Wednesday, January 1, 2025
Homeസ്പെഷ്യൽശുഭചിന്ത - (84) പ്രകാശഗോപുരങ്ങൾ - (60) 'അദ്ധ്യാപകൻ' ✍പി.എം.എൻ.നമ്പൂതിരി.

ശുഭചിന്ത – (84) പ്രകാശഗോപുരങ്ങൾ – (60) ‘അദ്ധ്യാപകൻ’ ✍പി.എം.എൻ.നമ്പൂതിരി.

പി.എം.എൻ.നമ്പൂതിരി.

അറിവിൻ്റെ ഭദ്രദീപം കൊളുത്തി ഇളം തലമുറയെ നേർവഴി നയിക്കേണ്ടയാളാണ് അദ്ധ്യാപകൻ. ജീവിതയാത്രയിലെ വഴിവിളക്കാണ് അദ്ധ്യാപകൻ. ഏറ്റവും ആദരണീയവും പ്രാധാന്യമേറിയതുമാണ് അദ്ധ്യാപകവൃത്തി. അറിവിനെ സ്നേഹിക്കാനും പഠിത്തത്തെ ഇഷ്ടപ്പെടാനുമുള്ള ആവേശം ഒരു ശിഷ്യനിലുണ്ടാക്കുക എന്നതാണ് അദ്ധ്യാപകൻ്റെ പ്രഥമ കർത്തവ്യം. അറിവു പകർന്നുകൊടുക്കൽ മാത്രമല്ല അദ്ധ്യാപകൻ്റെ ജോലി.അതിന് ഇക്കാലത്ത് ടി.വി യും കമ്പ്യൂട്ടറും ഇൻ്റർനെറ്റും ഒക്കെയുണ്ട്. അറിവിൻ്റെ ചക്രവാളം വികസിച്ചു കൊണ്ടേയിരിക്കുന്നു. നിൽക്കുന്ന സ്ഥലത്തുതന്നെ നിൽക്കണമെങ്കിൽപോലും ഓടിക്കൊണ്ടിരിക്കേണ്ട ഒരു പ്രക്രിയയാണ് അദ്ധ്യാപനം. അദ്ധ്യാപകൻ ജീവിതകാലം മുഴുവൻ നിത്യഹരിത വിദ്യാർത്ഥിയുമായിരിക്കണം. പണ്ട് അദ്ധ്യാപകൻ സമൂഹത്തിൽ ആരാധ്യനായിരുന്നു. വിദ്യാർത്ഥികൾക്ക് അറിവു പകരുന്നതോടൊപ്പം അവരുടെ സ്വഭാവരൂപീകരണവും തൻ്റെ ചുമതലയായി കരുതിയിരുന്നു. കുട്ടികൾക്കു പ്രചോദനമേകുന്നതാവണം അദ്ധ്യാപകൻ്റെ ജീവിതം. ആദർശവും ആചരണവും ഒന്നാകണം. ഗുരു എങ്ങനെയൊ അങ്ങനെയാവും ശിഷ്യനും. പൈപ്പുതുറക്കുമ്പോൾ ജലസംഭരണിയിലെ ജലം ഒഴുകിയെത്തുന്നു. ടാപ്പിൽക്കൂടി നല്ല ജലം ലഭിക്കണമെങ്കിൽ ടാങ്കിൽ ശുദ്ധജലം ഉണ്ടായിരിക്കണം.

