റിപ്പോർട്ട്: വിവേക് പഞ്ചമൻ
അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തുന്നതിനും, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്കുമായി എല്ലാ വർഷവും ഫെബ്രുവരി 4, ലോക അർബുദദിനമായി ആചരിക്കുന്നു. അർബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ Union for International Cancer Control (UICC) ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
രണ്ടായിരമാണ്ടിലെ പാരിസ് ചാർട്ടറനുസരിച്ച്, “ദി ഇൻ്റർനാഷണൽ യൂണിയൻ എഗൈന്‍സ്റ്റു കാൻസർ” 2005 ൽ ലോക അർബുദവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പാരീസ് ചാർട്ടറാണ് എല്ലാ തുടർ വർഷങ്ങളിലെയും ഫെബ്രുവരി നാല് ലോക അർബുദ ദിനമായി തെരഞ്ഞെടുത്തത്.
2006 മുതൽ ലോക അർബുദ ദിന പ്രവർത്തനങ്ങൾ , വിവിധ പങ്കാളികൾ, ലോകാരോഗ്യ സംഘടന, ഇന്‍റർനാഷണൽ അറ്റോമിക് എനർജി ഏജൻസി , മറ്റു അന്തർദേശീയ സംഘടനകൾ എന്നിവയുമായി ഒത്തുചേർന്നു ഏകോപിപ്പിക്കുന്നത് ദി ഇന്‍റർനാഷണൽ യൂണിയൻ എഗൈന്‍സ്റ്റ് കാൻസർ ആണ്.
ഈ ദിവസം നൽകുന്ന സന്ദേശങ്ങൾ
പുകവിമുക്ത പരിസരം കുട്ടികൾക്ക് നൽകുക.
ശാരീരികമായി പ്രവർത്തനനിരതനായി, സമീകൃത, ആരോഗ്യദായകമായ ആഹാരം ശീലമാക്കി അമിതവണ്ണം ഒഴിവാക്കുക.
കരളിലും ഗർഭാശയത്തിലും അർബുദം ഉണ്ടാക്കുന്ന വൈറസ് നിയന്ത്രണ പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ച് പഠിക്കുക.
അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക .
ഇത്തരത്തിലുള്ള ആരോഗ്യ ശീലങ്ങൾ പാലിച്ച് നാൽപ്പതു ശതമാനം അർബുദങ്ങളും തടയാം