ടെഹ്‌റാന്‍ | ആണവ പദ്ധതി വിഷയത്തില്‍ സമഗ്ര സംയുക്ത ആക്ഷന്‍ പദ്ധതി (ജെ സി പി ഒ എ) പ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് പൂര്‍ണമായി വഴങ്ങാന്‍ തയാറാകണമെന്ന യു എസ് നിര്‍ദേശം ഇറാന്‍ തള്ളി. ആണവ ഉടമ്ബടിയില്‍ നിന്ന് അമേരിക്ക പിന്മാറിയ ശേഷം ‘പ്രതിവിധി നടപടികള്‍’ സ്വീകരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ഇറാന്റെ ഉയര്‍ന്ന നയതന്ത്ര വക്താവ് മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞു.
വ്യവസ്ഥകള്‍ ഇറാന്‍ അംഗീകരിച്ചാല്‍ ഉടമ്ബടിയിലേക്ക് തിരിച്ചുവരാന്‍ തയാറാണെന്ന് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്താണ് ഉടമ്ബടിയില്‍ നിന്ന് അമേരിക്ക പിന്മാറിയിരുന്നത്. 2015ല്‍ ലോകത്തെ വന്‍ ശക്തികള്‍ അംഗീകരിച്ച വ്യവസ്ഥകളിലേക്ക് മടങ്ങാന്‍ ഇറാന്‍ തയാറായാല്‍ മാത്രം യു എസ് ഉടമ്ബടിയിലേക്ക് തിരിച്ചുവരാമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കുകയായിരുന്നു.
ഏകപക്ഷീയമായ പിന്മാറലിനു ശേഷം അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ഇറാനിയന്‍ ജനതക്കുള്ള ഭക്ഷണവും മരുന്നും തടഞ്ഞുവക്കുകയും യു എന്നില്‍ തങ്ങള്‍ക്കെതിരായ പ്രമേയത്തെ അനുകൂലിക്കുകയും ചെയ്തതായി സാരിഫ് ട്വീറ്റ് ചെയ്തു. അപ്പോള്‍ പിന്നെ പ്രശ്‌ന പരിഹാരത്തിന് ആരാണ് ആദ്യ നടപടി സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ ട്രംപിന്റെ പൂര്‍ണ പരാജയം മറന്നുപോകരുത്. ജെ സി പി ഒ എ വ്യവസ്ഥകള്‍ ഇറാന്‍ ലംഘിച്ചിട്ടില്ല. മറിച്ച്, പ്രതിവിധി മാര്‍ഗങ്ങള്‍ തേടുക മാത്രമാണ് ചെയ്തത്- സാരഫി വിശദമാക്കി.