ഫൈസര്‍ വാക്സിന്റെ മൂന്ന് ഡോസ് വാക്സിന്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് ഇസ്രായേലി ഗവേഷകര്‍.
ബയോഎൻടെക്കും ഫൈസറും അവതരിപ്പിച്ചതിന് സമാനമാണ് ഗവേഷകരുടെ കണ്ടെത്തലുകള്‍. പുതുതായി കണ്ടെത്തിയ വകഭേദത്തിന്റെ അണുബാധയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് ബൂസ്റ്റർ ഡോസുകള്‍ പ്രധാനമാണ് എന്നതിന്റെ സൂചന കൂടിയായിരുന്നു ഇത്.
ഷെബ മെഡിക്കൽ സെന്ററും ആരോഗ്യ മന്ത്രാലയത്തിന്റെ സെൻട്രൽ വൈറോളജി ലബോറട്ടറിയും ചേർന്ന് നടത്തിയ പഠനത്തിൽ ആറ് മാസങ്ങള്‍ക്ക് മുന്‍പ് രണ്ട് വാക്സിൻ ഡോസുകൾ സ്വീകരിച്ച 20 പേരുടെ രക്തവും ഒരു മാസം മുന്‍പ് ബൂസ്റ്റർ ഡോസ് ലഭിച്ചവരുമായി താരതമ്യം ചെയ്തു.
“ആറ് മാസങ്ങള്‍ക്ക് മുന്‍പ് രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ച ആളുകൾക്ക് ഒമിക്രോണിനെ പ്രതിരോധിക്കാനുള്ള കഴിവില്ല. ഡെൽറ്റയെ പ്രതിരോധിക്കാന്‍ ചിലര്‍ക്ക് സാധിക്കുന്നുണ്ട്,” ഷെബയിലെ സാംക്രമിക രോഗ വിഭാഗം ഡയറക്ടർ ഗിലി റെഗെവ്-യോചയ് പറഞ്ഞു.
“ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരില്‍ ഇത് നൂറ് മടങ്ങായി വര്‍ധിക്കുന്നു എന്നതാണ് നല്ല വാർത്ത. ബൂസ്റ്റർ ഡോസിന് കാര്യമായ സംരക്ഷണമുണ്ട്. ഇത് ഡെൽറ്റയ്‌ക്കെതിരായ ന്യൂട്രലൈസേഷൻ കഴിവിനേക്കാൾ കുറവാണ്, ഏകദേശം നാലിരട്ടി,” അവർ കൂട്ടിച്ചേര്‍ത്തു.
യഥാര്‍ത്ഥ ഒമിക്രോണ്‍ വകഭേദത്തിലാണ് പരീക്ഷണം നടത്തിയതെന്ന് ഇസ്രായേല്‍ ഗവേഷകര്‍ അവകാശപ്പെടുന്നു. ഒമിക്രോണിനോട് സാമ്യമുള്ള മ്യൂട്ടേഷനുകൾ ഉള്ള ലാബില്‍ നിര്‍മിച്ച സ്യൂഡോവൈറസിലാണ് കമ്പനികള്‍ ഗവേഷണം നടത്തിയത്.