ഇസ്ലാമബാദ്: അറസ്റ്റ് ചെയ്ത മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ പാകിസ്ഥാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കോടതിയില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇമ്രാന്‍ ഖാനെ നാളെ ഹാജരാക്കാമെന്ന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയെ അറിയിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസ് ഉമര്‍ അട്ട ബണ്ട്യാല്‍ അംഗീകരിച്ചില്ല. ഒരു മണിക്കൂറിനകം ഇമ്രാനെ കോടതിയില്‍ എത്തിക്കണമെന്ന് ഉത്തരവിട്ടു.
ഇമ്രാന്‍ അറസ്റ്റ് ചെയ്തതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇമ്രാനെ കോടതിയിലെത്തിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് കോടതിക്ക് പരിസരത്ത് വന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇമ്രാന്റെ അറസ്റ്റ് നിയമവിധേയമാണെന്ന ഇസ്ലാമബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
ഇമ്രാന്റെ അറസ്റ്റിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി വന്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്റെ തലസ്ഥാനത്ത് ഉള്‍പ്പടെ വന്‍തോതില്‍ സൈനികരെ വിന്യസിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ലാഹോറില വസതിക്ക് നേരെ ഇമ്രാന്‍ അനുകൂലികള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.
ഇമ്രാന്‍ ഖാനെ ബുധനാഴ്ച അഴിമതിവിരുദ്ധ കോടതി എട്ടുദിവസത്തേക്ക് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എന്‍.എ.ബി.) കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പാകിസ്ഥാനിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി മേഖലയില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കി. അതിര്‍ത്തികളില്‍ ബിഎസ്എഫ് അതീവജാഗ്രതാ നിര്‍ദേശം നല്‍കി.