Tuesday, January 7, 2025
Homeകായികംപാരീസില്‍ ഇന്ന് കൊടിയിറക്കം, ഒന്നാം സ്ഥാനത്തിനായി അമേരിക്ക ചൈന ഇഞ്ചോടിഞ്ച് പോരാട്ടം; ഇന്ത്യ 71-ാമത്.

പാരീസില്‍ ഇന്ന് കൊടിയിറക്കം, ഒന്നാം സ്ഥാനത്തിനായി അമേരിക്ക ചൈന ഇഞ്ചോടിഞ്ച് പോരാട്ടം; ഇന്ത്യ 71-ാമത്.

പാരീസ് : പാരിസ് ഒളിംപിക്സിന് ഇന്ന് കൊടിയിറക്കം. ഉദ്ഘാടന ചടങ്ങിൽ ലോകത്തെ വിസ്മയിപ്പിച്ച പാരിസ്, സമാപന ചടങ്ങിൽ എന്തൊക്കെ ഒളിപ്പിച്ചിട്ടുണ്ടെന്ന ആകാംക്ഷയിലാണ് കായിക ലോകം. അതിശയം, അത്ഭുതം, ആനന്ദം അങ്ങനെ പാരീസ് ലോകത്തിന് മുന്നിൽ തുറന്നുവച്ചത് ഇന്നോളം കണ്ടിട്ടില്ലാത്ത കാഴ്ചാനുഭവങ്ങൾ. പതിനഞ്ച് പകലിരവുകൾക്ക് ഇപ്പുറം കണ്ണഞ്ചിപ്പിക്കുന്നൊരു സമാപനമൊരുക്കി കാത്തിരിക്കുന്നുണ്ട് സ്റ്റെഡ് ദെ ഫ്രാൻസ്. സെന്‍ നദിക്കരയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്ന സമാപന ചടങ്ങുകൾ എണ്‍പതിനായിരം പേർക്കൊരുമിച്ച് കാണാം. ഉദ്ഘാടന ചടങ്ങിലൂടെ ലോകത്തെ വിസ്മയിപ്പിച്ച തോമസ് ജോളിതന്നെയാണ് സമാപനത്തിനും ദൃശ്യാവിഷ്‌കാരമൊരുക്കുന്നത്.

ഹോളിവുഡ് താരം ടോം ക്രൂസും ബെൽജിയൻ ഗായിക ആഞ്ജലെയുമെല്ലാം താരനിബിഡമായ ആഘോഷ രാവിനെത്തും.താരങ്ങളുടെ പരേഡിനുശേഷം ഒളിംപിക് പതാക അടുത്ത വിശ്വകായിക മാമാങ്ക വേദിയായ ലൊസാഞ്ചൽസിന് കൈമാറും. ഇന്ത്യൻ സംഘത്തിന്‍റെ പതാക വാഹകരായി മലയാളി താരം പി ആർ ശ്രീജേഷും മനു ഭാക്കറും മുന്നില്‍ നിന്ന് നയിക്കും. അവസാന ദിനം ഇന്ത്യക്ക് മത്സരങ്ങളില്ല. ടോക്കിയോയിലെ ഏഴ് മെഡലെന്ന നേട്ടം ആവര്‍ത്തക്കാനായില്ലെങ്കിലും ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുമായാണ് ഇന്ത്യ പാരീസിൽ നിന്ന് മടങ്ങുന്നത്. വിനേഷ് ഫോഗട്ടിന്‍റെ അപ്പീലില്‍ അനുകൂല വിധിയുണ്ടായാല്‍ ഇന്ത്യയുടെ മഡല്‍ നേട്ടം ടോക്കിയോക്ക് ഒപ്പമെത്തും.

നിലവില്‍ മെഡൽ പട്ടികയിൽ എഴുപത്തിയൊന്നാം സ്ഥാനത്താണ് ഇന്ത്യ.വനിതകളുടെ മാരത്തൺ, സൈക്ലിംഗ്, ഗുസ്തി, വോളിബോൾ, ഹാൻഡ്ബോൾ, ബാസ്കറ്റ്ബോൾ ഇനങ്ങളിലാണ് ഇന്ന് ഫൈനൽ നടക്കുക. മെഡല്‍ പട്ടികയിലെ ഒന്നാം സ്ഥാനത്തിനായി അവസാന ദിവസവും അമേരിക്കയും ചൈനയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 39 സ്വര്‍ണവും 27 വെള്ളിയും 24 വെങ്കലുവുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 38 സ്വര്‍ണവും 42 വെള്ളിയും 42 വെങ്കലുവുമായി അമേരിക്ക തൊട്ടുപിന്നില്‍ രണ്ടാമതാണ്. പാരീസില്‍ ഇന്ന് സമാപന ചടങ്ങുകള്‍ കഴിയുന്നതോടെ മനുഷ്യ ശക്തിയുടെ ഇ‍ഞ്ചോടിഞ്ച് പോരാട്ടത്തിനായി മാനവരൊന്നിച്ച പാരിസിൽ നിന്ന് കായിക ലോകം ഇനി ലൊസാഞ്ചൽസിലേക്ക് ഉറ്റുനോക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments