തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി കുറഞ്ഞ പ്രീമിയം തുകയിൽ ക്യാൻസർ ചികിത്സാ പരിരക്ഷ പദ്ധതി ആരംഭിച്ചു. പരമാവധി മൂന്ന് ലക്ഷം രൂപ വരെയാണ് ക്യാൻസർ ചികിത്സ പരിരക്ഷ.
ക്യാൻസർ ചികിത്സാ ചിലവിനൊപ്പം എല്ലാ ആശുപത്രി കിടത്തി ചികിത്സയ്ക്കും ദിനംപ്രതി 2000 രൂപ വരെ ഹോസ്പിക്യാഷ് അലവൻസ്, 1500 രൂപ വരെ ഒ പി ചികിത്സാ പരിരക്ഷ, കൂടാതെ സൗജന്യ വാർഷിക ഹെൽത്ത് ചെക്ക് അപ്പ് എന്നിവ പദ്ധതിയുടെ ഭാഗമാണ്. പ്രസവ സംബന്ധം ഒഴികെയുള്ള ആശുപത്രി പ്രവേശനങ്ങൾക്ക് വർഷം പരമാവധി 20 ദിവസത്തേക്ക് പ്രതിദിന ക്യാഷ് അലവൻസ് ലഭിക്കും. ഇത് തീവ്ര പരിചരണ വിഭാഗത്തിൽ ഇരട്ടിയാണ്. 1299 രൂപ വാർഷിക പ്രീമിയത്തിന് 2000 രൂപയും, 999 രൂപ പ്രീമിയത്തിന് 1000 രൂപയുമാണ് പ്രതിദിന ക്യാഷ് അലവൻസ് ലഭിക്കുന്നത്. പോളിസി അനുവദിച്ച് 180 ദിവസത്തിന് ശേഷം ക്യാൻസർ പരിരക്ഷ ലഭിക്കും.
ഔട്ട്പേഷ്യന്റ് ചികിത്സയക്കും സ്കാനിംഗ് തുടങ്ങിയ പരിശോധനകൾക്കും പ്രതിവർഷം 1500 രൂപ വരെ പരിരക്ഷ ലഭിക്കുന്നു. കൂടാതെ എല്ലാ വർഷവും സൗജന്യമായി ഹെൽത്ത് ചെക്കപ്പും ലഭിക്കുന്നു. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് സേവിംഗ്സ് അക്കൗണ്ടുള്ള 18 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവർക്കാണ് പദ്ധതിയിൽ ചേരാനാകുക. ഇതോടൊപ്പം നിലവിൽ ലഭ്യമായ അപകട ഇൻഷുറൻസ്, തൊഴിലാളികൾക്കായുള്ള അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന, വ്യക്തികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും പോസ്റ്റ് ഓഫീസ് വഴി ലഭ്യമാണെന്ന് തിരുവനന്തപുരം നോർത്ത് ഡിവിഷൻ പോസ്റ്റൽ സീനിയർ സൂപ്രണ്ട് അറിയിച്ചു.
പദ്ധതികൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് തിരുവനന്തപുരം ജില്ലാ ബ്രാഞ്ചിൽ ബന്ധപ്പെടാം. ഫോൺ : 0471 2575720 / ippb0264@ippbonline.in.