യുകെയില്‍ ക്രിസ്മസ് ആഘോഷിക്കാനായി കോവിഡ് നിയമങ്ങളില്‍ ഇളവ് ലഭിക്കും. എന്നാല്‍ പരിധിക്ക് അപ്പുറത്തേക്ക് ആഘോഷം നീളരുത്. ക്രിസ്മസ് ആഘോഷത്തിന് ഇളവുകള്‍ വേണ്ട എന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ക്രിസ്മസ് ഒത്തുകൂടലിന് സര്‍ക്കാര്‍ പച്ചക്കൊടി വീശിയത്. കൊറോണാവൈറസ് വിലക്കുകളില്‍ അഞ്ച് ദിവസത്തെ ഇളവുകള്‍ അനുവദിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെ മൂന്ന് കുടുംബങ്ങള്‍ക്കാണ് ഒരുമിച്ച് ചേരാനുള്ള അവസരം ലഭിക്കുക. അതേസയം പ്രായമായവരെയും, മറ്റ് അസുഖസാധ്യതയുള്ളവരെയും ആഘോഷങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് സൂക്ഷിച്ച് മതിയെന്ന മുന്നറിയിപ്പും ഇതോടൊപ്പമുണ്ട്.
ക്രിസ്മസിനോട് അനുബന്ധിച്ചുള്ള യാത്രകളും കൂടിച്ചേരലുകളും കഴിയുന്നതും ഒഴിവാക്കാനും തങ്ങളുടെ പ്രദേശത്ത് തന്നെ കഴിയാനും ഇതിന്റെ ഭാഗമായി അധികൃതര്‍ ജനത്തിന് കടുത്ത നിര്‍ദേശം നല്‍കുന്നതായിരിക്കും. ഇത് സംബന്ധിച്ച് ഇന്നലെ നടന്ന ചര്‍ച്ചകളില്‍ യുകെയിലെ എല്ലാ അംഗരാജ്യങ്ങളില്‍ നിന്നുമുള്ള ഒഫീഷ്യലുകളും സന്നിഹിതരായിരുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ ഇന്ന് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്മസിന് നിയമങ്ങളില്‍ ഇളവുകള്‍ അനുവദിച്ചാല്‍ രോഗം കൂടുതല്‍ പകരുമെന്ന ആശങ്കയേറിയതിനെ തുടര്‍ന്നാണ് ക്രിസ്മസ് ആഘോഷത്തിന് മേല്‍ പിടിമുറുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബബിളുകള്‍ രൂപീകരിച്ച് ക്രിസ്മസ് ആഘോഷിക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കണമെന്ന് ജനത്തിന് മുന്നറിയിപ്പേകുമെന്നുമാണ് ഒരു ഉറവിടം വെളിപ്പെടുത്തിയിരിക്കുന്നത്.
ക്രിസ്മസ് ആഘോഷ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് യുകെയിലെ നാല് അംഗരാജ്യങ്ങളും ഒരു പൊതുവായ സമീപനം സ്വീകരിക്കാനാണ് സാധ്യതയെന്നാണ് സൂചന. ഇപ്പോള്‍ തീരുമാനമായിരിക്കുന്ന ക്രിസ്മസ് നിയമങ്ങള്‍ പ്രകാരം യാത്രാ നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 23 മുതല്‍ 27 വരെ ഇളവുകള്‍ അനുവദിക്കുന്നതായിരിക്കും. കൂടാതെ മൂന്ന് വരെ കുടുംബങ്ങള്‍ക്ക് ഒരു ബബിള്‍ രൂപീകരിച്ച് ക്രിസ്മസ് ആഘോഷത്തിനായി പരസ്പരം വീടുകളിലേക്ക് പോകാനും രാത്രിയില്‍ ചെലവഴിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്.
ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിന് മുന്നോടിയായി സയന്റിഫിക്ക് അഡൈ്വസര്മാരുമായി കൂടിയാലോചന നടത്തുമെന്നാണ് നോര്‍ത്തേണ്‍ അയര്‍ലണ്ട് സര്‍ക്കാരിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നത്തെ ചര്‍ച്ചയെ തുടര്ന്നാണെടുക്കുകയെന്നാണ് വെയില്‍സ് സര്‍ക്കാരിന്റെ വക്താവ് പറയുന്നത്. നിലവില്‍ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ കര്‍ക്കശമാക്കാന്‍ സാധ്യതയുണ്ടെന്നും ഇത് സംബന്ധിച്ച അന്തിമ തീരുമാനം യുകെയിലെ മറ്റ് അംഗരാജ്യങ്ങളോട് പൊരുത്തപ്പെടുന്ന വിധത്തിലായിരിക്കുമെന്നും സ്കോട്ട്ലന്‍ഡ് ഫസ്റ്റ് മിനിസ്ററര്‍ നിക്കോള സ്റ്റുര്ജന് വെളിപ്പെടുത്തുന്നു.
അഞ്ച് ദിവസത്തെ ആഘോഷിക്കാനുള്ള ഇളവ് അപകടം ക്ഷണിച്ച് വരുത്തുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് തള്ളിയാണ് ഇംഗ്ലണ്ടില്‍ ഇളവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.