റിപ്പോർട്ട്: സന്തോഷ് ശ്രീധർ
ദമ്മാം: രാജ്യത്തിന് പുറത്ത് പ്രാദേശിക ആസ്ഥാനമുള്ള കമ്പനികളുമായും വാണിജ്യ സ്ഥാപനങ്ങളുമായുള്ള കരാർ അവസാനിപ്പിക്കാൻ സൗദി അറേബ്യ ഉദ്ദേശിക്കുന്നതായി സർക്കാർ പ്രതിനിധിയെ ഉദ്ദരിച്ച് സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.
2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നീക്കത്തിൽ ഏജൻസികൾ, സ്ഥാപനങ്ങൾ, സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള ഫണ്ടുകൾ എന്നിവ ഉൾപ്പെടും.
കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക ചോർച്ച പരിമിതപ്പെടുത്തുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗ്യാരണ്ടി നൽകുന്നതിനും പുറമേ സൗദി സർക്കാരുമായോ അതിന്റെ ഏതെങ്കിലും ഏജൻസികൾ, സ്ഥാപനങ്ങൾ, ഫണ്ടുകൾ എന്നിവയുമായി ബന്ധപ്പെടുന്ന വിദേശ കമ്പനികൾ അവരുടെ പ്രാദേശിക ഓഫീസുകൾ റിയാദിലേക്ക് മാറ്റുന്നത് വഴി പ്രാദേശിക വൽക്കരണത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയും എന്നതാണ് ഈ തീരുമാനം ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അടുത്തിടെ നടന്ന സൗദി ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ രാജ്യ തലസ്ഥാനം ആയ റിയാദ് 2030 ഓടെ ലോകത്തിലെ ഏറ്റവും സമ്പന്ന നഗരങ്ങളിൽ ഒന്നായി പരിവർത്തിപ്പിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചിരുന്നു. അതിനെ തുടർന്ന് സ്വകാര്യ മേഖലയിലെ 24 അന്താരാഷ്ട്ര കമ്പനികൾ അവരുടെ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിട്ടിരുന്നു. കൂടുതൽ കമ്പനികളുടെ ആസ്ഥാനം റിയാദിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിയായിട്ടാണ് പുതിയ തീരുമാനത്തെ കണക്കാക്കുന്നത്.