Sunday, December 22, 2024
Homeസ്പെഷ്യൽഅക്ഷരങ്ങൾ ചുരുങ്ങുന്ന കാലം (ലേഖനം) ✍ബിനോ പ്രകാശ്

അക്ഷരങ്ങൾ ചുരുങ്ങുന്ന കാലം (ലേഖനം) ✍ബിനോ പ്രകാശ്

ബിനോ പ്രകാശ്

പഴയ പെട്ടികൾ ആക്രിക്കാരന് കൊടുക്കാൻ തുറന്നു നോക്കിയപ്പോൾ നിറം മങ്ങാതെ കിടക്കുന്നു പണ്ട് ഹോസ്റ്റലിൽ നിന്നും വീട്ടിലേയ്ക്കച്ച കത്തുകൾ.
ഒന്നും കളയാതെ അമ്മ സൂക്ഷിച്ചു വെച്ചിരുന്നു.
കേന്ദ്രസർക്കാരിന്റെ ഇളം നീല നിറമുള്ള ഇൻല്ലണ്ടിൽ എഴുതിയ ആ കത്തുകൾ കണ്ടപ്പോൾ മനസ്സിൽ വല്ലാത്തോരു ഫീലിംഗ്.

” എത്രയും സ്നേഹം നിറഞ്ഞ അച്ചനും അമ്മയ്ക്കും … ” എന്ന് തുടങ്ങുന്ന വരികൾ..
അത് വായിക്കുമ്പോൾ ഹൃദയം നിറയുന്ന നിമിഷങ്ങൾ, നെഞ്ചോട് ചേർത്ത് വെച്ചു വീണ്ടും വീണ്ടും വായിക്കുന്നതും. അതിന്റെ മറുപടിയുമായി പോസ്റ്റുമാൻ വരുന്നതും നോക്കിയിരുന്ന ആ പഴയ സ്നേഹത്തിന്റെ കാലം.

എത്ര നീട്ടിഎഴുതിയാലും എന്തു മാത്രം വിവരിച്ചെഴുതിയാലും എത്ര നിറം ചേർത്ത് എഴുതിയാലും അന്ന് ആർക്കും മതിയാകുക ഇല്ലായിരുന്നു. അന്ന് സ്നേഹം സമുദ്രം പോലെയായിരുന്നു. അപ്പാപ്പനെ ചോദിച്ചെന്നു പറയണം, അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് അന്വേഷിച്ചു എന്നു പറയണം. എല്ലാരേയും അന്വേഷിച്ചുകൊണ്ടുള്ള സ്നേഹം. അറിയാവുന്നവരെയൊക്കെ പേര് പറഞ്ഞു ചോദിച്ചെഴുതിയ കാലം. അന്നൊക്കെ കത്തിന്റെ അവസാനം എന്ന് നിങ്ങളുടെ
ചക്കരകുട്ടൻ / ചക്കരക്കുട്ടി
പൊന്നുമോൻ /പൊന്നുമോൾ
ആയിരം ഉമ്മ എന്നൊക്ക എഴുതിയായിരുന്നു കത്തുകൾ നിർത്തുന്നത്.ഒരു കത്ത് വായിക്കാൻ ഒരാൾ അത് കേൾക്കാൻ കുറെ പേര്. രസമായിരുന്നു ആ സ്നേഹത്തിന്റെ ഭാഷ.

കാലം പുരോഗമിച്ചപ്പോൾ. ആധുനിക രീതി വന്നപ്പോൾ തിരക്കുകൾക്കിടയിൽ സ്നേഹം വെറും അരുവിപോലെ ചുരുങ്ങി.

” എത്രയും സ്നേഹം നിറഞ്ഞ എന്ന ആ വാക്കുകൾ ” എങ്ങും ആരും ഉപയോഗിക്കുന്നില്ല.

ആൻഡ്രോയിഡിന്റെ ലോകത്തിൽ അങ്ങനെയൊരു
സ്നേഹ പ്രകടനമില്ല.
ഓൺലൈൻ ഭാഷകൾക്ക് വെറും അക്ഷരങ്ങൾ മാത്രം.
വെറും രണ്ടോ മൂന്നോ അക്ഷരങ്ങളിൽ സ്നേഹം ഒതുങ്ങി പോകുന്നു ബന്ധങ്ങളും അങ്ങനെ തന്നെ…Good morning എന്നതിൽ തുടങ്ങി Good night ൽ അവസാനിക്കുന്നു.

എന്നാൽ ആ Good morning പോലും നന്നായി പറയാതെ
“Gm, Gmng എന്നും Good night നു പകരം Gnt Gt എന്നുമൊക്കെ ശോഷിച്ചു പോകുന്നു.

സങ്കടങ്ങൾ മറച്ചു വെച്ചിട്ട് “ഞാൻ സുഖമായിരിക്കുന്നു. നിങ്ങൾക്കും സുഖമെന്നു വിശ്വസിക്കുന്നു ” എന്നെഴുതിയ സ്ഥാനത്ത്
Are you fine ?
എന്ന് പോലും നന്നായി എഴുതാൻ ശ്രമിക്കാതെ
R u fne? എന്നായി ചോദ്യം.
കിട്ടുന്ന മറുപടിയും fine എന്ന നാല് അക്ഷരങ്ങൾ
Fne, 5ne fn എന്നിങ്ങനെ ചുരുങ്ങി പോകുന്നു.

Yes എന്നത് വെറും ‘S’ എന്ന അക്ഷരത്തിലും
Why (എന്തു കൊണ്ടു ) എന്നതിന്
‘Y’ എന്നും എഴുതുന്നു. രണ്ടെക്ഷരം കൂടുതൽ എഴുതാൻ പോലുമാർക്കും നേരമില്ല.

Brother എന്നത് ‘bro ‘ആയും
sister ‘Sis ‘ആയും ചുരുങ്ങി.
ഇനിയും ഓരോന്നു ചുരുങ്ങി കൊണ്ടിരിക്കും.

ഇപ്പോൾ ഇമോജികളും വാക്കുകളുടെ സ്ഥാനം കൈയടക്കിയിരിക്കുകയാണ്.
എന്തിനും ഏതിനും ഇമോജികളുണ്ട്.

ഒരു നമസ്കാരം പറയുവാൻ പോലും നേരമില്ലാതെയായി 🙏🏻 ഇങ്ങനെ ഒരു ഇമോജിയിൽ ഒതുങ്ങുന്ന ഇന്നത്തെ നമസ്കാരം..
കരയാനും ചിരിക്കാനും സ്നേഹം പ്രകടിപ്പിക്കാനുമെല്ലാം ഇമോജികളായി. സംസാരഭാഷയുടെ സ്ഥാനം ചുരുങ്ങി ഇമോജികൾ ഭാഷയുമായി.

നിറഞ്ഞ സ്നേഹം ഉണ്ടെങ്കിൽ അല്ലെ നീട്ടി എഴുതാൻ സാധിക്കു.
ബന്ധങ്ങളുടെയും സ്നേഹത്തിന്റെയുമൊക്കെ മൂല്യം കുറഞ്ഞപ്പോൾ അതു പ്രകടിപ്പിക്കുന്നതിന്റെയും മൂല്യം നഷ്ടമായി. യാന്ത്രീകമായ ഒരു ജീവിതം.

വരാൻ പോകുന്ന തലമുറ സ്നേഹം എന്നൊരു വികാരം ഭൂമിയിൽ ഉണ്ടായിരുന്നുവെന്ന് പാഠം പുസ്തകങ്ങളിൽ പഠിക്കുമായിരിക്കും..
‘ഹായ് ‘ യിൽ തുടങ്ങി ‘ഓക്കേ ‘ യിൽ അവസാനിക്കുന്ന ബന്ധങ്ങൾ
ഇന്നു ജീവിതത്തിലും അങ്ങനെ തന്നെ.
എന്ത് ചെയ്യാനാ സ്നേഹവും കുറഞ്ഞു. അതു പ്രകടിപ്പിക്കുന്ന വാക്കുകളും ചുരുങ്ങി…
പണത്തിനു വേണ്ടി പായുന്ന പാവകളായി മനുഷ്യർ.

ബിനോ പ്രകാശ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments