കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഡി.വൈ.എഫ്.ഐ. നേതാക്കളും. അറസ്റ്റിലായ ആറുപേരിൽ രണ്ടുപേർ നിലവിൽ ഡി.വൈ.എഫ്.ഐയുടെ ഭാരവാഹികളാണ്.
ബോബ് നിര്‍മാണത്തിലും സ്‌ഫോടനത്തിലും പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം. ആവർത്തിക്കുമ്പോഴാണ് ഇപ്പോഴും ഡി.വൈ.എഫ്.ഐ.യിൽ ഭാരവാഹിത്വം ഉള്ള ആളുകൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടുകയും അവരുടെ അറസ്റ്റ് അടക്കം രേഖപ്പെടുത്തുകയും ചെയ്തത്. അറസ്റ്റിലായ സായൂജ് ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയാണ്. ഒളിവിലുള്ള പ്രതി ഷിജാൽ ഡി.വൈ.എഫ്.ഐ. കൂത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ്.
കേസുമായി ബന്ധപ്പെട്ട് 12 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ആറ് പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അമൽ ബാബു സി.പി.എമ്മിന്റെ കുന്നോത്ത് പറമ്പിലെ വൊളന്റിയർ ക്യാപ്റ്റനാണ്. അമൽ ബാബു നേരത്തെ ഡി.വൈ.എഫ്.ഐയുടെ മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. ഇനി അറസ്റ്റിലാകാനുള്ളത് ഷിജാലാണ്. അറസ്റ്റിലായ അതുൽ കുന്നോത്ത് പറമ്പ് ഡി.വൈ.എഫ്.ഐ. യൂണിറ്റ് മുൻ സെക്രട്ടറിയായിരുന്നു.ടി.പി. വധക്കേസിലെ പ്രതി കുന്നോത്ത്പറമ്പ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ജ്യോതി ബാബുവുമായി അടുത്ത ബന്ധമുള്ള ആളാണ് ഷിജാൽ. പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
അടുപ്പ് കൂട്ടിയപറമ്പത്ത് സബിൻലാൽ (25), കുന്നോത്ത് പറമ്പത്ത് കിഴക്കയിൽ കെ. അതുൽ (28), ചെണ്ടയാട് പാടാൻതാഴെ ഉറവുള്ളക്കണ്ടിയിൽ അരുൺ (28), മീത്തലെ കുന്നോത്ത് പറന്പത്ത് ചിറക്കണ്ടിമ്മൽ സി. സായൂജ് (24) എന്നിവരെ ശനിയാഴ്ച അറസ്റ്റു ചെയ്തിരുന്നു. ബോംബ് സ്ഫോടനത്തിൽ മരിച്ച എലിക്കൊത്തിന്റെവിട ഷരിൽ (31) ഉൾപ്പെടെ കേസിൽ 12 പ്രതികളാണുള്ളത്.