റിപ്പോർട്ട്: വിവേക് പഞ്ചമൻ
അറാര്‍: സൗദി അറേബ്യയിലെ അറാറിലെ പുതുതായി നിര്‍മിച്ച വിമാനത്താവളം വടക്കന്‍ മേഖല ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ഖലിദ് ബിന്‍ സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. സൗദി ഗതാഗത മന്ത്രിയും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജി. സ്വാലിഹ് അല്‍ജാസിര്‍, സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി അബ്ദുല്‍ഹാദി അല്‍മന്‍സൂരി, ഗതാഗത രംഗത്തെ മേധാവികളും നിരവധി ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പെങ്കടുത്തു.
പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാരെ ശേഷിയുള്ളതാണ് വിമാനത്താവളം. പതിനായിരത്തിലധികം വിമാന സര്‍വിസുകള്‍ നടത്താന്‍ സാധിക്കും. യാത്രക്കാര്‍ക്കുള്ള പ്രധാന ടെര്‍മിനലിന്റെ വലുപ്പം 14,990 ചതുരശ്ര മീറ്ററാണ്. റോയല്‍ ടെര്‍മിനലിന് 1,800 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുമുണ്ട്. ആറ് യാത്രാ ഗേറ്റുകള്‍, നാല് വിമാനങ്ങള്‍ക്ക് ഒരേ സമയം സര്‍വിസ് നടത്താനുള്ള സൗകര്യങ്ങള്‍, മുപ്പതോളം കൗണ്ടറുകള്‍, 900 ഇരിപ്പിടങ്ങള്‍ എന്നിവ വിമാനത്താവളത്തിലുണ്ട്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കെട്ടിടം, വിശാലമായ ഓഫീസ് മന്ദിരം പവര്‍ പ്ലാന്റ്, കൂളിങ് ടവര്‍, 616 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിങ് സൗകര്യം എന്നിവയും പുതിയ വിമാനത്താവളത്തിലുണ്ട്