Sunday, December 22, 2024
Homeസ്പെഷ്യൽചെറുശ്ശേരി നമ്പൂതിരിയുടെ ഭാഷാരീതിയും കൃഷ്ണഗാഥ ഒന്നാം ഭാഗത്തിലെ സുഭദ്രാഹരണം എന്ന ഭാഗത്തിലെ ...

ചെറുശ്ശേരി നമ്പൂതിരിയുടെ ഭാഷാരീതിയും കൃഷ്ണഗാഥ ഒന്നാം ഭാഗത്തിലെ സുഭദ്രാഹരണം എന്ന ഭാഗത്തിലെ ദാർശനീകതയും.

ശ്യാമള ഹരിദാസ് .

ചെറുശ്ശേരി നമ്പൂതിരി സാഹിത്യത്തിലെ ഏറ്റവും പ്രമുഖമായ കവികളിൽ ഒരാളാണ്. കൃഷ്ണഗാഥയും, തുഞ്ചത്തെഴുത്തശ്ശൻ കൃതികളുമുണ്ടായ പതിനഞ്ചും പതിനാറും ശതകങ്ങളാണ് ഭാഷാചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘട്ടമെന്ന് പറയപ്പെടുന്നു. ഏഴാം ശതാബ്ദ ത്തിനൊടുവിൽ ഉത്തരകേരളത്തിൽ നമ്പൂതിരി വർഗ്ഗത്തിൽ ഒരു ഭാഷാകവിയുണ്ടായി. ആ കാലം മുതൽ മലയാളഭാഷയ്ക്ക് ഭാഗ്യോദയമായി എന്നു പറയാം. ആസ്ഥിക്യ ബോധത്താലും ഭക്തിമാർഗ്ഗ വിശ്വാസത്താലുമാണ് കൃഷ്ണഗാഥ നിർമ്മിക്കാൻ ഒരുങ്ങുന്നതെന്നകവിയുടെ പ്രസ്താവം ശ്രദ്ധേയമാണ്.

മലയാളത്തിലും സംസ്‌കൃതത്തിലും തികഞ്ഞ പാണ്ഡിത്യം കൈവന്ന ഒരു മഹാകവിക്കേ ഇത്തരത്തിലുള്ള ഒരു കാവ്യം നിർമ്മിക്കാൻ കഴിയു എന്ന് ഈ മഹാകാവ്യത്തിലെ ഭാഷാരീതി വ്യക്തനടക്കുന്നുണ്ട്. സ്വർഗ്ഗാരോഹണഘട്ടം വരെ ലാളിത്യം നൃത്തം ചെയ്യുന്ന മണിപ്രവാള ഭാഷയിൽ ഗാനം ചെയ്ത കവിയിൽ നിന്നുതന്നെ സ്വർഗ്ഗാരോഹണഘട്ടത്തിലെത്തിയപ്പോൾ തന്നത്താൻ മറന്നു കാളിദാസാദികളുടെ പ്രസന്ന മധുരമായ വൈദർഭരീതിയിലുള്ള തനി സംസ്‌കൃത ഗീതശകലങ്ങൾ വിനിർഗ്ഗമിക്കുന്നു.

ഇതെല്ലാം ഭാഗവതത്തിലുള്ളതാണ്. കവിയുടെ അനിതര സാധാരണമായ ഭാവനാവിലാസത്തിന് ഉദാഹരണങ്ങളാണ് കൃഷ്ണഗാഥയിലെ രുഗ്മണിസ്വയംവരം, സുഭദ്രാഹരണം മുതലായ ഭാഗങ്ങൾ.

സുഭദ്രാഹരണം എന്ന ഭാഗത്തിലെ ദാർശനീകത

പാണ്ഡവന്മാർ ഇന്ദ്രപ്രസ്ഥത്തിൽ താമസിക്കുന്ന കാലത്തൊരു ദിവസം നാരദമഹർഷി അവരെ സന്ദർശിച്ചു.പാഞ്ചാലി കാരണം അവർ തമ്മിൽ കലഹിക്കാതിരിക്കാൻ അദ്ദേഹം ഒരു നിബന്ധന നിർദ്ദേശിച്ചു. അവർ ഓരോരുത്തരായി ഊഴമായി, ഓരോ വർഷകാലം പഞ്ചാലിയുമായി ദാമ്പത്യബന്ധം പുലർത്തണമെന്നും അത് ലംഘിച്ചാൽ പന്ത്രണ്ട് സംവത്സരം തീർത്ഥാടനം നട ത്തണമെന്നുമായിരുന്നു നിബന്ധന. അങ്ങിനെയിരിക്കെ ഒരവസരത്തിൽ ഒരു ബ്രാഹ്മണന്റെ നിർബന്ധപ്രകാരം യുധിഷ്ഠിരനും പാഞ്ചാലിയും കഴിയുന്നേ ടത്ത് ആയുധമെടുക്കാനായി അർജ്ജുനന് പോകേണ്ടിവന്നു. അതു വ്യവസ്ഥാ ലംഘനമായി പരിഗണിച്ച് അർജ്ജുനന് പന്ത്രണ്ടുവർഷം തീർത്ഥയാത്രയുമായി കഴിയേണ്ടിവന്നു.

അപ്രകാരം അർജ്ജുനൻ ഭാരതത്തിലുള്ള പുണ്യതീർത്ഥങ്ങളിൽ സ്നാനം ചെയ്തുകൊണ്ട് സഞ്ചരിച്ച് പ്രഭാസതീർത്ഥത്തിലെത്തി. അവിടെവെച്ച് കൃഷ്ണ സഹോദരനായ ഗദനിൽനിന്നു രാമകൃഷ്ണന്മാരുടെ സഹോദരിയായ സുഭദ്രയെപ്പറ്റി കേൾക്കാനിടയായി. അവളെ ദുര്യോധനന് വിവാഹം ചെയ്തു കൊടുക്കുവാനായിരുന്നു ബാലരമന്റെ ഉദ്ദേശം. എന്നാൽ സുഭദ്രയുടെ പിതാവായ വസുദേവർക്ക് അത് ഇഷ്ടമായിരുന്നില്ല. സുഭദ്രയെപ്പറ്റിയുള്ള വിവരങ്ങൾ കേട്ടറിഞ്ഞ അർജ്ജുനന് അവളിൽ അഭിനിവേശം ഉദിച്ചു. അവളെ കൈക്കലാക്കാനുള്ള ഉപായമെന്നോണം അദ്ദേഹം ഒരു കപട സന്യാസിയുടെ വേഷത്തിൽ ദ്വാരകയിൽ പ്രവേശിച്ചു. ആർക്കും സംശയത്തിന് ഇടവരാതെ നാലുമാസക്കാലം അവിടെ താമസിച്ചു. അക്കാലത്തൊരു ദിവസം ബലരാമൻ അർജ്ജുനനെ ഭിക്ഷയ്ക്കു ക്ഷണിച്ചു. അവിടെ വെച്ച് അർജ്ജുനൻ സുഭദ്രയെ നേരിട്ടു കാണാനിടയായി. അർജ്ജുനനെ കണ്ട സുഭദ്രയ്ക്കും അർജ്ജുനനിൽ പ്രേമം അങ്കുരിച്ചു. അങ്ങിനെയിരിക്കെ ഒരു ക്ഷേത്രോത്സവവേളയിൽ സുഭദ്ര അന്തപുരത്തിൽ നിന്നും പുറത്തുവന്ന് ഒരു രഥത്തിൽ അവിടേയ്ക്ക് പുറപ്പെട്ടു. ആ അവസരത്തിൽ വാസുദേവരുടേയും ദേവകിയുടേയും ശ്രീകൃഷ്ണന്റെയും ആശിർവാദത്തോടെ അർജ്ജുനൻ അവളെ തേരിൽ തട്ടിക്കൊണ്ടുപോയി. ബന്ധു ക്കളുടെ എല്ലാം എതിർപ്പിനെ വകവെയ്ക്കാതെ അർജ്ജുനൻ അവളേയും കൊണ്ടുപോയി. അപ്പോൾ തേർ തെളിച്ച ത് സുഭദ്ര തന്നെ ആയിരുന്നത്രെ.

ഈ വിവരം അറിഞ്ഞ ബലരാമൻ ക്ഷുഭിതനായെങ്കിലും ശ്രീകൃഷ്ണന്റേയും മറ്റു സുഹൃത്തുക്കളുടേയും അനുനയപരമായ അപേക്ഷയെ മാനിച്ച് സന്തോഷത്തോടെ ആ വിവാഹത്തിനു സമ്മതിച്ചു.അദ്ദേഹം നവദമ്പതിമാർക്ക് ധാരാളം ആഭരണാദി അലങ്കാര വസ്തുക്കളും ചതുരംഗപ്പടയേയും ദാസിമാരേയും അയച്ചു കൊടുത്തു. അർജ്ജുനന് സുഭദ്രയിൽ ജനിച്ച പുത്രനാണ് അഭിമന്യു. അഭിമന്യുവിന് ഉത്തരയിൽ പരീക്ഷിത്തെന്ന പുത്രനും ഉണ്ടായി.

നോക്കു കവി ഇതിൽ സ്നേഹത്തിന്റെ രൂപഭേദങ്ങളായ പ്രേമം കരുണ എന്നീ ഭാവഭേദങ്ങളെ എത്ര മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ചേർശ്ശേരിയുടെ കൃഷ്ണഗാഥയിൽ തത്വചിന്ത,ആശയസമ്പത്ത് എന്നിവയടങ്ങിയ അതിമനോഹരവും, ഭക്തി നിറഞ്ഞൊഴുക്കുന്നതും മനസ്സിനെ അതിന്റെ പരമോന്നത തലത്തിലേക്ക് ഉയർത്തിക്കൊണ്ടു പോകുന്നതുമാണ് കൃഷ്ണഗാഥ.

ശ്യാമള ഹരിദാസ് ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments