Wednesday, December 25, 2024
Homeകേരളംജോഷിയുടെ വീട്ടിൽനിന്ന് നഷ്ടമായതെല്ലാം കണ്ടെടുത്തു; 'ബിഹാർ റോബിൻഹുഡ്' മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ.

ജോഷിയുടെ വീട്ടിൽനിന്ന് നഷ്ടമായതെല്ലാം കണ്ടെടുത്തു; ‘ബിഹാർ റോബിൻഹുഡ്’ മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ.

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ‘ബിഹാര്‍ റോബിന്‍ഹുഡ്’ മുഹമ്മദ് ഇര്‍ഫാനെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സി.ജെ.എം കോടതിയാണ് മൂന്നുദിവസത്തെ കസ്റ്റഡി അനുവദിച്ചത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്ന് പിടിയിലായ ഇര്‍ഫാനെ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് കൊച്ചിയിലെത്തിച്ചത്. അതേസമയം, ജോഷിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ സാധനങ്ങളെല്ലാം പോലീസ് കണ്ടെടുത്തു.

മുഹമ്മദ് ഇര്‍ഫാന്‍ നേരത്തെ തിരുവനന്തപുരത്ത് ജൂവലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയിട്ടുണ്ടായിരുന്നു. സമാനമായ രീതിയില്‍ കേരളത്തിലെവിടെയെങ്കിലും മറ്റ് മോഷണങ്ങളോ മോഷണശ്രമങ്ങളോ നടത്തിയിട്ടുണ്ടോയെന്ന കാര്യങ്ങള്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. ഇതിനായാണ് ഇപ്പോള്‍ കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍, എത്ര ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നല്‍കിയതെന്ന് വ്യക്തമല്ല. ആറ് സംസ്ഥാനങ്ങളിലായി ഇരുപതോളം മോഷണ കേസുകളിലെ പ്രതിയാണ് ഇയാള്‍.

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തുന്നതിന് ഏതെങ്കിലും തരത്തിലുള്ള പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും വ്യക്തമാകേണ്ടതുണ്ട്. ജോഷിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളുമടക്കം ഒരുകോടി ഇരുപത് ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷണം പോയത്. ഇതെല്ലാം പോലീസിന് കണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്.

ഏപ്രില്‍ 20-ാം തീയതിയാണ് പ്രതി ബിഹാറില്‍നിന്ന് മോഷണം നടത്താനായി കൊച്ചിയിലെത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാംസുന്ദര്‍ മാധ്യമങ്ങളോട് നേരത്തെ പറഞ്ഞു. കൊച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലകള്‍ ഇയാള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് മനസിലാക്കിയിരുന്നു. തുടര്‍ന്ന് കൊച്ചി പനമ്പിള്ളി നഗറിലെത്തുകയും ജോഷിയുടെ വീട്ടില്‍ മോഷണം നടത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments