Monday, January 13, 2025
Homeസ്പെഷ്യൽമഹാകവി കാളിദാസനും അദ്ദേഹത്തിന്റെ മഹാകാവ്യമായ കുമാരസംഭവത്തിന്റെ ദർശനീകതയും.

മഹാകവി കാളിദാസനും അദ്ദേഹത്തിന്റെ മഹാകാവ്യമായ കുമാരസംഭവത്തിന്റെ ദർശനീകതയും.

ശ്യാമള ഹരിദാസ്

കാളിദാസൻ രചിച്ച പ്രശസ്ത കാവ്യമാണ് “കുമാരസംഭവം”. സംസ്‌കൃത പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണിത്. പാർവ്വതി പരമേശ്വരന്മാരെ വന്ദിച്ചു കൊണ്ടാണ് ഈ കൃതി അദ്ദേഹം രചിച്ചത്. വർണ്ണനാ കുബേരനായ കാളിദാസൻ അദ്ദേഹത്തിന്റെ ഭാവനയിൽ വിരിഞ്ഞ “കുമാരസംഭവ”മെന്ന മഹാകാവ്യത്തിന്റെ പേര് സൂചിപ്പിക്കുന്നപോലെ കുമാരന്റെ സംഭവമാണ് ഈ കൃതി. സുബ്രഹ്മണ്യന്റെ ജനനത്തിലേക്ക് നയിക്കുന്ന ഭാവതീവ്രമായ ആവിഷ്ക്കാരമാണ് ഈ കാവ്യത്തിൽ നിറഞ്ഞിരിക്കുന്നത്. ഇതിൽ ആകെ പതിനേഴു സർഗ്ഗങ്ങൾ ആണ്. ഇതിൽ എട്ടു സർഗ്ഗങ്ങളിലാണ് കാളിദാസന്റെ കാവ്യ ഭാവന തിങ്ങിവിളങ്ങി നിൽക്കുന്നത്. ഈ കാവ്യലോകത്തിലെ പ്രജാ പതിയാണ് അദ്ദേഹം. കാളിദാസന്
തുല്യമായി മറ്റൊരു കവി ഇന്നുവരെ ആവിർഭവിച്ചിട്ടില്ല. പ്രസന്ന മധുരമായ ഭാഷ, അനുപമ പ്രഭയുള്ള ഉപമ, ഇതെല്ലാമാണ് കുമാരസംഭവം. ആരേയും ഭാവഗായകനാക്കാനുള്ള ആത്മ സൗന്ദര്യത്തിന്റെ ഭാവമാണ് ഈ കാവ്യം .

“കുമാരസംഭവം ” ഇതിവൃത്തം.

ഇതിൽ കാളിദാസൻ എഴുതിയ എട്ടു സർഗ്ഗങ്ങളാണുള്ളത്. ശിവപാർവ്വതി പ്രണയം
ആണ് ഇതിലെ പ്രധാന കഥാതന്തു. അദ്ദേഹം പാർവതിപരമേശ്വരന്മാരെ വന്ദിച്ചുകൊണ്ടാണ് ഈ കാവ്യം തുടങ്ങുന്നത്. ഇതിൽ ഒന്നാം സർഗ്ഗം ആരംഭിക്കുന്നത് ഹിമാലയ വർണ്ണനയോടെയാണ്. ഇതിൽ ഒന്നുമുതൽ എട്ടുവരെ പാർവ്വതിയുടെ ബാല്യ, കൗമാര, യൗവ്വനവും, വിവാഹവും, മധുവിധുവും എല്ലാം മനോഹരമായി വർണ്ണിച്ചിരിക്കുന്നു. ഒന്നാം സർഗ്ഗം ആരംഭിക്കുന്നത് ഹിമാലയ വർണ്ണനയോടെയാണ്. ഉത്തരദിക്കിനറ്റത്തു കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രങ്ങളിലേക്കിറങ്ങി, ഭൂമിയുടെ അളവുകോലെന്നപോലെ നിലകൊള്ളുന്ന പർവ്വതരാജനായ ഹിമാലയത്തെ ആദ്യ ശ്ലോകത്തിൽ പുകഴ്ത്തുന്നു. തുടർന്ന് ഹിമാലയത്തിന്റെ ഗംഭീരവും, സൗന്ദര്യവും,
ജീവധാതു സമൃദ്ധിയും അതിൽ വസിക്കുന്ന ഗന്ധർവ്വൻമാരുടേയും കിരതന്മാരുടെയും, ജീവിത സന്ദർഭങ്ങളും കവി ചിത്രീകരിക്കുന്നു. രണ്ടാം ശ്ലോകത്തിൽ കവി പറയുന്നത് സുമേരു പർവ്വതം കറവക്കാരനായി പർവ്വതങ്ങൾ കറക്കാനായി തയ്യാറായപ്പോൾ ഇതിനെ പശുക്കുട്ടിയാക്കിയാണ് ഗോരൂപം ധരിച്ച ഭൂമിയിൽ നിന്നും മഹത്തായ രത്നങ്ങളേയും, ഔഷധികളേയും, പൃഥുവിന്റെ ഉപദേശത്തോടെ കറന്നെടുത്തത്. മൂന്നാം ശ്ലോകത്തിൽ ധാരാളം രത്നങ്ങളുടെ ഉത്ഭവമായ ഇതിനു മഞ്ഞു സൗന്ദര്യ നാശം ആയില്ല. ചന്ദ്രകിരണങ്ങൾക്കിടയിൽ കളങ്കം എന്നപോലെ മുങ്ങി പോകുന്നു എന്നും, അപ്സരസ്സുകളുടെ സൗന്ദര്യ വർദ്ധക ആഭരണങ്ങൾക്ക് വേണ്ടുന്ന ധാതു ഗുണങ്ങൾ എല്ലാം മേഘത്തിൽ വിടരുന്ന പല നിറങ്ങളോടുകൂടിയ അകാലസന്ധ്യപോലെ ധാതുഗണങ്ങളെ കൊടുമുടികളെക്കൊണ്ട്‌ ഹിമാവാൻ വഹിക്കുന്നു എന്നാണ് കവി ചൂണ്ടികാണിക്കുന്നത്. നാലാം ശ്ലോകത്തിൽ മദ്ധ്യഭാഗത്ത് അരക്കെട്ടിലെ താഴ്വരകളിലൂടെ സഞ്ചരിക്കുന്ന മേഘങ്ങൾ മഴപെയ്യിക്കുമ്പോൾ ആരുടെ വെയിലുള്ള കൊടുമുടിയെ ആശ്രയിച്ചുകൊണ്ട് സിദ്ധന്മാർ ആസ്വദിക്കുന്നു എന്നാണ് കവിയുടെ നിഗമനം. ആറാം ശ്ലോകത്തിൽ കവി പറയുന്നത് യാതൊന്നിലാണോ, കാട്ടാളന്മാർ ആനകളെ കൊന്ന സിംഹങ്ങളുടെ വഴിയെ മഞ്ഞിൽ തഴുകിയ ചോരകൾ മാഞ്ഞു പോയാലും നഖ ദ്വാരങ്ങളിൽ നിന്നും ചോർന്ന രത്നങ്ങളെകൊണ്ട് അറിയുന്നു എന്നാണ് കവി ചൂണ്ടികാണിക്കുന്നത്. ഏഴാം ശ്ലോകത്തിൽ പറയുന്നത് ഇവിടെ ധാതുരസത്താൽ എഴുതപ്പെട്ടവയും, ആന തോൽ പോലെ ചുവന്നവയും ആയ ഭൂർജ്ജപത്രങ്ങൾ വിദ്യാധര സുന്ദരിമാർക്ക് കാമലേഖനങ്ങളാൽ താൻ ഉപയോഗമുള്ളതാകുന്നു എന്നാണ് കവിയുടെ നിഗമനം. എട്ടാം ശ്ലോകത്തിൽ വിവരിക്കുന്നത് യാതൊരുവനാണോ മുളയിലെ ദ്വാരങ്ങളെ തന്റെ ഗുഹയിൽ നിന്നും വരുന്ന കാറ്റിനെക്കൊണ്ട്‌ നിറച്ച് ഉറക്കെപ്പാടാൻ ആഗ്രഹിക്കുന്ന കിന്നരന്മാർക്ക് പക്കമേളമൊരുക്കാൻ ആഗ്രഹിക്കുന്നതുപോലെ എന്നാണ്. ഒൻപതാം ശ്ലോകത്തിൽ എവിടെയാണോ ആനകളാൽ കവിൾ തടത്തിലെ ചൊറിച്ചിൽ മാറ്റാനായി ഉരച്ച സരള മരങ്ങളിൽ പാൽ പൊരിഞ്ഞതിൽ നിന്ന് ഉണ്ടായ ഗന്ധം താഴ്വരകളെ സുരഭിലങ്ങളാക്കുന്നു എന്നാണ് കവി വർണ്ണിച്ചിരിക്കുന്നത്. പത്താം ശ്ലോകത്തിൽ കവി പറയുന്നത് ഇവിടെ വനിതകളോടുത്തുള്ള വനചാരികൾക്ക് ഗുഹകളാകുന്ന ഗൃഹങ്ങളിലെ പ്രകാശിക്കുന്ന ഔഷധികൾ രാത്രിയിൽ എണ്ണയില്ലാത്ത സുരത പ്രദീപങ്ങളാകുന്നു എന്നതിനോടാണ് കാളിദാസൻ ഉപമിക്കുന്നത്. ഇത്രയും ശ്ലോകങ്ങളാണ് ഇവിടെ ഹിമാലയ വർണ്ണനയിലൂ ടെ സമർപ്പിക്കുന്നത്.

സതിയുടെ ഉത്ഭവവും യാഗാഗ്നി പ്രവേശനവും.

ഒരിക്കൽ ദക്ഷപ്രജാപതി ദേവ മന്ദാകിനിയിൽ സ്നാനം ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു വിരിഞ്ഞ താമരപ്പൂവിൽ കൗതുകമുള്ള ഒരു പെൺ പൈതൽ ശയിക്കുന്നതു കണ്ടു. അദ്ദേഹം അതിനെ എടുത്ത് ചുംബിച്ചു വാത്സല്യപൂർവ്വം തന്റെ മകളായി വളർത്തി. സതി എന്ന് ആ കുഞ്ഞിന് നാമകരണം ചെയ്തു. സാക്ഷാൽ ദേവി പരമശിവ പത്നി ആകുവാൻ വേണ്ടിയാണ് ആകാശഗംഗയിലെ ചെന്താമരത്താരിൽ ഒരു പൈതലായി ജനിച്ചത്.

സതി വളർന്നു വലുതായപ്പോൾ അവളെ അനുരൂപനായ ഒരു യുവാവിനെക്കൊണ്ട് വേളി കഴിപ്പിക്കാൻ ദക്ഷൻ തീരുമാനിച്ചു. എന്നാൽ സദാശിവൻ തന്റെ ഭർത്താവാകണം എന്നുള്ള ആഗ്രഹത്തോടെ സതി സദാ സമയവും ശിവശങ്കരനെ തന്നെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അവളുടെ അഭിലാഷം സർവ്വജ്ഞനായ ശർവ്വൻ അറിഞ്ഞു. അങ്ങിനെ ദക്ഷൻ ഭൂമിയിലുള്ള ചക്രവർത്തി രാജാക്കന്മാരെയെല്ലാം ക്ഷണിച്ചു സതി വിവാഹം നടത്താൻ ഒരുങ്ങുന്നു. സദാ സമയവും സദാശിവനെ തന്നെ ധ്യാനിച്ചുകൊണ്ടിരിക്കുന്ന സതിയുടെ വിവാഹ പന്തലിൽ ശിവൻ പ്രത്യക്ഷപ്പെടുന്നു. ദക്ഷന്റെ പ്രതീക്ഷക്ക് വിപരീതമായി സതി ശിവന്റെ കഴുത്തിൽ വരണംമാല്യം ചാർത്തുന്നു. ഉടനെ അവർ കൈലാസത്തിലേക്ക് യാത്ര തിരിച്ചു.

കുപിതനായ ദക്ഷൻ ശിവനോടുള്ള വൈരാഗ്യത്താൽ ഉടനെ തന്നെ ഒരു യാഗം നടത്താൻ തീരുമാനിച്ചു. യാഗത്തിന് വിഷ്ണുവിനേയും, ബ്രഹ്മാവിനേയും, ഇന്ദ്രാദി സർവ്വ ദേവതകളേയും ക്ഷണിച്ചു. ശിവനേയും, സതിയേയും മാത്രം ക്ഷണിച്ചില്ല. ആ സമയം യാഗഹോത്രിയായ ദധീചി മഹർഷി ദക്ഷനോട് പറഞ്ഞു ശിവനില്ലാത്ത യാഗം യാഗമല്ല. നാകലോകത്തു നടത്തുന്ന ഈ യാഗത്തിൽ ശിവന്റെ സാന്നിധ്യം ഉണ്ടായിരിക്കണം എന്ന് അറിയിച്ചു.

ദിധിചിയുടെ അഭിപ്രായം ദക്ഷൻ പരിഹാസത്തോടെ നിരസിച്ചു. ഇവിടെ നടക്കുന്ന യാഗത്തെ കുറിച്ചുള്ള വിവരമെല്ലാം നാരദ മഹർഷി കൈലാസത്തിൽ പോയി സതിയെ അറിയിച്ചു.

തന്നേയും, ഭർത്താവിനേയും ക്ഷണിച്ചിട്ടില്ലെങ്കിലും അച്ഛൻ നടത്തുന്ന യാഗമല്ലേ, അതൊന്നു കണ്ടാൽ കൊള്ളാമെന്ന് സതിയുടെ മനതാരിൽ ആഗ്രഹമുദിച്ചു. സതി ശിവ സന്നിധിയിൽ പോയി വിവരം പറഞ്ഞു. യാഗത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹത്തേയും അറിയിച്ചു. അവിടെ പോയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുക്കളെ മുൻകൂട്ടി കണ്ടുകൊണ്ട് ശിവൻ സതിയെ പിന്തിരിപ്പിക്കുന്നു. അപമാനിതയായി ഇങ്ങോട്ട് തിരിച്ചു വരരുതെന്ന താക്കീതും കൊടുക്കുന്നു. ഇനി നിന്റെ ഇഷ്ടം എന്നും പറഞ്ഞു.

അങ്ങിനെ ശിവന്റെ വാക്ക് കേൾക്കാതെ സതി ഒറ്റക്ക് ദക്ഷമന്ദിരത്തിലേക്ക് പോയി. ശിവന്റെ ഭൂതഗണങ്ങളും അവളെ അനുഗമിച്ചു. സതി വരുന്നതുകണ്ട ദക്ഷൻ കോപിച്ചുകൊണ്ട് അവളുടെ നേരെ ഓടി ചെന്നു. അയാൾ ഗർജ്ജിച്ചുകൊണ്ട് അവളെ നോക്കി അലറി ഇനി ഒരടിപോലും മുന്നോട്ട് വെക്കരുത്. ആ ചുടലവാസിയുടെ പത്നിയായ നീ ഇവിടെ സ്പർശിച്ചാൽ ഇവിടം അശുദ്ധമാകും, ഇത് മുഴുവൻ മലിനമാകും പലവിധ ക്രൂരഭർത്സനംകൊണ്ട് ശിവനേയും, സതിയേയും അപമാനിച്ചു. അപമാനിതയായി ഇങ്ങോട്ട് തിരിച്ചു വരരുത് എന്ന ഭർത്താവിന്റെ വാക്കിനെ അവൾ ഓർത്തു. പിന്നെ ദേവി ഒന്നും ചിന്തിച്ചില്ല, ധ്യാന നിരതയായി ആത്മാവിനെ ആത്മാവിൽ ലയിപ്പിച്ചു കൊണ്ട് സതി തന്റെ ശരീരം യോഗാഗ്നിയിൽ ആത്മാ ഹൂതിചെയ്തു.

ദേവിയുടെ ദുരന്തമായ അന്തർദ്ധാനം കണ്ട് ശിവഭൂതങ്ങൾ യാഗശാലയിൽ കടന്ന് പ്രചണ്ഡതാണ്ഡവമാടി. സർവ്വതും നശിപ്പിച്ചു. അതിനിടയിൽ നാരദ മഹർഷി കൈലാസത്തിൽ ചെന്ന് സതിദേവിയുടെ യോഗാഗ്നി വൃത്താന്തം മുഴുവനും മുക്കണ്ണനെ ധരിപ്പിച്ചു. അതുകേട്ടപ്പോൾ പെട്ടെന്നുണ്ടായ കോപം കൊണ്ട് പുരാന്തകൻ തന്റെ ജടപിടിച്ചു നിലത്തിട്ടടിച്ചു. അതിൽ നിന്നും വീരഭദ്രൻ പ്രത്യക്ഷപ്പെട്ടു. അങ്ങിനെ ദക്ഷനെ വധിക്കുകയും അദ്ദേഹത്തിന്റെ തല വെട്ടിഎടുത്ത് പകരം ആടിന്റെ തലചേർത്തി വെച്ച് അവനെ ജീവിപ്പിച്ചു. യാഗാഗ്നിയിൽ എത്തിച്ചേർന്ന ശിവൻ പ്രിയതമയുടെ ശരീരം എടുത്ത് പൊട്ടിക്കരഞ്ഞു കൊണ്ട് ശിവതാണ്ഡവം തുടങ്ങി. ഇവിടെ ദക്ഷൻ മരിച്ചു കഴിഞ്ഞു. അയാളുടെ പുനർജന്മമാണ് അജമുഖൻ.

ഇനിയും ഉണ്ട്, പക്ഷെ എഴുത്ത് ഒരുപാട് ദീർഘിച്ചതിനാൽ അവസാനിപ്പിക്കുന്നു. അടുത്ത ലക്കത്തിൽ രണ്ടാം സർഗ്ഗം.

ശ്യാമള ഹരിദാസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments