Sunday, December 22, 2024
Homeഅമേരിക്കഷാലു പുന്നൂസിന് ഫിലഡൽഫിയ രാജ്യാന്തര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.

ഷാലു പുന്നൂസിന് ഫിലഡൽഫിയ രാജ്യാന്തര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.

സജു വർഗീസ് (ലെൻസ്മാൻ)

ഫിലഡൽഫിയ: അമേരിക്കൻ മലയാളികളുടെ അഭിമാന പ്രസ്ഥാനമായ ഫോമായുടെ എട്ടാമത് അന്തർദേശീയ കൺവൻഷനോടനുബന്ധിച്ചു നടന്ന വാശിയേറിയ ഇലക്ഷനിൽ ഫോമായുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ച്, വൻഭൂരിപക്ഷത്തോടുകൂടി മിന്നും വിജയം കരസ്ഥമാക്കിയ ശേഷം, പുന്റക്കാനയിലെ ഫോമാ കൺവൻഷൻ സെന്ററിൽ നിന്നും വാസസ്ഥലമായ ഫിലാഡൽഫിയയിൽ തിരിച്ചെത്തിയ ഫിലാഡൽഫിയ മലയാളികളുടെ അഭിമാന താരം- ഷാലു പുന്നൂസിന് ഫിലഡൽഫിയ മലയാളികളുടെ പ്രിയങ്കരനായ സുനോജ് മല്ലപ്പള്ളിയുടെ നേതൃത്വത്തിലുള്ള സൗഹൃദ വലയം ഫിലഡൽഫിയ രാജ്യാന്തര വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ് നൽകി.

വൈകിട്ട് 6: 35 ന് എയർപോർട്ടിന് വെളിയിലിറങ്ങിയ ഷാലുവിനെ സ്വീകരിക്കുവാൻ വളരെ നേരത്തെതന്നെ ഹാരങ്ങളും പൊന്നാടകളുമായി സുഹൃത്തുക്കൾ കാത്തുനിന്നിരുന്നു. വിജയ ശ്രീലാളിതനായി അഭിമാനപൂർവ്വം തിരികെയെത്തിയ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്ത് ഷാലു പുന്നൂസിനെയും, സഹായികളായി ഒപ്പം യാത്ര ചെയ്ത കൂട്ടാളികളെയും കണ്ടയുടൻ അപ്രതീക്ഷിതമായി അത്യുച്ചത്തിൽ മുഴങ്ങിയ, ആവേശത്തിരയിളക്കിയ കീജേയ് വിളികളുടെയും ആരവങ്ങളുടേയുമിടയിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഷാലു ഉൾപ്പെടെയുള്ള യാത്രക്കാരും, മറ്റ് ജനങ്ങളും അക്ഷരാർത്ഥത്തിൽ ഒന്നമ്പരന്നു. ഒന്നിനെ പിറകെ ഒന്നായി ഷാലുവിന്റെ കഴുത്തിൽ അണിയിച്ച ഹാരങ്ങളും, പൊന്നാടകളും കണ്ടപ്പോൾ തടിച്ചുകൂടിയ ജനങ്ങൾക്ക് ബോധ്യമായി, ‘ഇത് ഏതോ അങ്കം ജയിച്ചുവന്ന അഭിമാന താരത്തിന് അയാളുടെ സൗഹൃദ വലയം നൽകുന്ന ആദരവാണിതെന്ന്’.

എയർപോർട്ട് കവാടത്തിൽ നൽകിയ വമ്പിച്ച സ്വീകരണത്തിന് ശേഷം, നിയുക്ത ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസിനെ നിരവധി വാഹനങ്ങളുടെ അകമ്പടികളോടുകൂടി ജിജു കുരുവിളയുടെയും (JK), ഷൈൻ ജോർജിന്റെയും ഉടമസ്ഥതയിലുള്ള പ്രശസ്‌ത മലയാളി റസ്റ്റോറന്റായ ‘മല്ലു കഫെ’ യിലേക്ക് ആനയിച്ചു.

വൈകിട്ട് ഏകദേശം എട്ട് മണിയോടുകൂടി വാഹന വ്യൂഹം റസ്റ്റോറന്റ് പാർക്കിംഗ് ലോട്ടിൽ എത്തിയപ്പോൾ, ആ സന്തോഷ നിമിഷത്തിൽ പങ്കുചേരാൻ നിരവധി ആളുകൾ കാത്തു നിന്നിരുന്നു. ഷാലുവിനെ കണ്ടയുടൻ വീണ്ടും കീജെയ് വിളികളും, ആരവങ്ങളും അന്തരീക്ഷത്തിൽ അലയടിച്ചുയർന്നു. തുടർന്ന് നടന്ന ലളിതമായ അനുമോദന ചടങ്ങിന് സുനോജ് മല്ലപ്പള്ളി, ജിജു കുരുവിള, ഷൈൻ ജോർജ്, കൊച്ചുമോൻ വയലത്ത് എന്നിവർ നേതൃത്വം നൽകി. “അമേരിക്കൻ പ്രവാസ ലോകത്തെ പ്രബുദ്ധരായ ഫോമാ പ്രവർത്തകർ ഷാലുവിൽ അർപ്പിച്ച അചഞ്ചലമായ വിശ്വാസം വോട്ടായി ഒഴുകിയെത്തുമെന്നും, വൻ ഭൂരിപക്ഷം നേടി ഷാലു വിജയിക്കുമെന്നും ഞങ്ങൾക്ക് നൂറ് ശതമാനവും ഉറപ്പായിരുന്നു”. എന്ന് സുനോജ് മല്ലപ്പള്ളി പറഞ്ഞു.

“കൺവൻഷൻ തുടങ്ങിയ വ്യാഴാഴ്ച മുതൽ പോസിറ്റിവ് എനർജി ലഭിക്കുന്ന ഇലക്ഷൻ അപ്‌ഡേഷനുകൾ അപ്പപ്പോൾ ഞങ്ങൾക്ക് നൽകിയ ബെൻസൻ വർഗീസ് പണിക്കർ, റോയി അയിരൂർ, സജു വർഗീസ് എന്നിവരോടുള്ള അകൈതവമായ നന്ദി എത്ര പറഞ്ഞാലും മതിയാവില്ല” എന്ന് കൊച്ചുമോൻ വയലത്ത് പറഞ്ഞു. ശരീരംകൊണ്ട് താൻ ഓട്ടോ വർക്ക്ഷോപ്പ് ജോലിയിൽ ആയിരുന്നുവെങ്കിലും, മനസ്സും ചിന്തകളും ഓരോ നിമിഷവും കൺവൻഷൻ നടക്കുന്ന സ്ഥലത്തായിരുന്നുവെന്ന് ‘ജെ കെ ഓട്ടോ’ ഉടമ ജിജു കുരുവിള ആശംസാ സന്ദേശത്തിൽ പറഞ്ഞു. വിനോദ്, ടിനു ചെറുകത്തറ, അലൻ ജോർജ്ജ്, ബ്ലെസ്സൻ, വിനയ്, നിധിൻ, എമിൽ, മനു, നന്ദു, സന്തോഷ്, റോയി, എന്നിവരും ആശംസകൾ അറിയിച്ചവരിൽ ഉൾപ്പെടുന്നു.

“പണത്തിനും, പ്രതാപത്തിനും, സ്ഥാനമാനങ്ങൾക്കുമപ്പുറമാണ് ആത്മാർത്ഥതയുള്ള സൗഹൃദങ്ങൾ. അങ്ങനെവച്ച് നോക്കുമ്പോൾ ഞാൻ ഏറ്റവും വലിയ ഭാഗ്യവാനാണ്. ഈ സൗഹൃദങ്ങളാണ് എന്റെ ശക്തി. ഈ കറയറ്റ സൗഹൃദങ്ങളാണ് എന്റെ പ്രവർത്തന മേഖലയിലെ വിജയം. ഈ സൗഹൃദങ്ങളാണ് പ്രവാസ ലോകത്തെ എന്റെ ഏറ്റവും മികച്ച സമ്പാദ്യം. ഇലക്ഷനിൽ ഒരു സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കാൻ തീരുമാനിച്ച നിമിഷം മുതൽ ഈ നിമിഷം വരെ എന്നെ വിജയിപ്പിക്കുവാൻ എന്നോടൊപ്പം നിന്ന ഒരുപാട് കൂടപ്പിറപ്പുകൾപോലെയുള്ള സുഹൃത്തുക്കൾ എനിക്കുണ്ട്. അതിൽ, എനിക്കുവേണ്ടി പ്രചരണ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തവരുണ്ട്, എനിക്കുവേണ്ടി പലരോടും വോട്ട് ചോദിച്ചവരുണ്ട്, വോട്ടുകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള മനോഹരങ്ങളായ ഇലക്ഷൻ പോസ്റ്ററുകൾ നിർമ്മിച്ച് സോഷ്യൽ മീഡിയാ വഴി ആളുകളിൽ എത്തിച്ച പലരുമുണ്ട്.. ആരുടേയും പേര് എടുത്തു പറയുന്നില്ല. അവർ എല്ലാം എന്നും എന്റെ ഉള്ളിൽ മങ്ങാതെ, മായാതെ എക്കാലവും എന്നോടൊപ്പം ഉണ്ടാവും. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസവും, സ്നേഹവും, കരുതലും നഷ്ടപ്പെടാതെ എക്കാലവും ഞാൻ സൂക്ഷിക്കും. ഫോമയുടെ ഉന്നമനത്തിനുവേണ്ടി നിങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കും. എനിക്ക് വോട്ടു നൽകി വിജയിപ്പിച്ചവർക്കും, അതിനായ് പ്രവർത്തിച്ചവർക്കും, വിജയത്തിനായി പ്രാർത്ഥിച്ചവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി പറയുന്നു”- ഷാലു തന്റെ മറുപടി പ്രസംഗത്തിൽ വികാരാധീതനായി. മല്ലു കഫെ തയ്യാറാക്കിയ സ്വാദിഷ്ടമായ ഡിന്നറോടുകൂടി സ്വീകരണ പരിപാടികൽ അവസാനിച്ചു.

വാർത്ത: സജു വർഗീസ് (ലെൻസ്മാൻ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments