Saturday, December 21, 2024
Homeഅമേരിക്കവീണ്ടും ചില കൃഷി വിശേഷങ്ങൾ✍രാജു മൈലപ്രാ

വീണ്ടും ചില കൃഷി വിശേഷങ്ങൾ✍രാജു മൈലപ്രാ

രാജു മൈലപ്രാ

മറ്റു പല കാര്യങ്ങളിലുമെന്ന പോലെ കാർഷിക മേഖലയിലും ഞാനൊരു സമ്പൂർണ്ണ പരാജയമാണെന്ന് പലതവണ തെളിയിച്ചിട്ടുള്ളതാണ്- ഇക്കാര്യത്തിൽ എനിക്കുള്ള അഭിപ്രായം തന്നെയാണ് എൻ്റെ ഭാര്യക്കും.

അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡായിലേക്കു കഴിഞ്ഞ വർഷം കിടക്കയുമെടുത്തു നടന്നപ്പോൾ, വാടിത്തുടങ്ങിയ എൻ്റെ കാർഷിക മോഹങ്ങൾ വീണ്ടും പൂവണിഞ്ഞു.

പോയ വർഷത്തെ കൃഷി എൻ്റെ ആഗ്രഹത്തോളം വളർന്നില്ലെങ്കിലും, അതു കാലം തെറ്റിയ കന്നി സംരംഭമായതുകൊണ്ട് എനിക്കു വലിയ നിരാശ തോന്നിയില്ല. ശുഭ പ്രതീക്ഷയോടെ ‘വിത്തും കൈക്കോട്ടും’ ഞാൻ വീണ്ടും കൈയിലെടുത്തു.

ജനുവരി മാസത്തിൽ തന്നെ ഞാൻ നിലമൊരുക്കി. വിദഗ്ദ‌രായ മലയാളി കർഷകരിൽ നിന്നും, ആവശ്യത്തിനുള്ള വിത്തുകളും, ആവശ്യത്തിലേറെ ഉപദേശങ്ങളും കിട്ടി. ഒരു ചാൻസ് എടുക്കണ്ട എന്നു കരുതി, ‘പ്ലാൻ ബി’ പ്രകാരം ന്യൂയോർക്കിലും, ഹൂസ്റ്റണിലുമുള്ള എൻ്റെ സുഹൃത്തുക്കളുടെ ഔദാര്യത്തിൽ പാവയ്ക്കാ, പടവലങ്ങ, വെണ്ടയ്ക്കാ തുടങ്ങിയവയുടെ നാടൻ വിത്തുകളും തപാൽ മാർഗ്ഗം വരുത്തി.

‘നമ്മളു കൊയ്യും വയലെല്ലാം
നമ്മുടെതാകും പൈങ്കിളിയേ’

എന്ന പാട്ടും മൂളിക്കൊണ്ടു വിത്തു വിതറി- ഒരു ബലത്തിനു വേണ്ടി, അയലത്തെ സായിപ്പു കാണാതെ ഒരു ചെങ്കൊടിയും നാട്ടി-

എല്ലുപൊടി, മിറക്കിൾ ഗ്രോ തുടങ്ങിയ വളങ്ങളും സംഭരിച്ചു. എന്നാൽ ഇതിനേക്കാളെല്ലാം മെച്ചം ചാണകപ്പൊടിയാണെന്ന്, കാർഷികരംഗത്ത് മികവു തെളിയിച്ചിട്ടുള്ള എന്റെ യുവസുഹൃത്ത് സജി കരിമ്പന്നൂരിന്റെ്റെ ഉപദേശം സ്വീകരിച്ച് ഞാൻ ചാണകം അന്വേഷിച്ചിറങ്ങി.

ഞാൻ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള വയലുകളിൽ വലിയ യമണ്ടൻ പശുക്കൾ മേഞ്ഞു നടക്കുന്നതു കണ്ടിട്ടുണ്ട്. എല്ലാത്തിനേയും കയറൂരി വിട്ടിരിക്കയാണ്- അവറ്റകളുടെ പിന്നാലെ ഒരു ബക്കറ്റുമായി നടന്ന് ചാണകം ശേഖരിക്കാമെന്നു വെച്ചാൽ തൊഴി ഉറപ്പ്. ഇനി അഥവാ തൊഴി കിട്ടിയില്ലെങ്കിൽത്തന്നെയും, ‘ഗൺ കൺട്രോൾ’ കാര്യമായി നടപ്പിലാക്കാത്ത ഫ്ളോറിഡയിലെ പശു ഉടമയുടെ വെടി ഉറപ്പ്.

അങ്ങിനെയിരുന്നപ്പോഴാണ്, ഇവിടെ വന്നു പരിചയപ്പെട്ട സുഹൃത്ത്, സുനിൽ വല്ലാത്തറ, സാധനം ‘ഹോം ഡിപ്പോ’ യിൽ അവയിലബിളാണെന്നുള്ള കാര്യം പറഞ്ഞത്. ഒട്ടും സമയം കളയാതെ ‘ഹോം ഡിപ്പോ’യിലേക്കു വെച്ചു പിടിച്ചു. അവിടെ ചെന്നപ്പോഴാണ് ‘ചാണകം’ എന്നതിന്റെ ഇംഗ്ലീഷ് വാക്ക് എനിക്കറിയില്ല എന്ന ബോധം ഉണ്ടായത്.

കൗ ഫെർട്ടിലൈസർ, കൗ കംപോസ്റ്റ് തുടങ്ങിയ വാക്കുകളൊക്കെ പരീക്ഷിച്ചെങ്കിലും വിജയം കണ്ടില്ല- പശുവിൻ്റെ വിസർജ്ജനത്തിനാണല്ലോ ചാണകം എന്നു പറയുന്നത്. ആ വഴിയൊന്നു പരീക്ഷിച്ചാലോ എന്നു തോന്നി.

തേടിയവള്ളി കാലിൽ ചുറ്റിയെന്നു പറഞ്ഞപോലെ, കാണാനഴകുള്ള ഒരു കറമ്പി സെയിൽസ് ഗേൾ അതുവഴി വന്നു.

‘May I help you ?’ – എന്തൊരു വിനയം! ഞാനൊന്നു പരുങ്ങി- അപ്പോഴാണ് അവരുടെ പിൻഭാഗം എന്റെ ശ്രദ്ധയിൽ പെട്ടത്- പത്ത്’ ‘ഹണിറോസുമാർ’ ഒരുമിച്ചു നിന്നാൽ പോലും അവളുടെ ഏഴയിലത്തു വരില്ലാ. കേരളത്തിലായിരുന്നെങ്കിൽ സ്വർണ്ണക്കടയുടേയും, തുണിക്കടകളുടേയും ഉദ്ഘാടനത്തിനു പോയി ഇവൾക്കു കോടികൾ സമ്പാദിക്കാമായിരുന്നല്ലോ എന്നു മനസ്സിൽ പറഞ്ഞു.

‘I need cow-?’

‘What ?’

അവളുടെ പിൻഭാഗത്തേക്കു ചൂണ്ടിക്കൊണ്ട്, ‘I need Cowshit’.

അതിനു കിട്ടിയ മറുപടി കേട്ട്, മരിച്ചു പോയ എൻ്റെ മാതാപിതാക്കളുടെ ആത്മാക്കൾ പോലും എന്നെ ശപിച്ചു കാണും.

അതിനിടയിൽ എൻ്റെ കൃഷിമോഹം അറിഞ്ഞ ഒരു സുഹൃത്ത്, ഒരു കപ്പത്തണ്ടും, വാഴവിത്തും സ‌മ്മാനിച്ചു.

‘നല്ല ഒന്നാന്തരം കപ്പയാ- പുഴുങ്ങിത്തിന്നാൽ നല്ല ഏത്തക്കായുടെ രുചിയാ-‘ തൻ്റെ കപ്പയുടെ മഹാത്മ്യത്തെ അയാൾ വർണ്ണിച്ചു.
‘എന്നാൽപ്പിന്നെ ഇത്ര കഷ്ടപ്പെടാതെ, ഏത്തക്കാ വാങ്ങി കഴിച്ചാൽപ്പോരേ?’- എന്നു ഞാൻ ചോദിച്ചത് അയാൾക്കത്ര പിടിച്ചില്ല.

പാവലും, പടവലവും മുളയ്ക്കുന്നതിനു മുമ്പുതന്നെ, അവർക്കു പടർന്നു പന്തലിക്കുവാൻ വേണ്ടി, എന്റെ ആരോഗ്യ പരിമിതിയിൽ നിന്നുകൊണ്ട്, ഞാനൊരു ‘സോമാലിയൻ’ പന്തലൊരുക്കി.

ഞാൻ കൃഷിയിറക്കിയ മാർച്ചു മുതൽ ഇതുവരെ ഈ പ്രദേശത്ത് ഒരു തുള്ളി മഴ പെയ്തിട്ടില്ല. ഏതായാലും നനഞ്ഞിറങ്ങി- രാവിലെയും വൈകീട്ടും ചിലപ്പോൾ നട്ടുച്ചക്കും ചെടിക്കു വെള്ളമടിച്ചു.

‘ഉച്ചസമയത്തു ചെടിക്കു വെള്ളമൊഴിക്കരുത്’- ഭാര്യയുടെ ഉപദേശം-
‘അതെന്താ?’
‘സൂര്യപ്രകാശത്തില്ലലേ ചെടികൾ ഭക്ഷണം പാകം ചെയ്യുന്നത്. ആ സമയത്ത് വെള്ളം ഒഴിച്ചാൽ ചെടികൾ വാടിപോകും-‘
‘ പിന്നെ-ഉച്ച സമയത്തു ചെടികൾ പൊറോട്ടയടിക്കുകയല്ലേ? ‘ഒന്നു കേറിപ്പോടി-‘ ഭാര്യയുടെ ഉപദേശം ഞാൻ ചവറ്റു കുട്ടയിലെറിഞ്ഞു-

ഒരു ദിവസം രാവിലെ സുഹൃത്ത് സണ്ണി കോന്നിയൂർ ന്യൂയോർക്കിൽ നിന്നും വിളിച്ചു- രാവിലെ എന്നാ പരിപാടി?’ പതിവു കുശലാന്വേഷണം- ‘
‘ വെള്ളമടിക്കുകയാ-‘
എന്റെ പൊന്നളിയാ- അതിരാവിലെ തുടങ്ങിയോ- കൂമ്പു വാടിപ്പോകും-‘
ചെടിക്കു വെള്ളമടിച്ചുകൊണ്ടിരുന്ന എൻ്റെ മറുപടി ദുർവ്യാഖ്യാനിക്കപ്പെട്ടു.

ഇതിനിടയിൽ ഒന്നുരണ്ടു ഉണക്ക വെണ്ടായ്ക്കായുടേയും, രണ്ടു മൂന്നു മുന്തിരിങ്ങാ വലുപ്പത്തിലുള്ള തക്കാളിയുടേയും ഒരു ഫോട്ടോ എടുത്ത് എന്റെ ഭർത്താവിന്റെ കൃഷി, എന്ന ക്യാപ്‌ഷനോടു കൂടി ഫേസ്ബുക്കിൽ, ഞാനറിയാതെ ഭാര്യ പോസ്റ്റു ചെയ്തു.
അതിനടിയിൽ ചില സാമൂഹ്യവിരുദ്ധർ അശ്ലീല കമന്റുകൾ ഇട്ടു.

വാഴത്തൈ തന്നവൻ ഒരു മാസം കഴിഞ്ഞപ്പോൾ മുതൽ വിളി തുടങ്ങി – വാഴ കിളിച്ചോ, കുലച്ചോ തുടങ്ങിയ ചോദ്യങ്ങൾ-
അയാൾ വീണ്ടും വിളിച്ചപ്പോൾ, ഞാൻ നിരാശ കലർന്ന അരിശത്തിൽ പറഞ്ഞു-
‘വാഴ കുലച്ചു-
കുറച്ചു പഴുപ്പിച്ചു
കുറേ പുഴുങ്ങി-
ബാക്കിയുള്ളത് വറുത്ത് ഉപ്പേരിയാക്കി വെച്ചിരിക്കുകയാ ഓണ സദ്യക്ക് വിളമ്പുവാൻ-‘ അതോടു കൂടി ആ സുഹൃത്ബന്ധത്തിനു തിരശ്ശീല വീണു-

‘കണ്ണീരോടെ വിതക്കുന്നവൻ, ആർപ്പോടെ കൊയ്യും’ എന്നാണ് തിരുവചനമെങ്കിലും, ഞാൻ ആർപ്പോടെ വിതച്ചത് കണ്ണീരോടെ പിഴുതു കളഞ്ഞു-

മതി മക്കളെ മതി ഇനി ഈ പണിക്കു ഞാനില്ല. ഓരോരുത്തർക്ക്, ഓരോ പണി പറഞ്ഞിട്ടുണ്ട്-അതിനപ്പുറത്തേക്ക് കടന്നാൽ പണി കിട്ടും.

രാജു മൈലപ്രാ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments