ജൊഹാന്നസ് ബർഗ് ; സമ്പന്ന രാഷ്ട്രങ്ങൾ കൊറോണ വൈറസ് വാക്സിൻ സംഭരിച്ച് പൂഴ്ത്തി വയ്ക്കുകയാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ. ചില രാജ്യങ്ങൾ ജനസംഖ്യയുടെ നാലിരട്ടി ഡോസ് വരെ വാക്സിൻ സംഭരിച്ചു. അധികമായി സംഭരിച്ചത് അതാവശ്യമുള്ള രാജ്യങ്ങൾക്ക് വിട്ടുകൊടുക്കണമെന്നും റാമഫോസ അഭ്യർഥിച്ചു.ലോക സാമ്പത്തിക വേദിയിൽ (ഡബ്ല്യുഇഎഫ് ) ലോകസ്ഥിതി സംബന്ധിച്ച് വിർച്വൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
നാല് കോടി ജനസംഖ്യ മാത്രമുള്ള രാജ്യം 12 കോടിയോ 16 കോടിയോ ഡോസ് വാക്സിൻ സ്വന്തമാക്കേണ്ട ആവശ്യമില്ലെന്ന് റാമഫോസ പറഞ്ഞു. ചില രാജ്യങ്ങൾ ജനങ്ങൾക്ക് വാക്സിൻ നൽകുകയും മറ്റുള്ളവ നൽകാതിരിക്കുകയും ചെയ്താൽ നമ്മളാരും സുരക്ഷിതരല്ല എന്നും റാമഫോസ പറഞ്ഞു. നീതിപൂർവകമായ വാക്സിൻ വിതരണത്തിന് ലോകാരോഗ്യ സംഘടന കോവാക്സ് സംവിധാനം സ്ഥാപിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു.
അതേസമയം നീതിപൂർവകമല്ലാത്ത വാക്സിൻ വിതരണം സാമ്പത്തിക കുഴപ്പങ്ങൾക്കുള്ള സാധ്യത മൂർച്ഛിപ്പിക്കുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നൽകി. മുൻനിര മുതലാളിത്ത രാജ്യങ്ങൾ വാക്സിൻ വിതരണം ആരംഭിച്ചത് ആഗോളമായ തിരിച്ചുവരവിന്റെ പ്രതീക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയെ ആയിരിക്കും വിതരണത്തിലെ അസമത്വം കൂടുതൽ ബാധിക്കുക. പുതിയ ആഗോള ധനസ്ഥിരതാ റിപ്പോർട്ടിലാണ് മുന്നറിയിപ്പ്. ഇതിനിടെ കരാർ പ്രകാരം ഉറപ്പുനൽകിയ വാക്സിൻ നൽകുന്നത് അസ്ട്രാസെനെക്ക, ഫൈസർ ബയോൺടെക് കമ്പനികൾ വൈകിക്കുന്നതായി യൂറോപ്യൻ യൂണിയൻ (ഇയു) കുറ്റപ്പെടുത്തി. വാക്സിനുകൾ വികസിപ്പിക്കാൻ ഇയു 270 കോടി യൂറോ നൽകിയിട്ടുണ്ടെന്നും ഇനി കമ്പനികൾ ഉറപ്പ് പാലിക്കണമെന്നും ഇയു കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെവെൻ ഡബ്ല്യുഇഎഫ് വെർച്വൽ പരിപാടിയിൽ പറഞ്ഞു. യൂറോപ്പിന് ആദ്യം എന്നതല്ല ന്യായമായത് കിട്ടണം എന്നാണ് ആവശ്യം എന്ന് ജർമൻ ആരോഗ്യമന്ത്രി ഒരു ടിവി ചാനലിനോട് പറഞ്ഞു.
അമേരിക്ക 20 കോടി ഡോസ് വാക്സിൻ കൂടി ഉടൻ വാങ്ങുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. പ്രതിവാര വാക്സിൻ കുത്തിവയ്പ് 86 ലക്ഷത്തിൽ നിന്ന് ഒരുകോടിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 100 ദിവസം കൊണ്ട് 10 കോടി ആളുകൾക്ക് വാക്സിൻ നൽകലാണ് ബൈഡന്റെ ലക്ഷ്യം.