റിപ്പോർട്ട്: നിരഞ്ജൻ അഭി
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽനിന്ന് ഈ മാസം 22 മുതൽ ഇന്ത്യയിലേക്ക് എത്തുന്ന മുഴുവൻ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെ നാട്ടിലെത്തിയശേഷം ആയിരുന്നു എയർപോർട്ടിലെ കോവിഡ് പരിശോധന. ബുധനാഴ്ച പുറപ്പെടുവിച്ച പുതുക്കിയ മാർഗനിർദേശങ്ങളിൽ ആണ് കേന്ദ്ര മന്ത്രാലയത്തിന്റെ അറിയിപ്പ്. ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ വകഭേദം നിരവധി ഗൾഫ് രാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.
ഗൾഫിൽ നിന്ന് ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയർ സുവിധ പോർട്ടലിൽ (www.newdelhiairport.in)സത്യവാങ്മൂലം സമർപ്പിക്കണം. ഒപ്പം 72 മണിക്കൂറിനുള്ളിൽ എടുത്ത,കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം. ചെക് ഇൻ സമയത്ത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും, 14 ദിവസം ക്വാറന്റീനിൽ കഴിയാം എന്നുള്ള സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്യണം.
യാത്രയ്ക്ക് തൊട്ടുമുമ്പുള്ള 14 ദിവസത്തെ യാത്രാവിവരങ്ങളും ഹാജരാക്കണം. യാത്രക്കാർ നാട്ടിലെത്തുമ്പോൾ വീണ്ടും എയർപോർട്ടിൽ കോവിഡ് ടെസ്റ്റ് നടത്തണം. നെഗറ്റീവ് ആകുന്നവർ സ്വയം നിരീക്ഷണത്തിൽ 14 ദിവസം കഴിയണം. കുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ അടിയന്തര യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാകുന്നതിൽ ഇളവ് ഉണ്ടാവും.
നിരഞ്ജൻ അഭി.