ഭീകരപ്രവര്‍ത്തനം ആരോപിച്ച് സൗദി അറേബ്യ ജയിലിലടച്ച സൗദി വനിതാവകാശ പ്രവര്‍ത്തക ലൂജെയ്ന്‍ അല്‍ ഹത്ലോള്‍ 1,001 ദിവസങ്ങള്‍ക്ക് ശേഷം മോചിതയായി. ലൂജെയ്‌നിന്റെ സഹോദരി ലിനയാണ് വാര്‍ത്ത പുറത്തുവിട്ടത്. ബന്ധുക്കളും ആഗോള അവകാശ ഗ്രൂപ്പുകളും ചേര്‍ന്ന് നടത്തിയ ക്യാമ്പയിന്‍ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ലൂജെയ്‌നിന്റെ മോചനം. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ലൂജെയ്‌നിനെ കുടുംബത്തിന് വിട്ട് നല്‍കുകയായിരുന്നു. കടുത്ത നിയന്ത്രണങ്ങളോടെയാണ് ലൂജെയ്നെ വിട്ടയച്ചിരിക്കുന്നത്. അവര്‍ ഇപ്പോഴും സ്വതന്ത്രയല്ലെന്നും ലിന പറഞ്ഞു.
പുഞ്ചിരിക്കുന്ന ലൂജെയ്‌ന്റെ ഫോട്ടോ ട്വിറ്ററില്‍ സഹോദരി ലിന പങ്കുവെച്ചു. തടങ്കലിലായതിനുശേഷം രാജ്യത്തിലെ ഏറ്റവും പ്രശസ്തയായ രാഷ്ട്രീയ തടവുകാരിയുടെ ആദ്യ ചിത്രം. ”ലൂജെയ്ന്‍ വീട്ടിലാണ് ” ഇങ്ങനെ ആയിരുന്നു സന്ദേശം. സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശത്തിനായി പോരാടിയവരില്‍ 31 കാരിയായ ലൂജൈയ്നും ഉണ്ടായിരുന്നു. ദേശീയ സുരക്ഷയുടെ കാരണങ്ങള്‍ പറഞ്ഞ് 2018 മെയിലാണ് ലൂജെയിനെ തടവിലാക്കുന്നത്. തുടര്‍ന്ന് ലൂജെയ്നെ അല്‍ ഹധ്‌ലൂലിന്റെ വിചാരണ തീവ്രവാദ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
ഒരു വിദേശ അജണ്ട മുന്നോട്ട് വച്ചതായും പൊതു ക്രമത്തിന് ഹാനികരമായ രീതിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചതായുമാണ് ഇവര്‍ക്കതിരെ ആരോപിക്കപ്പെട്ട കുറ്റം. ബൈഡന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ വന്ന മാറ്റങ്ങളാണ് ലൂജെയ്നിനെ പെട്ടെന്ന് വിട്ടയക്കാന്‍ സൗദി തീരുമാനിച്ചതിന് പിന്നിലെന്ന നിരീക്ഷണങ്ങളും പുറത്തു വരുന്നുണ്ട്.
അറസ്റ്റിനുശേഷം ലൂജെയിനിന് കടുത്ത പീഡനങ്ങളാണ് നേരിടേണ്ടിവന്നതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ചാട്ടവാറടി, ഇലക്ട്രിക് ഷോക്ക്, ലൈംഗിക പീഡനം എന്നിവ അവര്‍ക്ക് നേരിടേണ്ടി വന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.