേച്ചീ…”
ഞാൻ മറുപടി കൊടുത്തു.

“എന്നാലും ആ പേരാെന്നു പറഞ്ഞില്ലല്ലോടാ ദുഷ്ടാ..” ചേച്ചിയുടെ പരിഭവം.
“രണ്ടു ദിവസം കൂടി കാത്തിരിക്കു ചേച്ചീ, അതു പോട്ടെ ചടങ്ങുകൾ മാറ്റി വെച്ച സ്ഥിതിക്ക് എന്താണിനി പരിപാടി?
ഞാൻ ചോദിച്ചു.
” നിളയിൽ കുളിച്ചിട്ട് കുറേക്കാലമായീട്ടോ, ഇത്തവണ എന്തായാലും അതു സാധിക്കണമെന്നുണ്ട്, കാറിൽ അവിടെ പോയിട്ട് തിരിച്ചെത്തി ആലുവാ മണപ്പുറത്തു കൂടി കുറേ നടക്കണം.”
ചേച്ചിയുടെയുള്ളിലെ ഗൃഹാതുരതയുടെ തുടിപ്പുകൾ എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.
“എന്നിട്ടു വേണം പുഴയേയും കടലിനേയും ബന്ധപ്പെടുത്തി ഒരു കവിതയെഴുതാൻ ”
ചേച്ചി പറഞ്ഞു നിർത്തി.
“ആഹാ കൊള്ളാലോ ,എങ്കിൽ സൗഹൃദം നിറച്ച് കടലിലേക്ക് എല്ലാ നദികളും ഒഴുകുമ്പോൾ, കടൽ തന്നെ പ്രണയിച്ചു പോകുമോയെന്ന ചിന്തയിൽ വഴിമാറിയൊഴുകുന്ന ഒരു പുഴയെപ്പറ്റിക്കൂടി അതിൽ ചേർക്കണേ ചേച്ചീ.”
എന്റെയൊരു നിർദ്ദേശം ഞാൻ അവതരിപ്പിച്ചു.
“അതു നല്ലയൊരാശയമാണല്ലോ, ഞാനെഴുതാം കേട്ടോടാ കുട്ടാ, പക്ഷേ ഒരു സംശയം”
ചേച്ചിയുടെ സംശയം എന്താണെന്ന് കൗതുകത്തോടെ ഞാൻ തിരക്കി.
“നീയിതിൽ പുഴയാണോ, അതോ കടലാണോ അനിയൻ കുട്ടാ” ചേച്ചി കളിയാക്കി ചോദിച്ചു.
” ഞാൻ പുഴയുമല്ല, കടലുമല്ല, ഞാനൊരു കുഞ്ഞരുവിയല്ലേ ചേച്ചീ.” എൻ്റെ മറുപടി കേട്ട് ചേച്ചി ചിരിച്ചു.
“അമ്പടാ വിനീത വിനയാന്വിതാ, വല്ല കടലോ പുഴയോ ഒഴുകുന്നതു കണ്ടാൽ പറയണം, ഞാൻ പോയി കൈക്കുമ്പിളിൽ കോരിയെടുത്തു കൊണ്ടുത്തരാട്ടോ… ”
അവിടെയും ചേച്ചിയുടെ നർമ്മ സംഭാഷണം.
‘അയ്യേ..! ഈ ചേച്ചിക്കെന്താ….!’
“എന്തായാലും കവിത ഞാനെഴുതിയിട്ടയച്ചു തരാം കേട്ടോടാ മോനേ… ”
ചേച്ചി പറഞ്ഞു നിർത്തി.

” നിളയുടെ വിരിമാറിൽ കുളിച്ച് തിരിച്ച്
ആലുവയിൽ എത്തുമ്പോൾ ശിവക്ഷേത്രത്തിൽ തൊഴുത് പ്രസാദവുo നെറ്റിയിൽ ചാർത്തുന്ന പത്താമുദയ ദിനത്തിൽ പുസ്തകം ചേച്ചിയുടെ കയ്യിലെത്തും, കൊറിയർ ചെയ്യാൻ കൊടുത്തിട്ടുണ്ട് ”
ഞാൻ പറയുന്നത് കേട്ട് ചേച്ചി സന്തോഷത്തോടെ വിളിച്ചു.
“അനിയൻ കുട്ടാ…”
ഞാൻ ചിരിച്ചു കൊണ്ട് മൂളി.ഫോൺ കട്ടു ചെയ്തപ്പോൾ ചേച്ചിയുടെ മനസ്സുനിറഞ്ഞിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നി.

ടേബിളിലിരുന്ന പുസ്തകത്തിൻ്റെ പുറംചട്ടയിലേക്ക് ഞാൻ വെറുതേ നോക്കി. ചേച്ചിക്ക് എന്നും ചന്ദനം തൊടുന്ന ശീലമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ ചേച്ചിയുടെ ചിന്തകളും രചനകളും ചന്ദന ഗന്ധം പോലെയാണ് അനുഭവപ്പെടുന്നതെന്ന് ഞാനും മുമ്പ് പറഞ്ഞിട്ടുണ്ട്.
അതിനാൽ ചന്ദനം എന്നർത്ഥം വരുന്ന “മാലേയം” എന്ന വാക്കായിരുന്നു ചേച്ചിയുടെ പുസ്തകത്തിന് ഞാൻ നൽകിയ പേര് .അതായിരുന്നു ചേച്ചിക്ക് ഞാൻ കരുതി വെച്ച സർപ്രൈസും.
കാപ്പി കുടിച്ച കപ്പ് മാറ്റി വെച്ചിട്ട് ഞാനാ പുസ്തകമെടുത്ത് അതിൻ്റെ പുറഞ്ചട്ടയിലെ മുകളിലെ ‘മാലേയം’ എന്ന പേരിനു താഴെ രചയിതാവിൻ്റെ പേരിലൂടെ വിരലോടിച്ച് സംതൃപ്തിയോടെ മനസ്സിൽ ആ പേര് വായിച്ചു. “കാദംബരി”

എം.ജി.ബിജുകുമാർ, പന്തളം✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments