ഹരിയാന:- ഹരിയാനയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ സ്വാതന്ത്ര്യദിനം മുതൽ ‘ഗുഡ് മോണിങ്’ പറയുന്നതിന് പകരം ഇനി മുതൽ ‘ജയ് ഹിന്ദ്’ മതിയെന്ന് സർക്കാർ. ഇതിനായി വിദ്യാഭ്യാസ വകുപ്പ് സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്.. വിദ്യാർത്ഥികളിൽ ദേശസ്നേഹം വളർത്തുന്നതിനായാണ് തീരുമാനം എന്നാണ് സർക്കാരിന്റെ വാദം.
വിദ്യാർത്ഥികളിൽ ദേശീയ ഐക്യവും സമ്പന്നമായ ഇന്ത്യയുടെ ചരിത്രത്തോടുള്ള ആദരവും വർദ്ധിക്കും.എല്ലാദിവസവും പറയുന്നതോടെ ഇത് പ്രചോദിപ്പിക്കപ്പെടുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
കുട്ടികൾക്കിടയിൽ ആഴത്തിൽ ദേശസ്നേഹവും ദേശീയതയെ കുറിച്ചുള്ള അഭിമാനവും വളർത്തുന്നതിന് ആണ് ഗുഡ്മോണിങ് പറയുന്നതിന് പകരം ജയ് ഹിന്ദ് മതിയെന്ന് തീരുമാനം എടുത്തിരിക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ആവിഷ്കരിച്ചതാണ് ജയ്ഹിന്ദ് എന്ന പദം .പിന്നീട് സ്വാതന്ത്ര്യത്തിനുശേഷം സായുധസേന ഇത് സ്വീകരിച്ചു.
സ്വാതന്ത്ര്യസമരസേനാനികൾ സഹിച്ച ത്യാഗങ്ങളെ അനുസ്മരിക്കാൻ ഈ ദേശസ്നേഹ ആശംസ വിദ്യാർഥികളെ സഹായിക്കും. ജയ്ഹിന്ദ് എന്നത് പ്രാദേശിക ഭാഷ സാംസ്കാരിക വ്യത്യാസങ്ങൾക്കതീതമാണ് .പതിവ് ഉപയോഗം വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കിടയിൽ ഇത് ഐക്യവും അച്ചടക്കവും വളർത്തും ഇന്ത്യയുടെ വികസനത്തിന് ക്രിയാത്മകമായി സംഭാവന ചെയ്യാൻ വിദ്യാർത്ഥികളെ ഇത് പ്രോത്സാഹിപ്പിക്കുമെന്ന് സർക്കുലറിൽ പറയുന്നു.
എന്നാൽ ഇത് നിർബന്ധമല്ലെന്നും കേവലം നിർദ്ദേശം മാത്രമാണെന്നും ആണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. ഇത് പാലിച്ചില്ലെങ്കിൽ ശിക്ഷ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.