റിപ്പോർട്ട്: സന്തോഷ് ശ്രീധർ, സൗദി
ദമ്മാം: ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള യാത്രാമദ്ധ്യേ യു. ഏ. ഇ യിൽ കുടുങ്ങിയവരിൽ ഭൂരിപക്ഷവും മലയാളികൾ ആണെന്ന് റിപ്പോർട്ട്.
കൊറോണ വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ദുബായ്, അബുദാബി വഴി സൗദിയിലേക്ക് കരമാർഗ്ഗം യാത്ര അനുവദിച്ചിരുന്നു. അതിനെ തുടർന്ന് നിരവധി മലയാളികൾ ആണ് ദുബായ് വഴി സൗദിയിൽ എത്തിയത്.
യു. ഏ. ഈ. വഴി വരുന്നവർ 14 ദിവസം അവിടെ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം കൊറോണ നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തി ഡോക്ടർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ സൗദിയിലേക്ക് പ്രവേശനനാനുമതി ഉണ്ടായിരുന്നുള്ളൂ.
88.000 മുതൽ 1ലക്ഷം രൂപ വരെ ഈടാക്കിയാണ് ട്രാവൽ ഏജൻസികൾ സൗദിയിലേക്ക് വരുന്നവർക്ക് വേണ്ട സൗകര്യം ഒരുക്കിയിരുന്നത്.

എന്നാൽ സൗദിയിൽ കൊറോണ വ്യാപന തോത് വർധിച്ചതിനാൽ ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് പ്രവേശനനാനുമതി താൽക്കാലികമായി വിലക്കുകയും കരമാർഗ്ഗം ഉൾപ്പെടെ എല്ലാ യാത്ര മാർഗ്ഗങ്ങളും അടക്കുകയും ചെയ്തതോ ടെയാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ദുബായിൽ കുടുങ്ങിയത്.
ആയിരത്തോളം യാത്രികരാണ് സൗദിയിൽ പ്രവേശിക്കാൻ ആകാതെ ദുബായ്, അബുദാബി എന്നിവിടങ്ങളിൽ ഉള്ളത്.14 ദിവസത്തെ ചെലവിനുള്ള വക മാത്രമാണ് പലരുടെയും കൈവശം ഉള്ളത്. ക്വാറന്റൈൻ കഴിഞ്ഞവരും അല്ലാത്തവരും ഇക്കൂട്ടത്തിൽ ഉണ്ട്.
യാത്ര വിലക്ക് നീളുന്ന പക്ഷം ഇവരുടെ അവസ്ഥ വീണ്ടും പരിതാപകരം ആവുമെന്നും കേരള കേന്ദ്ര സർക്കാരുകൾ ഉടനടി വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു.