അദ്ധ്യാപനം ഒരു തൊഴിലല്ല, ആദ്ധ്യാത്മിക സാധനയാണ്. നമ്മുടെ ഭാരതം പണ്ടേ ഒരു വിദ്യാഭ്യാസകേന്ദ്രമായിരുന്നു. നളന്ദ, തക്ഷശില, വിക്രമശില, മിഥില, മഗധ തുടങ്ങിയവ ലോകപ്രസിദ്ധ സർവ്വകലാശാലകളായിരുന്നു. അന്ന് അവയെ വൈജ്ഞാനിക ക്ഷേത്രങ്ങളെന്നാണ് വിളിച്ചിരുന്നത്. വിദേശത്തുനിന്നും പലരും പഠിതാക്കളായി അവിടെ എത്തിയിരുന്നു. അവിടേയ്ക്കുള്ള പ്രവേശനമാനദണ്ഡം യോഗ്യത മാത്രമായിരുന്നു. പാണാനി, ചരകൻ, കൗടില്യൻ തുടങ്ങിയവർ തക്ഷശിലയിലെ വിദ്യാർത്ഥികളും പിന്നീട് ആചാര്യന്മാരുമായിരുന്നു. അതിനു മുമ്പ് ഗുരുകുലത്തിൽ പഠിപ്പിച്ചിരുന്നത് വസിഷ്ഠൻ, വിശ്വാമിത്രൻ, സാന്ദീപനി, വ്യാസൻ തുടങ്ങിയ ആചാര്യന്മാരായിരുന്നു.

ഗുരുശിഷ്യബന്ധം പരമപാവനമായി കാത്തുസൂക്ഷിച്ച രാജമാണ് ഭാരതം. “ആചര്യദേവോ ഭവ ” എന്നതാണ് ഭക്തിമന്ത്രം. എന്നാൽ ഇക്കാലത്ത് കാലത്തിൻ്റെ കല്പടവുകളിൽ വീണുടയുകയാണ് ഗുരുശിഷ്യബന്ധം. സ്നേഹാദരങ്ങൾ നഷ്ടമായിക്കൊണ്ടിരിക്കുന്നു!! മൂല്യം മങ്ങിക്കൊണ്ടിരിക്കുന്നു!! സരസ്വതീദേവിയെ കുടിയിറക്കി.ലക്ഷ്മീദേവി വാസമുറപ്പിച്ചു. വൈദ്യവും വിദ്യയും വ്യവസായവൽക്കരിക്കപ്പെട്ടിരിക്കുകയാണ്.

നമ്മുടെ പ്രസിഡൻ്റായിരുന്ന ഡോ.രാധാകൃഷ്ണൻ ആധുനിക കാലത്തെ ഒരു മാതൃകാധ്യാപകനായിരുന്നു. അതു കൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ ജന്മദിനം അദ്ധ്യാപകദിനമായി ഇന്നും നമ്മൾ കൊണ്ടാടുന്നു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഒന്ന് ശ്രദ്ധിച്ചു നോക്കൂ! അദ്ധ്യാപനം ഒരു ജീവിതവ്രതമായി സ്വീകരിച്ച് അർപ്പണബോധമുള്ള അദ്ധ്യാപകരുണ്ടാകാതെ നമുക്ക് ഒരു ഉത്തമ വിദ്യാഭ്യാസ സമ്പ്രദായത്തിനു രൂപം കൊടുക്കുവാൻ സാധിക്കുകയില്ല. മഹാകവി കാളിദാസൻ തൻ്റെ സങ്കല്പത്തിലുള്ള ഗുരുവിനെ വർണ്ണിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

കാര്യങ്ങളൊക്കെയറിവുള്ളവനാണൊരുത്തൻ
ഓതിക്കൊടുക്കുവതിലന്യനതീവകേമൻ
ഈ രണ്ടു സിദ്ധികളുമേകനിലൊന്നുപോലെ
മേളിക്കലാ, സുകൃതി താൻ ഗുരുപുണ്യകീർത്തി.

ഒരു അദ്ധ്യാപകന് വെറും കാഴ്ച പോര.ഉൾക്കാഴ്ച തന്നെ വേണം. ധ്യാനം, ശ്രദ്ധ, മനനം, പുനർചിന്തനം ഒക്കെ പഠനത്തോടൊപ്പം ഉണ്ടാകണം. വിഷയത്തിൽ പ്രാഗല്ഭ്യം ഇല്ലാത്തവൻ അദ്ധ്യാപകനല്ല. “ശ്രുതം, ശ്രോതവും “ ക്ലാസ്സുകഴിയുമ്പോൾ കേൾക്കേണ്ടതു കേട്ടു എന്നു വിദ്യാർത്ഥിക്കു തോന്നണം. ജീവിതത്തെക്കുറിച്ച് അദ്ധ്യാപകൻ അറിഞ്ഞിരിക്കണം.പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഒരു ദീപത്തിൽനിന്നുമാത്രമേ മറ്റൊരു ദീപം കൊളുത്തുവാൻ സാധിക്കൂ.

ആശയസംക്രമണത്തിനുള്ള കഴിവും ഒരു അത്യാവശ്യ ഗുണമാണ്. ഡോ.സി .വി. രാമൻ്റെ ക്ലാസ്സിലിരുന്നിട്ടുള്ള ഭാഗ്യവന്മാരായ പഠിതാക്കൾക്ക് ഇത് മനസ്സിലാകും.എത്ര ഗഹനവും സങ്കീർണ്ണവുമായ ശാസ്ത്ര വിഷയങ്ങളെ അതീവ ലളിതമായി പറഞ്ഞു ഫലിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് അനിതരസാധാരണമായിരുന്നു.

മൂന്നാമതായി തൻ്റെ തൊഴിലിനോട് തിവ്ര ഭക്തി ഒരു അദ്ധ്യാപകന് ഉണ്ടായിരിക്കണം. അഗാധപണ്ഡിതനായാലും പറഞ്ഞു കൊടുക്കാൻ സമർത്ഥനാണെങ്കിലും ആത്മാർത്ഥത ഇല്ലെങ്കിൽ എന്തു പ്രയോജനമാണ് ഉള്ളത്? എൻ്റെ ജോലി പരിപാവനവും സർവ്വോത്തമവുമാണെന്ന് കരുതി പഠിപ്പിക്കുന്നവനാണ് യഥാർത്ഥ അദ്ധ്യാപകൻ. മറ്റൊന്നും കിട്ടാതെ അദ്ധ്യാപനത്തോടു യാതൊരു താല്പര്യവും ഇല്ലാഞ്ഞിട്ടും കോഴ കൊടുത്തു ഗുരുസ്ഥാനം നേടിയവർക്ക് അവരുടെ ജോലിയിൽ യാതൊരു ആത്മാർത്ഥതയും കാണുകയില്ല. സ്വഭാവശുദ്ധി, കാര്യപ്രാപ്തി, ആത്മാർത്ഥത ഇവയുടെ ജ്ഞാനിയായ അദ്ധ്യാപകർ പണ്ടേപ്പോലെ തന്നെ ഇപ്പോഴും ബഹുമാനിക്കപ്പെടുന്നുണ്ട്.

നാം നേടിയ വിദ്യാഭ്യാസ പുരോഗതിക്ക് ധാർമ്മികതയുടെയും സംസ്കാരത്തിൻ്റെയും പിൻബലമില്ല എന്നത് നാം ഖേദത്തോടെ സമ്മതിക്കേണ്ടിയിരിക്കുന്നു. വിദ്യകൊണ്ടറിയേണ്ടത് നാം അറിയുന്നില്ല എന്നതാണ് അതിനു കാരണം. നഷ്ടപ്പെട്ടതു വീണ്ടെടുക്കാനുള്ള യത്നത്തിനു നേതൃത്വം നൽകേണ്ടത് അദ്ധ്യാപകനാണ്. ഒന്ന് മനസ്സിലാക്കുക! ഒരു ഡോക്ടർക്കു പറ്റുന്ന തെറ്റ് ആറടി മണ്ണിൽ കുഴിച്ചുമൂടും. ഒരു വക്കീലിനു പറ്റുന്ന തെറ്റ് ആറടി ഉയരത്തിൽ തൂങ്ങി നിൽക്കും. ഒരു അദ്ധ്യാപകന് പറ്റുന്ന തെറ്റിൻ്റെ ഫലം ആറു തലമുറകൾ അനുഭവിക്കേണ്ടി വരും.

ചെയ്യുന്ന ജോലിയുടെ മഹത്ത്വത്തെക്കുറിച്ചും തങ്ങൾക്കു സമൂഹത്തിലുള്ള സ്ഥാനത്തെക്കുറിച്ചും അറിവുള്ള ഒരു അദ്ധ്യാപക സമൂഹം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

പി.എം.എൻ.നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments