ആകാരം കൊണ്ട് ഉപകാരം ഉണ്ടാകണമെന്നില്ല.
——————————————————————
എലിശല്യം വർദ്ധിച്ചപ്പോൾ വീട്ടുടമ ഒരു പൂച്ചയെ വാങ്ങി. പക്ഷെ, അതിനേക്കൊണ്ട് ഒരു പ്രയോജനവും കിട്ടിയില്ല. അതിനെ തിരിച്ചേൽപ്പിച്ചപ്പോൾ, കച്ചവടക്കാരൻ കുറച്ചു കൂടി വലിപ്പമുള്ള മറ്റൊരു പൂച്ചയെ കൊടുത്തിട്ടു പറഞ്ഞു: ” ഇനി എലി രക്ഷപെടില്ല!” ആ പൂച്ചയേക്കൊണ്ടും, അയാൾക്കൊരു പ്രയാജനവും കിട്ടിയല്ല.
വീട്ടുടമ, ഒരു സന്യാസിയെക്കണ്ട് സങ്കടം പറഞ്ഞു. സന്യാസി അയാൾക്ക് മറ്റൊരു പൂച്ചയെ നൽകി. പ്രായം ചെന്ന് തടിച്ച ആ പൂച്ച, ഒരു സ്ഥിരം ഉറക്കക്കാരനായിരുന്നു. അതിനെ തിരിച്ചേൽപ്പിക്കാൻ ചെന്നപ്പോൾ സന്യാസി പറഞ്ഞു: “കുറച്ചു കൂടി കാത്തിരിക്കൂ” എന്നു്. പൂച്ചയെ ഒന്നിനും കൊള്ളില്ല എന്നു മനസ്സിലാക്കിയ എലി, അതിൻ്റെ മുമ്പിലൂടെ, ഓടാനും ചാടാനും തുടങ്ങി. ഒരു ദിവസം, ഉറക്കക്കാരൻ പൂച്ചയുടെ മുമ്പിൽനിന്ന് എലി നൃത്തം ചെയ്യാൻ ആരംഭിച്ചു. ശല്യം സഹിക്കാതെ, പൂച്ച കൈ നിവർത്തി ഒന്നു കൊടുത്തപ്പോൾ, ശല്യക്കാരൻ എലി കാലഗതി പ്രാപിച്ചു.
ആവശ്യങ്ങളും അവസരങ്ങളുമാണ് ഒരോരുത്തരുടേയും പ്രയോഗക്ഷമത തീരുമാനിക്കുന്നത്. ഒന്നിനും കൊള്ളാത്തവരായി ആരുമില്ല. എല്ലാറ്റിനും പറ്റിയവരായി ആരും കാണണം എന്നുമില്ല! ശരിയായ ആളുകളെ ശരിയായ സ്ഥാനത്ത് നിയോഗിക്കാൻ അറിയുന്നവർക്കു മാത്രമാണ് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുക! ഒരു നിമിഷത്തെ ആകർഷണീയ കണ്ട് നാം എടുക്കുന്ന തീരുമാനങ്ങൾ, ഒരു പക്ഷെ, ഒരു നൂറ്റാണ്ടിൻ്റെ ബാധ്യത നമുക്കു സൃഷ്ടിച്ചേക്കാം. അകലെ നിന്നപ്പോൾ, ആരാധന തോന്നിയ പലരോടും അടുത്തു കഴിയുമ്പോൾ, അകലാൻ തോന്നും. അകറ്റി നിർത്തിയിരുന്ന പലരോടും, അടുത്തു കഴിയുമ്പോൾ, ആരാധനയും.
പിരിഞ്ഞു പോകാനോ, ഒഴിവാക്കാനോ അത്ര എളുപ്പമല്ലാത്തതാണ് പല തെരെഞ്ഞെടുപ്പുകളും. ശരിയായി അറിഞ്ഞതിനു ശേഷം നടത്തുന്ന തെരെഞ്ഞെടുപ്പുകളായിരിക്കും എപ്പോഴും മെച്ചം. എല്ലാവർക്കും അവരുടേതായ നന്മകളും തിന്മകളും ഉണ്ടായിരിക്കും. അവയൊക്കെ ശരിയായി മനസ്സിലാക്കി, ചെങ്ങാത്തം കൂടുന്നതായിരിക്കും, തീർച്ചയായും ഉത്തമം. ദൈവം സഹായിക്കട്ടെ.. എല്ലാവർക്കും.
നന്മകൾ നേരുന്നു… നന്ദി, നമസ്ക്കാരം.🙏